റിപ്പോർട്ടിലെ വിശദ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പുറത്തു വരുന്നത് സംഭവത്തിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കും എന്നാണ് റെയിൽവേ ഇതിനു കാരണമായി പറയുന്നത്. എന്നാൽ റിപ്പോർട്ടിലെ ചില പ്രസക്ത ഭാഗങ്ങൾ ചില സ്രോതസുകൾ വഴി ന്യൂസ് 18 ന് ലഭിച്ചു.
“എസ് ആന്റ് ടി (സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ) വകുപ്പിലെ വീഴ്ചകളാണ് ഈ അപകടത്തിന് കാരണമായത്,” എന്ന് റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻസ് സ്റ്റാഫും സിഗ്നലിങ് സ്റ്റാഫും അപകടത്തിന് ഒരുപോലെ ഉത്തരവാദികളാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലെവൽക്രോസിങ് 94ലും ശരിയായ രീതിയിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജോലികൾ പൂർത്തിയാക്കിയ ശേഷമുള്ള സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചില്ല.
advertisement
കോറമണ്ഡൽ എക്സ്പ്രസിനു പച്ച സിഗ്നൽ നൽകിയതിനു ശേഷവും ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് ലൂപ് ലൈനിലേക്കു തന്നെ ട്രാക്ക് കണക്ട് ചെയ്തു കിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്. സിഗ്നൽ നൽകുന്നതിനു മുൻപ് ഇതു പരിശോധിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രോസ്ഓവർ 17 എ/ബിയിലെ അസാധാരണമായ സാഹചര്യത്തെക്കുറിച്ച് സ്റ്റേഷൻ മാസ്റ്റർ എസ് ആൻഡ് ടി സ്റ്റാഫിനോട് പറഞ്ഞിരുന്നെങ്കിൽ, ക്രോസ്ഓവറിനെ ഇലക്ട്രോണിക് ലോജിക്കുമായി ബന്ധിപ്പിക്കുന്ന വയറിംഗിലെ പ്രശ്നം കണ്ടെത്താനാകുമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇങ്ങനെ അപകടം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
”പാളം തെറ്റിയത് അപകടത്തിന്റെ പ്രാഥമിക കാരണം ആയിരുന്നില്ല. ആദ്യം തന്നെ അത് വ്യക്തമായിരുന്നു. ലോക്കോമോട്ടീവ് പരിശോധനയ്‌ക്ക് വിധേയമായിരുന്നില്ല. ഇത് സിആർഎസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റോളിംഗ് സ്റ്റോക്കിനോ ട്രാക്കിനോ അപകടവുമായി ബന്ധമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. എല്ലാവരും സംശയിച്ചിരുന്നതും സിഗ്നലിംഗ് സംവിധാനത്തെ മാത്രമായിരുന്നു”, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടങ്ങളിലൊന്നായ ഒഡിഷ ട്രെയിനപകടത്തെക്കുറിച്ചുള്ള അന്വേഷണച്ചുമതല ആദ്യം സിആർഎസിനാണ് നൽകിയത്. സൗത്ത് ഈസ്റ്റേൺ സർക്കിളിലെ റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിക്കായിരുന്നു അന്വേഷണ ചുമതല. തുടർന്ന് സിബിഐക്കും അന്വേഷണം കൈമാറി.
സി.ബി.ഐ അന്വേഷണം നടക്കുന്നതിനാൽ സി.ആർ.എസ് റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനോ വെളിപ്പെടുത്താനോ ഇപ്പോൾ തങ്ങൾക്ക് കഴിയില്ലെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞിരുന്നു. എങ്കിലും, സിആർഎസ് റിപ്പോർട്ട് അപകടത്തെക്കുറിച്ചുള്ള ചില ആശയങ്ങൾ ദുരീകരിച്ചെന്നും ഉടൻ നടപടിയെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.