ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ടകാലം; 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഉണ്ടായത് എങ്ങനെ?
- Published by:user_57
- news18-malayalam
Last Updated:
ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത അധ്യായമായാണ് ചരിത്രകാരന്‍മാര്‍ അടിയന്തരാവസ്ഥയെ കണക്കാക്കുന്നത്
അമേരിക്കന്‍ ചരിത്രകാരനായ ഗ്രാന്‍വില്ലെ ഓസ്റ്റിന്‍ അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ വർക്കിംഗ് ഓഫ് എ ഡെമോക്രോറ്റിക് കോൺസ്റ്റിറ്റ്യൂഷൻ (Working of a Democratic Constitution) എന്ന പുസ്തകത്തിലെഴുതിയ ഒരു വരി ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്ഥയുടെ ഭീകരമുഖം വെളിവാക്കുന്നതായിരുന്നു. 1975 ജൂണ്‍ 25ന് ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ എഡിഷനില്‍ പ്രത്യക്ഷപ്പെട്ട ഒരു വാചകമാണ് അദ്ദേഹം തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചത്. ചരമക്കുറിപ്പ് രീതിയിലായിരുന്നു ആ വാചകങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്.
“T Ruth ന്റെ ഭര്‍ത്താവും L.I.Bertieയുടെ പിതാവും, വിശ്വാസം, പ്രതീക്ഷ, നീതി എന്നിവരുടെ സഹോദരനുമായ D.E.M O’Cracy, ജൂണ്‍ 26ന് നിര്യാതനായി,” (“D.E.M O’Cracy, beloved husband of T Ruth, loving father of L.I.Bertie, brother of Faith, Hope, and Justice, expired on June 26.”) എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ച വരികള്‍. ഈ വരികളിലൂടെയാണ് ലോകം ഇന്ത്യയിലെ അടിയന്തരാവസ്ഥയെ വിലയിരുത്തിയത്.
1975ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ജനാധിപത്യ മൂല്യങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഈ ചരമക്കുറിപ്പിലൂടെ വ്യക്തമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത അധ്യായമായാണ് ചരിത്രകാരന്‍മാര്‍ അടിയന്തരാവസ്ഥയെ കണക്കാക്കുന്നത്.
advertisement
പ്രതിപക്ഷം, പത്രം, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവ രൂക്ഷമായ അടിച്ചമര്‍ത്തല്‍ നേരിട്ടതും ഇക്കാലത്തായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ വിവിധ വശങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഭരണഘടനാ വ്യവസ്ഥകൾ
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 352 അനുസരിച്ചാണ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. യുദ്ധം, വിദേശ ആക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുമെന്ന് രാഷ്ട്രപതിയ്ക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷങ്ങള്‍ – 1962, 1971, 1975
1962 ഒക്ടോബര്‍ 26നാണ് ആര്‍ട്ടിക്കിള്‍ 352 പ്രകാരം രാജ്യത്ത് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യ-ചൈന യുദ്ധ പശ്ചാത്തലത്തിലായിരുന്നു ഈ പ്രഖ്യാപനം. രണ്ടാമത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1971 ഡിസംബര്‍ മൂന്നിനായിരുന്നു. ഇന്ത്യ-പാക് യുദ്ധമായിരുന്നു ഈ അടിയന്തരാവസ്ഥയുടെ പശ്ചാത്തലം. മൂന്നാമത്തെ അടിയന്തരാവസ്ഥയാണ് 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ചത്. വിദേശ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആദ്യത്തെ രണ്ട് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. എന്നാല്‍ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് കാരണം ”ആഭ്യന്തര പ്രശ്നങ്ങൾ” ആയിരുന്നു.
