ചിദംബരം നടരാജ ക്ഷേത്രത്തിലെ ദർശന വിലക്ക്: സർക്കാർ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസ്; ആരാണ് പൊതു ദീക്ഷിതർ?

Last Updated:

ചൊവ്വാഴ്ച കടലൂര്‍ ജില്ലയിലെ ചിദംബരം ടൗണ്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തത്

ചൊവ്വാഴ്ച, ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിലെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരും സംരക്ഷകരുമായ 11 പൊതു ദീക്ഷിതര്‍ക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച കടലൂര്‍ ജില്ലയിലെ ചിദംബരം ടൗണ്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.
ജൂണ്‍ 24 മുതല്‍ ക്ഷേത്രത്തിലെ പ്രത്യേക വേദിയില്‍ നിന്ന് ഭക്തര്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ദീക്ഷിതര്‍ അനുമതി നിഷേധിച്ചിരുന്നു. നടരാജ ക്ഷേത്രത്തിലെ ആനി തിരുമഞ്ജന ഉത്സവത്തിന്റെ എട്ടാം ദിവസം മുതല്‍ അവസാന ദിവസമായ ജൂണ്‍ 27 വരെ പുണ്യവേദിയില്‍ നിന്ന് ഭക്തരെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന ഒരു ബോര്‍ഡും ഇവര്‍ പതിപ്പിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എച്ച്.ആര്‍. ആന്‍ഡ് സി.ഇ. അധികൃതര്‍ ശനിയാഴ്ച എത്തി ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദീക്ഷിതര്‍ ഇത് എതിര്‍ത്തു. ഇതേതുടര്‍ന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ എക്സിക്യൂട്ടീവ് ഓഫീസര്‍ ശരണ്യ ചിദംബരം ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊതു ദീക്ഷിതര്‍ കമ്മിറ്റി സെക്രട്ടറി ശിവരാമ ദീക്ഷിതര്‍ക്കും മറ്റ് 10 പേര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരവും തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമം പ്രകാരവും കേസെടുത്തു.
advertisement
തുടര്‍ന്ന് ചൊവ്വാഴ്ച ജില്ലാതല ഉദ്യോഗസ്ഥര്‍ ദീക്ഷിതര്‍മാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം, പൂജ ആരംഭിച്ചതിനാല്‍ ബുധനാഴ്ച മുതല്‍ മാത്രമേ പുണ്യവേദിയില്‍ നിന്ന് ഭക്തര്‍ക്ക് പ്രാര്‍ത്ഥനകൾ നടത്താന്‍ കഴിയൂ എന്ന് ദീക്ഷിതര്‍ വാദിച്ചു. എന്നിരുന്നാലും, ചൊവ്വാഴ്ച രാത്രി കുറച്ച് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയും പുണ്യവേദിയില്‍ നിന്ന് പ്രാര്‍ത്ഥന നടത്താന്‍ പോലീസ് അവരെ അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ചിദംബരം നടരാജ ക്ഷേത്രത്തിലെ പുണ്യ വേദിയില്‍ നിന്ന് ഭക്തര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ്-19 വ്യാപനം തടയുന്നതിനായി 2020 മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വരെ ദീക്ഷിതര്‍ ഭക്തരെ പുണ്യ വേദിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത് വിലക്കിയിരുന്നു.
advertisement
ചിദംബരം നടരാജ ക്ഷേത്രം എച്ച്ആര്‍ ആന്‍ഡ് സിഇയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ചൊവ്വാഴ്ച ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എച്ച്ആര്‍ ആന്‍ഡ് സിഇ മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തിനും സമുദായത്തിനോ മാത്രമായി നീക്കിവച്ചിരിക്കുന്ന ഒരു ക്ഷേത്രമായി നടരാജ ക്ഷേത്രത്തെ പ്രഖ്യാപിക്കണമെന്നാണ് പൂജാരിമാരുടെ ആഗ്രഹമെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ക്ഷേത്രം സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരും: മന്ത്രി പി.കെ. ശേഖര്‍ ബാബു
തമിഴ്നാട്ടിലെ ചിദംബരത്തെ പ്രസിദ്ധമായ നടരാജ ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള പൊതു ദീക്ഷിതര്‍ ക്ഷേത്രത്തിന്റെ ഫണ്ടുകളോ സ്വത്തുക്കളോ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തുന്നില്ല. ഈ ക്ഷേത്രം തന്റെ വകുപ്പിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബു ചൊവ്വാഴ്ച പറഞ്ഞു.
