മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇവ ഉപയോഗിച്ചില്ലെങ്കിൽ, കാലാവധി കഴിയുന്നതു വരെ സാധാരണയായി സ്റ്റോക്കിൽ സൂക്ഷിക്കുകയും അതിനു ശേഷം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, മെഡിക്കൽ വസ്തുക്കളുടെ ക്ഷാമം നേരിടുന്ന ചില വികസ്വര രാജ്യങ്ങളുടെ കാര്യം കണക്കിലെടുത്താൽ, ഇവ നശിപ്പിക്കുന്നതിനു പകരം ഉപയോഗപ്പെടുത്താനാകും. അധികമുള്ള സ്റ്റോക്ക് വികസ്വര രാജ്യങ്ങൾക്ക് സംഭാവന ചെയ്യുന്നത് നല്ല പരിഹാര മാർഗ്ഗമാണ്.
യൂണിവേഴ്സിറ്റി ഓഫ് വൊലോങ്ങോംഗ് ആൻ്റ് തവ ഓൾസൺ, യൂണിവേഴ്സിറ്റി ഓഫ് ഓക്ക്‌ലൻ്റ് വൊലോങ്ങോംഗ് എന്നിവിടങ്ങളിൽ നടത്തിയ ഒരു പഠനമാണ്, വികസിത രാജ്യങ്ങളിലെ അധികമുള്ള സ്റ്റോക്ക് വികസ്വര രാജ്യങ്ങൾക്ക് നൽകുന്നത് ഉപകാരപ്രദമാണെന്ന് കണ്ടെത്തിയത്. ഇത് പലപ്പോഴും പുതിയ സ്റ്റോക്ക് നൽകുന്നതിനെക്കാൾ മെച്ചമാണെന്നും പഠനം കണ്ടെത്തി.
advertisement
പലപ്പോഴും കോടിക്കണക്കിന് ഉൽപ്പന്നങ്ങളാണ് വികസിത രാജ്യങ്ങൾ സൂക്ഷിച്ചുവെക്കാറുള്ളത്. 2011-ൽ ഓസ്ട്രേലിയയിൽ കാലാവധി കഴിഞ്ഞ 3000 പാലെറ്റുകൾ ഇത്തരത്തിൽ സ്റ്റോക്ക് ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇതിൽ 98 ദശലക്ഷം ലാറ്റക്സ് കൈയ്യുറകൾ ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ അടക്കം ഉണ്ടായിരുന്നു.
കരുതൽ സ്റ്റോക്കിൽ ചിലത് കോവിഡ് സമയത്ത് ഉപയോഗിച്ചതിനാൽ അവ വീണ്ടും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഉപയോഗിച്ചില്ലെങ്കിൽ, കാലാവധി കഴിഞ്ഞ് ഇവ നശിപ്പിക്കേണ്ടി വരും. ഉദാഹരണത്തിന്, സ്റ്റോക്ക് ചെയ്തിട്ടുള്ള സർജിക്കൽ മാസ്ക്കുകളുടെ കാലാവധി കഴിയാൻ പോകുകയാണ്. നിലവിലെ മഹാമാരിക്ക് മുൻപും മഹാമാരിക്കിടയിലും അമേരിക്ക, ന്യൂസിലാൻ്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇതേ അവസ്ഥയാണുള്ളത്.
എന്തുകൊണ്ട് ഇത് മറ്റു രാജ്യങ്ങൾക്ക് സംഭാവന ചെയ്തുകൂടാ? ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പല വികസ്വര രാജ്യങ്ങളിലെയും അവസ്ഥ. പല രാജ്യങ്ങളും, സാധാരണ ഗതിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സർജിക്കൽ കൈയ്യുറകളും മാസ്ക്കുകളും സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കേണ്ട അവസ്ഥയിലാണ്.
അധികമുള്ള സ്റ്റോക്ക് സംഭാവന ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്ന കാര്യമാണെങ്കിലും കാലാവധി കഴിഞ്ഞത് സംഭാവന ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്യരുത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സംഭാവനകൾ ഒരു രാജ്യത്ത് എത്തുമ്പോൾ അവയ്ക്ക് കുറഞ്ഞത് ഒരു വർഷമോ, ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള വസ്തുക്കൾക്ക് ഷെൽ ലൈഫിൻ്റെ പകുതിയോ കാലാവധി ഉണ്ടാകണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് ലഭിക്കുന്നവർക്ക്, ഗുണമേന്മ കുറഞ്ഞതോ പ്രശ്നങ്ങളുള്ളതോ ആയ സ്റ്റോക്കിൽ നിന്ന് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ആണിത് ചെയ്യുന്നത്.