advertisement
44-ാം ഭേദഗതി നിയമം
1978ലെ 44-ാം ഭേദഗതി പ്രകാരം ”ആഭ്യന്തര പ്രശ്നങ്ങൾ” (“internal disturbance”) എന്ന പദം ഭേദഗതി ചെയ്ത് ”സായുധ കലാപം” (“armed rebellion”) എന്നാക്കി മാറ്റിയിരുന്നു. നിലവില്‍ ആഭ്യന്തര പ്രശ്നങ്ങൾ എന്ന കാരണത്താല്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഫലങ്ങള്‍
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും പൗരന്‍മാരുടെ മൗലിക അവകാശങ്ങളിലുമാണ് അടിയന്തരാവസ്ഥ ഏറെ സ്വാധീനം ചെലുത്തുന്നത്. അടിയന്തരാവസ്ഥ മൗലിക അവകാശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തത നല്‍കുന്ന രണ്ട് ആര്‍ട്ടിക്കിളാണ് ആർട്ടിക്കിൾ 358 ഉം ആർട്ടിക്കിൾ 359ഉം.
advertisement
ആര്‍ട്ടിക്കിള്‍ 358 പ്രകാരമുള്ള ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ആർട്ടിക്കിൾ 19 പ്രകാരം ഭരണഘടന ഉറപ്പുനല്‍കുന്ന ആറ് മൗലിക അവകാശങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടും. ആവിഷ്‌കാര സ്വാതന്ത്ര്യം, ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യം, യൂണിയനുകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തിനുള്ളിൽ എവിടെ വേണമെങ്കിലും സ്ഥിരതാമസമാക്കാനുള്ള അവകാശം, ഏത് തൊഴിലും ചെയ്യാനുള്ള അവകാശം എന്നിവയാണ് ആര്‍ട്ടിക്കിള്‍ 19ല്‍ പറയുന്ന ആറ് മൗലിക അവകാശങ്ങള്‍.
എന്നാല്‍ യുദ്ധം, വിദേശ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അവകാശങ്ങൾ റദ്ദാക്കാന്‍ പാടുള്ളുവെന്ന് 44-ാം ഭേദഗതി നിയമത്തില്‍ എടുത്തുപറയുന്നുണ്ട്. സായുധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് ആര്‍ട്ടിക്കിള്‍ 19 റദ്ദ് ചെയ്യാനാകില്ലെന്നും ഈ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
advertisement
ആര്‍ട്ടിക്കിള്‍ 359 പ്രകാരം ദേശീയ അടിയന്തരാവസ്ഥകാലത്ത് ആർട്ടിക്കിൾ 20, 21 എന്നീ മൗലിക അവകാശങ്ങള്‍ ഒഴികെയുള്ള മറ്റ് അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി കോടതിയെ സമീപിക്കാനുള്ള പൗരന്‍മാരുടെ അവകാശം റദ്ദ് ചെയ്യാന്‍ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥ കാലത്തെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍
ആര്‍ട്ടിക്കിള്‍ 256, 257 എന്നിവയില്‍ പറയുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം മാത്രമാണ് കേന്ദ്ര കാര്യനിര്‍വ്വഹണ വിഭാഗത്തിനുള്ളത്. എന്നാല്‍ ദേശീയ അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളിലും നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര എക്‌സിക്യൂട്ടീവിന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും. ഇക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഓരോ സംസ്ഥാനവും പ്രവര്‍ത്തിക്കുക. അടിയന്തരാവസ്ഥ കാലത്ത് ലോക്‌സഭയുടെ കാലാവധി നീട്ടാനും പാര്‍ലമെന്റിന് അധികാരമുണ്ട്.
advertisement
ജുഡീഷ്യല്‍ റിവ്യൂ
1975ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ഭരണഘടനയുടെ 38-ാം ഭേദഗതി നിയമം പാസാക്കുന്നത്. ഇതുപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ 1978ലെ 44-ാം ഭേദഗതി ഈ നിയമത്തില്‍ മാറ്റം വരുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാമെന്നാണ് ഈ ഭേദഗതിയില്‍ പറഞ്ഞത്.
1980ലെ മിനര്‍വ മില്‍സ് കേസില്‍ സുപ്രീം കോടതി ഈ വസ്തുത ഊട്ടിയുറപ്പിച്ചു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനം അപ്രസക്തമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍ അവയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നായിരുന്നു സുപ്രീം കോടതി പ്രഖ്യാപിച്ചത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2023 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ടകാലം; 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഉണ്ടായത് എങ്ങനെ?