ആർക്കൊക്കെ ബഹിരാകാശ യാത്ര നടത്താം?
അഞ്ച് അടി മുതൽ ആറ് അടി നാല് ഇഞ്ച് വരെ ഉയരമുള്ളവർക്കും, 50 മുതൽ 101 കിലോ വരെ ഭാരമുള്ളവർക്കും ബഹിരാകാശ യാത്ര നടത്താം. മിക്ക ആളുകളും ഈ വിഭാഗത്തിൽ പെടുന്നതിനാൽ നിരവധി പേർക്ക് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ പറക്കാൻ കഴിയുമെന്ന് സ്‌പേസ് എക്‌സിന്റെ സ്ഥാപകൻ എലോൺ മസ്‌ക് പറയുന്നു. വിർജിൻ ഗാലക്‌ടിക്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഭാവിയിലെ ബഹിരാകാശ യാത്രികർക്കായി ശാരീരിക യോഗ്യതകളുമായി ബന്ധപ്പെട്ട നിബന്ധനകളൊന്നും വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയിലൂടെയും അനുയോജ്യമായ പരിശീലനത്തിലൂടെയുമായിരിക്കും ആളുകളെ യാത്രയ്ക്കായി തയ്യാറാക്കുക.
advertisement
ബഹിരാകാശ യാത്രയ്ക്കായുള്ള ടിക്കറ്റിന്റെ വില എത്ര?
ഇത് യാത്രയുടെ കാലാവധിയെയും കമ്പനികളെയും സേവനങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഒരാഴ്ചയെടുക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് 55 മില്യൺ ഡോളർ (ഏകദേശം 400 കോടി രൂപ) ചെലവ് വരുമെന്ന് ആക്സിയം സ്പേസ് പറയുന്നു. നാസയുടെ പുതിയ സ്വകാര്യ ബഹിരാകാശ യാത്രികരുടെ ഒരാഴ്ച്ചത്തേയ്ക്കുള്ള നിരക്ക് 10 മില്യൺ ഡോളറാണ്. ഭക്ഷണത്തിനായി ഒരാൾക്ക് പ്രതിദിനം 2,000 ഡോളർ അധികമായി നൽകണം. കൂടാതെ മറ്റ് ചില ചെറിയ ഫീസുകളും ഈടാക്കും. റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ സംരംഭമായ വിർജിൻ ഗാലക്റ്റിക് സബ് ഓർബിറ്റൽ ഫ്ലൈറ്റുകൾക്ക് ഈടാക്കുന്നത് 250,000 ഡോളർ ആണ്.
ഈ യാത്രയിൽ യാത്രക്കാർക്ക് ഭൂമിയിലേക്ക് എത്തുന്നതിന് മുമ്പ് കുറച്ച് മിനിറ്റുകൾ ഭാരക്കുറവ് അനുഭവപ്പെടും. എന്നാൽ ഈ വർഷാവസാനം ടിക്കറ്റ് വിൽപ്പന വീണ്ടും തുറക്കുമ്പോൾ നിരക്ക് വർദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സബ്ഓർബിറ്റൽ ന്യൂ ഷെപ്പേർഡ് ബഹിരാകാശ പേടകത്തിലെ സീറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ ഒരു സീറ്റിനായുള്ള ഓൺലൈൻ ലേലം 3 മില്യൺ ഡോളറിലധികം കടന്നിരുന്നു. ശനിയാഴ്ച നടക്കുന്ന തത്സമയ ലേലത്തിൽ തുക ഇതിൽ കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ യാത്രയ്ക്കായുള്ള പരിശീലനം
നാസ ബഹിരാകാശയാത്രികരുടേത് പോലെയല്ല സബോർബിറ്റൽ ബഹിരാകാശ യാത്രകൾക്കുള്ള പരിശീലനം. ബഹിരാകാശ യാത്രികർക്ക് ഒരു ദിവസത്തെ പരിശീലനം മാത്രമേ ആവശ്യമുള്ളൂവെന്നാണ് ബ്ലൂ ഒറിജിൻ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. “വിക്ഷേപണത്തിന്റെ തലേദിവസം, ഒരു ബഹിരാകാശയാത്രികനെന്ന നിലയിൽ നിങ്ങളുടെ അനുഭവം പരമാവധി പ്രയോജനപ്പെടുത്താൻ അറിയേണ്ടതെല്ലാം നിങ്ങൾ പഠിക്കും.” എന്നും വെബ്സൈറ്റിൽ പറയുന്നു. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് “പ്രത്യേക മുൻ പരിചയം അല്ലെങ്കിൽ കാര്യമായ പരിശീലനവും തയ്യാറെടുപ്പും ആവശ്യമില്ലാതെ യാത്ര വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് വിർജിൻ ഗാലക്റ്റിക്കും വ്യക്തമാക്കിയിട്ടുണ്ട്.
ബഹിരാകാശ ടൂറിസം
നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. സമ്പന്നരായ ഡെന്നിസ് ടിറ്റോ, ചാൾസ് സിമോണി, അനൗഷെ അൻസാരി എന്നിവരുമായി റഷ്യ എട്ട് ദൗത്യങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തിയിട്ടുണ്ട്. 2004ൽ, മൈക്ക് മെൽവിലും ബ്രയാൻ ബിന്നിയും ആദ്യത്തെ വാണിജ്യ വാഹനത്തിൽ ബഹിരാകാശത്തെത്തി. സ്‌പേസ് ഷിപ്പ് വണ്ണിലാണ് ഇവർ ബഹിരാകാശ യാത്ര നടത്തിയത്.