നഗരോത്സവം പരിപാടിയുടെ സമാപന ദിവസമായ ജനുവരി 15ന് ഈരാറ്റുപേട്ടയിൽ വച്ച് നടത്തിയ ഗാനമേളയ്ക്കിടയായിരുന്നു സംഭവം
‘സംഗീതപരിപാടി അവതരിപ്പിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടുന്നത്. എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവവര്‍ തന്നെയല്ലേ ഇവിടെ പരിപാടി കാണാന്‍ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പറയുന്നത് ഞങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ സ്‌റ്റേജില്‍വെച്ച് തന്നെ പറയുന്നത്. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് ഞാന്‍ പാട്ട് പാടുന്നത്.’-സജില പറയുന്നു.
advertisement
ഗായികയുടെ പ്രവൃത്തിയെ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചതെങ്കിലും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഗായികയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി അപ്പോഴും സംഭവത്തിന്‍റെ മറുവശം എന്താണെന്ന് വ്യക്തമായിരുന്നില്ല.
ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി എച്ച് അൻസാരിയെ ആണ് ഗായിക സജില സലീം വേദിയിലേക്ക് വിളിച്ചുവരുത്തിയത്. അൻസാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഭീഷണിപ്പെടുത്തിയത് താനല്ലെന്നും പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ വേദിയിലെത്തി ഏത് പാട്ടും പാടിക്കൊള്ളാൻ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അൻസാരി പറഞ്ഞു.
പലതരത്തിലുള്ള പാട്ടുകൾ പാടി ഗാനമേള പുരോഗമിക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ആരോ ഭീഷണി മുഴക്കുകയായിരുന്നു.മാപ്പിളപ്പാട്ട് അല്ലാതെ മറ്റേതെങ്കിലും പാട്ട് പാടിയാൽ അടിച്ചോടിക്കും എന്നായിരുന്നു ഭീഷണി. ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഗായിക ചോദിക്കുമ്പോൾ കാണികൾക്കിടയിൽ നിന്ന് തന്നെ വെളുത്ത വസ്ത്രം ധരിച്ചയാൾ എന്നും പറയുന്നുണ്ടായിരുന്നു. ഇതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് സെക്രട്ടറിയായ അൻസാരി പരിപാടികൾക്ക് തടസ്സമുണ്ടാവാതിരിക്കാൻ വേദിയിലേക്ക് എത്തി ഏതു പാട്ടും പാടിക്കൊള്ളാൻ ആവശ്യപ്പെട്ടു.
ഏതോ ഒരാളുടെ പരാമർശം മൂലം ഒരു നാടിനു മുഴുവനും ഉണ്ടായ മോശം പേര് വളരെ വലുതാണെന്നും അൻസാരി പറയുന്നു. സംഭവത്തിൽ കുടുംബാംഗങ്ങളും സംഘാടകരും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതോടെയാണ് അന്‍സാരി വിശദീകരണവുമായി എത്തിയത്.
സംഭവത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും രംഗത്തെത്തി. പതിനായിരത്തോളം വരുന്ന കാണികളില്‍ നിന്ന് ആരോ ഒരാള്‍ ഉയര്‍ത്തിയ കമന്‍റ് വിവാദമാവുകയായിരുന്നു. തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവത്തെ അനാവശ്യമായി പര്‍വ്വതീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ കേരളമാകെ ഈരാറ്റുപേട്ടയെ ഇകഴ്ത്തി കാട്ടാനാണ് പലരും ശ്രമിച്ചത്. ഇത് തികച്ചും ഖേദകരമാണ്. ഈ നാടിന്‍റെ മതേതര പാരമ്പര്യം ഉയര്‍ത്തിപിടിച്ച് കൊണ്ട് നടത്തിയ നഗരോത്സവത്തിന്‍റെ ശോഭകെടുത്താന്‍ മാത്രമാണ് അതുകൊണ്ട് സാധിച്ചതെന്നും എംഎല്‍എ പറഞ്ഞു.