ചേതന്‍ കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് ഈ ആക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വേ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ എന്തിനാണ് ചേതന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്? എന്താണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്?
Also read-വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ 5000 രൂപ കൈക്കൂലി; തൃശ്ശൂരിൽ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിൽ
ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സില്‍ സംഭവിച്ചത് എന്ത്?
advertisement
തിങ്കളാഴ്ചയാണ് ചേതന്‍ തന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ ടീക്ക റാം മീണയേയും മറ്റ് 3 യാത്രക്കാരെയും ജയ്പൂര്‍-മുംബൈ എക്‌സ്പ്രസ്സില്‍ വെച്ച് വെടിവെച്ച് കൊന്നത്. ആദ്യം തന്റെ സീനിയറെ കൊന്ന ശേഷം ഇയാള്‍ അടുത്ത ബോഗിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ശേഷം 3 യാത്രക്കാരെ കൂടി വെടിവെച്ച് കൊന്നു. ഇതിന് ശേഷം ഇയാള്‍ ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ റെയില്‍വേ പോലീസ് ഇയാളെ കൈയ്യോടെ പിടികൂടി. രാവിലെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ബി5 കോച്ചിലെത്തിയ ചേതന്‍ ഒരു യാത്രക്കാരനെ വെടിവെച്ചിട്ടു. ശേഷം പാന്‍ട്രി കാറിലെ ഒരാളെയും ഇയാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് എസ് 6 കോച്ചിലെത്തിയ ചേതന്‍ ഒരു യാത്രക്കാരനെ കൂടി വെടിവെച്ച് കൊന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു.
പാല്‍ഘറിലെ നല്‍സോപാറ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ഭായ് മുഹമ്മദ് ഹുസൈന്‍ ബന്‍പൂര്‍വാലയാണ് കൊല്ലപ്പെട്ടവരിലൊരാള്‍. ബീഹാറിലെ മധുബാനി സ്വദേശിയായ അസ്ഗര്‍ അബ്ബാസ് ആണ് ചേതന്റെ വെടിയേറ്റ് മരിച്ച രണ്ടാമത്തെ യാത്രക്കാരന്‍. മൂന്നാമത്തെ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊലയ്ക്ക് പിന്നിൽ
ഈ കൊടുക്രൂരത ചെയ്യാന്‍ ചേതനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നാണ് പലരും ചിന്തിക്കുന്നത്. പോലീസ് എഫ്‌ഐആര്‍ അനുസരിച്ച് പ്രതി തനിക്ക് സുഖമില്ലെന്ന് മുതിര്‍ന്ന ജീവനക്കാരോട് പറഞ്ഞിരുന്നു. അതിനാല്‍ ഷിഫ്റ്റ് അവസാനിക്കുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങാന്‍ തന്നെ അനുവദിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കണമെന്ന് സീനിയര്‍ ഉദ്യേഗസ്ഥര്‍ അയാളോട് പറഞ്ഞു. ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് വിശ്രമിക്കാന്‍ അനുവദിച്ചെന്ന് പരാതിക്കാരനായ കോണ്‍സ്റ്റബിള്‍ അമയ് ഘനശ്യാം ആചാര്യ പറഞ്ഞു.
Also read-മഹാരാഷ്ട്രയിൽ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് ആർപിഎഫ് കോൺസ്റ്റബിൾ
15 മിനിറ്റ് വിശ്രമിച്ച ശേഷം പ്രതി തന്റെ തോക്ക് ആവശ്യപ്പെട്ടു. തോക്ക് തരാന്‍ പറ്റില്ലെന്ന് ആചാര്യ പറഞ്ഞു. എന്നാല്‍ ആചാര്യയെ കീഴ്‌പ്പെടുത്തി പ്രതി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. ശേഷം ദേഷ്യപ്പെട്ടാണ് പുറത്തേക്ക് പോയതെന്നും ആചാര്യ പറഞ്ഞു.
” ഒരു ക്രൂര മുഖഭാവത്തോടെയാണ് അയാള്‍ തോക്ക് പിടിച്ച് നിന്നത്. എന്നെ വെടിവെച്ചിടുമെന്നാണ് ആദ്യം കരുതിയത്,” എന്നും ആചാര്യ പറഞ്ഞു.
അതേസമയം ചേതന്‍ കുമാറിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഡിസിപി സന്ദീപ് ഭാജിബാക്രെ പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് പ്രതിയെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പറഞ്ഞു.
എന്നാല്‍ സഹപ്രവര്‍ത്തകര്‍ ചേതന്‍ കുമാറിനെ പരസ്യമായി അപമാനിച്ചിരുന്നുവെന്നാണ് പ്രതിയുടെ ബന്ധുവായ ഭഗവന്‍ സിംഗ് പറയുന്നത്.
” കഴിഞ്ഞ കുറച്ച് നാളുകളായി സഹപ്രവര്‍ത്തകര്‍ ചേതനെ അപമാനിച്ച് വരികയാണ്. സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ അത് അനുവദിക്കാനും തയ്യാറായില്ല. അതായിരിക്കാം ഈ കൃത്യത്തിലേക്ക് നയിച്ചത്,’ എന്നും ഭഗവന്‍ സിംഗ് പറഞ്ഞു.
വര്‍ഗീയതയോ?
ഈ ദുരന്തം നടന്നതിന് തൊട്ടുപിന്നാലെ എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി നടത്തിയ ഒരു പ്രസ്താവനയാണ് കൊലപാതകത്തിന്റെ വര്‍ഗ്ഗീയ വശം തുറന്ന് കാട്ടിയത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നും ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്നുമാണ് ഒവൈസി പറഞ്ഞത്.
” ഇത് മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ്. മുസ്ലീം വിരുദ്ധ വിദ്വേഷപ്രസംഗങ്ങളാണ് ഇതിന് കാരണം. ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതിന്റെ ഫലമാണിത്. പ്രതിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഭാവിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? അദ്ദേഹത്തെ ജാമ്യത്തിലിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ? പുറത്തിറങ്ങിയാല്‍ അയാളെ മാലയിട്ട് സ്വീകരിക്കുമോ?,” എന്നായിരുന്നു ഒവൈസിയുടെ ട്വീറ്റ്. രാജ്യം വിദ്വേഷത്തിന്റെ തീയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി.വിയും അഭിപ്രായപ്പെട്ടു.