advertisement
‘ഞങ്ങള്‍ നീതിയുടെയും ഭക്തരുടെയും പക്ഷത്താണ്. എല്ലാ തടസ്സങ്ങളും ക്രമേണ തരണം ചെയ്യും, കോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുക്കും,’ മന്ത്രി ശേഖര്‍ ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാരും എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പും ചേര്‍ന്ന് പരമ്പരാഗതമായി പൂജാരിമാരുടെ നിയന്ത്രണത്തിലുള്ള കടലൂര്‍ ജില്ലയിലെ ക്ഷേത്രത്തിന്റെ നിയന്ത്രണം നേടാനുള്ള ശ്രമത്തിലാണ്. പുറത്തുനിന്ന് വരുന്ന ഭക്തരെ അറിയിക്കാനും ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് ഒഴിവാക്കാനുമാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് പൊതു ദീക്ഷിതര്‍ കമ്മിറ്റി സെക്രട്ടറി ടി എസ് ശിവരാമ ദീക്ഷിതരുടെ അഭിഭാഷകന്‍ ജി ചന്ദ്രശേഖര്‍ പറഞ്ഞു.
advertisement
200 പൂജാരിമാരുടെ ഒരു സംഘമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്. ക്ഷേത്രത്തില്‍ ലഭ്യമായ പണത്തെക്കുറിച്ചോ ശ്രീകോവിലിലെ സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കുകളെക്കുറിച്ചോ സര്‍ക്കാരിനോട് വെളിപ്പെടുത്താന്‍ ദീക്ഷിതർ നേരത്തെ തന്നെ വിസമ്മതിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
‘ദീക്ഷിതര്‍ അവര്‍ തന്നെ സൃഷ്ടിച്ച ഒരു അധികാര കേന്ദ്രത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. എച്ച്ആര്‍ ആന്‍ഡ് സിഇ നിയന്ത്രിക്കുന്ന മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ക്ഷേത്രത്തിന് സ്റ്റോക്ക് രജിസ്റ്റർ ഇല്ല. ക്ഷേത്രത്തിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
advertisement
ചിദംബരം നടരാജ ക്ഷേത്രം സംസ്ഥാന സര്‍ക്കാരല്ല, പൂജാരിമാരാണ് നിയന്ത്രിക്കുകയെന്ന് 2014ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടുള്ള തമിഴ്നാട് സര്‍ക്കാറിന്റെ 1987 ജൂലൈ മുതലുള്ള ഉത്തരവ് ‘സ്വേച്ഛാധിപത്യവും നിയമവിരുദ്ധവും അന്യായവുമാണ്’ എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് പുരോഹിതരുടെ ദുഷ്പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇടപെട്ടതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നടരാജ ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാം
തല്ലൈ നടരാജര്‍ ക്ഷേത്രം എന്നറിയപ്പെടുന്ന ചിദംബരം ക്ഷേത്രം 12-13 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. സമീപത്തെ ചതുപ്പുനിലങ്ങളില്‍ കാണപ്പെടുന്ന ഒരു തരം കണ്ടല്‍ മരത്തെയാണ് ‘തില്ലൈ’ എന്ന പേര് സൂചിപ്പിക്കുന്നത്. ‘ചിദംബരം’ എന്നാല്‍ ‘ചിദ്’ (ആകാശം) ‘അംബരം’ (വസ്ത്രം) എന്നിവ സംയോജിപ്പിച്ച് ‘ആകാശം വസ്ത്രമാക്കിയവൻ” എന്നാണ് ചിദംബരം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭഗവാന്‍ അഞ്ച് പ്രകൃതി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശിവന്‍ മൂന്ന് രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു
advertisement
നൂറ്റാണ്ടുകള്‍ക്കുമുമ്പ് തയ്യാറാക്കിയതും 1849-ല്‍ ആദ്യമായി അച്ചടിച്ചതുമായ ഒരു ക്ഷേത്രഭരണഘടനയ്ക്ക് അനുസൃതമായി ചിദംബരത്തിനു മാത്രമായുള്ള ഒരു വംശമായ പൊതു ദീക്ഷിതരാണ് വളരെക്കാലമായി ക്ഷേത്രം ഭരിക്കുന്നത്. എന്നാല്‍ പിന്നീടുണ്ടായ സര്‍ക്കാര്‍ ഉത്തരവ് ക്ഷേത്രത്തിന്റെ ഭരണം പൊതു ദീക്ഷിതരുടെ കയ്യില്‍ നിന്ന് എടുത്തുകളഞ്ഞിരുന്നു. 2014ലെ സുപ്രീം കോടതി വിധി അവര്‍ക്ക് ഭരണം തിരികെ നല്‍കി. വിധിയില്‍ കോടതി ദീക്ഷിതരെ ഒരു ‘മത വിഭാഗമായി’ അംഗീകരിക്കുകയും ഭരണകൂട ഇടപെടലില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ആരാണ് പൊതു ദീക്ഷിതര്‍?
നടരാജ ഭഗവാന്റെ നാമത്തില്‍ ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കപ്പെട്ടതായി വിശ്വസിക്കുന്ന സ്മാര്‍ത്തി ബ്രാഹ്‌മണരുടെ കുടുംബത്തിലെ പുരുഷന്മാരാണ് പൊതു ദീക്ഷിതര്‍. വിവാഹശേഷം മാത്രമേ ദീക്ഷിതര്‍ക്ക് പൂജകൾ നടത്താനും ക്ഷേത്രഭരണത്തില്‍ പങ്കുചേരാനുമുള്ള അവകാശം ലഭിക്കുകയുള്ളൂ. ചിദംബര ദീക്ഷിതര്‍ മറ്റ് ബ്രാഹ്‌മണരില്‍ നിന്ന് വ്യത്യസ്തരാണ്. അവരുടെ ജീവിതം, മതം, വിദ്യാഭ്യാസം, പരിശീലനം, സംസ്‌കാരം, ഉപജീവനം എന്നിവ നടരാജ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ്. നടരാജനെയും ചിദംബരം ക്ഷേത്രത്തെയും സേവിക്കുന്നതിനായി അവര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്.
‘ദുര്‍ഭരണം’ പരിഹരിക്കുന്നതിന് ഒരു ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും അത്തരം ഇടപെടല്‍ അനന്തമായി തുടരാന്‍ കഴിയില്ലെന്ന് 2014 ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍, മാനേജ്‌മെന്റ് അമ്പലത്തിന്റെ ചുമതല ബന്ധപ്പെട്ട വ്യക്തികള്‍ക്ക് തിരികെ നല്‍കണം. ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിയന്ത്രണം അവരുടെ ഉടമസ്ഥാവകാശങ്ങളെ ഹനിക്കുമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിന്റെ ചരിത്രം
പല്ലവര്‍, പാണ്ഡ്യന്മാര്‍, ചോളര്‍, ചേരന്‍, വിജയനഗരം, മറാത്ത തുടങ്ങിയ പ്രധാന രാജവംശങ്ങളില്‍ നിന്ന് സഹായങ്ങളും സംഭാവനകളും ലഭിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് സമ്പന്നമായ ചരിത്രമാണ് ഉള്ളത്. പരാന്തക ചോളനാണ് ശ്രീകോവിലിന് സ്വര്‍ണ്ണ മേല്‍ക്കൂര നിര്‍മ്മിച്ച് നല്‍കിയത്. ക്ഷേത്രാചാരങ്ങള്‍, ഭരണം, ഗ്രാമത്തിന്റെ ഭരണപരമായ ചുമതലകള്‍ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദീക്ഷിതര്‍ക്ക് രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ ഗ്രാമം മുഴുവന്‍ സമ്മാനമായി നല്‍കിയെന്നാണ് ഐതിഹ്യം. നടരാജ ക്ഷേത്രത്തിന്റെ അവകാശങ്ങളും പവിത്രതയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ് ദീക്ഷിതര്‍.
പത്തൊന്‍പതാം നൂറ്റാണ്ടില്‍, ഒരു സംഘം ആളുകള്‍ ക്ഷേത്ര പരിസരത്ത് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍, ദീക്ഷിതര്‍ ക്ഷേത്ര ഗോപുരത്തില്‍ കയറുകയും ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് അവര്‍ പിന്‍മാറുകയായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷ് സര്‍ക്കാരും റെഗുലേഷന്‍ ആക്ടിലൂടെ ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍, 1891-ലെ ഹിന്ദു റിലീജിയസ് എന്‍ഡോവ്മെന്റ് ബില്ലില്‍ നിന്ന് ചിദംബരം ക്ഷേത്രത്തിന് ഇളവ് നേടാനായി. 1925ല്‍ പൊതു ദീക്ഷിതര്‍ ഗവര്‍ണറോട് ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ നിന്ന് ഒഴിവാക്കാനായി അപേക്ഷിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചിദംബരം നടരാജ ക്ഷേത്രത്തിലെ ദർശന വിലക്ക്: സർക്കാർ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസ്; ആരാണ് പൊതു ദീക്ഷിതർ?
Next Article
advertisement
‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’: സുരേഷ് ഗോപി
‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’
  • തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി, ശവങ്ങളെ കൊണ്ട് വോട്ട് ചെയ്തവരാണ് കുറ്റം പറയുന്നത്.

  • തൃശൂരിൽ പ്രചാരണത്തിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, താൻ ചെയ്യാൻ പറ്റുന്നതേ ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി.

  • "എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജിവെക്കാമെന്നും സുരേഷ് ഗോപി."

View All
advertisement