ഇതിന് പ്രായോഗികമായ ഒരു പരിഹാരമാണ് പഠനത്തിൽ കണ്ടെത്തിയത്. സ്റ്റോക്കിലുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും സമാനമായ അപകടസാധ്യത കുറഞ്ഞ ഉൽപ്പന്നങ്ങളും സംഭാവന ചെയ്യുന്നതിൻ്റെ ഫലം എന്താകുമെന്നാണ് പഠന മാതൃകയിൽ പരിശോധിച്ചത്. അപകട സാധ്യത കൂടിയ, കാലാവധി കഴിഞ്ഞ മരുന്നുകളോ വാക്സിനുകളോ സംഭാവന ചെയ്യുന്നതിൻ്റെ ഫലം എന്തായിരിക്കുമെന്ന് പഠനത്തിൽ പരിഗണിച്ചിട്ടില്ല. കാലാവധി കഴിയാൻ കുറച്ചു കാലം മാത്രം അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ലാത്തതോ ആയ വസ്തുക്കൾ കൈമാറുന്നതാണ് ഏറ്റവും നല്ലതെന്ന് പഠനത്തിൽ കണ്ടെത്തി. പ്രാദേശിക ബിസിനസുകാരുടെ കച്ചവടം നഷ്ടപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ് എന്നതിനാൽ ഇത് ലഭിക്കുന്ന രാജ്യത്തിന് ഏറ്റവും ഉപകാരപ്രദമാണെന്ന് കണ്ടെത്തി.
പുതിയ സ്റ്റോക്ക് ദാനം ചെയ്യുന്നതാണ് അടുത്ത ഏറ്റവും നല്ല നടപടി. കാലാവധി കഴിഞ്ഞിട്ട് ഒരു വർഷത്തിൽ അധികം ആകുകയോ മറ്റോ ചെയ്ത, പഴക്കമുള്ള വസ്തുക്കൾ സംഭാവന ചെയ്യുന്നതാണ് ഏറ്റവും മോശം മാർഗ്ഗം എന്നും പഠനത്തിൽ തെളിഞ്ഞു. കാലാവധി കഴിയാത്ത, പുതിയ അധിക സ്റ്റോക്ക്, വലിയ തോതിൽ മറ്റു രാജ്യങ്ങൾക്ക് കൈമാറുന്നതാണ് നല്ലത് എങ്കിലും, ഇത് പ്രാദേശിക വിപണിയെ ദോഷകരമായി ബാധിച്ചേക്കാം.
പുതിയ ഉൽപ്പന്നങ്ങൾ സൗജന്യമായി പ്രാദേശിക വിപണിയിൽ എത്തുന്നത്, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാനും പതിയെ അവയുടെ വിപണനം നിർത്താനും പ്രാദേശിക വിൽപ്പനക്കാർക്കു മേൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇത് പ്രാദേശികമായി ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുകയും, സംഭാവന ലഭിച്ച രാജ്യം കൂടുതലായി മറ്റു രാജ്യങ്ങളെ ആശ്രയിക്കാൻ കാരണമാകുകയും ചെയ്തേക്കാം.
ഇത് പതിയെ അഴിമതിയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. സൗജന്യമായി ലഭിച്ച ഉത്പന്നങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൈക്കലാക്കി കരിഞ്ചന്തയിൽ വിൽക്കാൻ തുടങ്ങിയാൽ, ഇത് വീണ്ടും പ്രാദേശിക നിർമ്മാതാക്കളുടെ ബിസിനസ് ഇല്ലാതാക്കും. ഇത് കരിഞ്ചന്തയിലെ വില വീണ്ടും വർദ്ധിപ്പിക്കാനും ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന ആരോഗ്യ മേഖലയെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടാനും കാരണമായേക്കാം.
ഇത്തരം അഴിമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും, കാലാവധി കഴിയാൻ അധികം നാളില്ലാത്ത വസ്തുക്കൾ സംഭാവന ചെയ്യുന്നത്, പ്രാദേശിക നിർമ്മാതാക്കളെ ബുദ്ധിമുട്ടിലാക്കില്ല. അവർക്ക് വിപണിയിൽ തുടരാനും രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഉത്പന്നങ്ങൾ എത്തിക്കാനും കഴിയും.
Also read : കോവിഡ് പ്രതിരോധ ഗുളികകൾ എപ്പോൾ കഴിക്കണം? ആർക്കെല്ലാം ഗുണം ചെയ്യും? അറിയേണ്ട കാര്യങ്ങൾ
എന്നാൽ, ഇത്തരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യുന്നത് ചെറിയ തോതിൽ മാത്രമേ നടക്കാറുള്ളൂ. മാത്രവുമല്ല, ഇതിന് പല തടസ്സങ്ങളും കടമ്പകളും മറികടക്കുകയും ചെയ്യേണ്ടതുണ്ട്. സംഭാവന ചെയ്യുന്ന ഇനങ്ങളുടെ അളവും സംഭാവന ചെയ്യുന്ന സമയത്തിന് പ്രത്യേക ക്രമമില്ലാത്തതും പ്രധാന പ്രശ്നങ്ങളാണ്. ലഭിക്കുന്ന ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധ പ്രവർത്തകരെയും കമ്മ്യൂണിറ്റി പങ്കാളികളെയും അമിതമായി ആശ്രയിക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. അതിനാൽ, വൻ തോതിൽ സംഭാവന ചെയ്യുകയാണെങ്കിൽ ഇത് കൂടുതൽ നന്നായി നിയന്ത്രിക്കാനാകും.
അപകട സാധ്യത കുറഞ്ഞ മെഡിക്കൽ ഉത്പന്നങ്ങൾ സംