കോവിഡ് 19 കണ്ടെത്തുന്നതിന് ലഭ്യമായ പരിശോധന രീതികൾ എന്തൊക്കെയാണ്?
കോവിഡിന് കാരണമാകുന്ന വൈറസ് കണ്ടെത്തുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് രീതികൾ ആർടിപിസിആർ (RTPCR), ആന്റിജൻ ടെസ്റ്റ് (RAT) എന്നിവയാണ്.
എന്താണ് ആർടിപിസിആർ?
ആർടിപിസിആർ എന്നാൽ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ. റിയൽ ടൈം പിസിആർ എന്നും ഇത് അറിയപ്പെടുന്നു. തന്നിരിക്കുന്ന സാമ്പിളിൽ വൈറസിന്റെ സാന്നിധ്യം കൃത്യമായും കുറഞ്ഞ സമയത്തിനുള്ളിലും കണ്ടെത്തുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. ഫലം നൽകാൻ മെഷീന് 3-6 മണിക്കൂർ മാത്രമേ എടുക്കൂവെങ്കിലും ധാരാളം സാമ്പിളുകൾ പരിഗണിക്കുമ്പോൾ, റിസൾട്ട് വൈകിയേക്കാം.
advertisement
പോസിറ്റീവ്, നെഗറ്റീവ് റിപ്പോർട്ടുകൾ അർത്ഥമാക്കുന്നത് എന്ത്?
പരിശോധന ഫലം പോസിറ്റീവാണെങ്കിൽ പരിശോധനയിൽ വൈറസിനെ കണ്ടെത്തി എന്നാണ് വ്യക്തമാകുന്നത്. ഫലം നെഗറ്റീവ് എന്നാണെങ്കിൽ പരിശോധനയിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ല എന്നാണ് അർത്ഥമാക്കുന്നത്. പോസിറ്റീവ് ആർടിപിസിആർ റിപ്പോർട്ട് വൈറസിന്റെ സാന്നിധ്യമായി കണക്കാക്കപ്പെടുന്നു. എന്നാൽ നെഗറ്റീവ് റിപ്പോർട്ടാണെങ്കിലും വൈറസ് ഇല്ലെന്ന് 100% ഉറപ്പായി പറയാൻ കഴിയില്ല. അതിനാൽ ആവർത്തിച്ചുള്ള ആർടിപിസിആർ ടെസ്റ്റാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
ആർടിപിസിആർ ടെസ്റ്റിന്റെ കാര്യക്ഷമത
മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും എടുക്കുന്ന സ്രവ സാമ്പിളിൽ SARS COV 2 കണ്ടെത്തുന്നതിന് ആർടിപിസിആറിന്റെ കാര്യക്ഷമത ഏകദേശം 85% ആണ്. 100 സാമ്പിളുകളിൽ 85 സാമ്പിളുകൾ യഥാർത്ഥ നെഗറ്റീവ് ഫലം നൽകുന്നു എന്നാണ് ഇതിനർത്ഥം. 15 സാമ്പിളുകളിൽ ശരിയായ ഫലം നൽകാതിരുന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് ആവർത്തിക്കുന്നതിലൂടെ വൈറസ് കണ്ടുപിടിക്കാം. അതിനാൽ രോഗലക്ഷണമുള്ളവർ ആദ്യത്തെ ആർടിപിസിആർ റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ ഒരു തവണ കൂടി ആർടിപിസിആർ ടെസ്റ്റ് നടത്താൻ വിദഗ്ധർ ശുപാർശ ചെയ്യാറുണ്ട്.
ആർടിപിസിആർ റിപ്പോർട്ടിലെ സിടി മൂല്യം എന്താണ് അർത്ഥമാക്കുന്നത്?
സിടി എന്നാൽ സൈക്കിൾ പരിധി എന്നാണ്. സിടി മൂല്യം വൈറസ് കണ്ടെത്താനാകുന്ന സൈക്കിളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. സിടി മൂല്യം ഉയർന്നതാണെങ്കിൽ വൈറസുകളുടെ എണ്ണവും ഉയർന്നതായിരിക്കും. എന്നാൽ ഇതിന് രോഗ തീവ്രതയുമായി ബന്ധമില്ല.
എന്താണ് ആന്റിജൻ പരിശോധന അഥവാ RAT?
ആർടിപിസിആറിൽ നിന്ന് വ്യത്യസ്തമായി, ആന്റിജൻ ടെസ്റ്റിൽ ന്യൂക്ലിക് ആസിഡ് (ആർഎൻഎ) ആണ് കണ്ടെത്തുന്നത്.
ആർടിപിസിആറിനേക്കാൾ ആന്റിജൻ ടെസ്റ്റിന്റെ നേട്ടം?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വേഗത്തിലുള്ള പരിശോധനയാണ് ആന്റിജൻ ടെസ്റ്റ്. ഇത് 15-30 മിനിറ്റിനുള്ളിൽ ഫലം നൽകുന്നു. എന്നാൽ രോഗലക്ഷണമുള്ള രോഗികളിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആർടിപിസിആർ ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ട്.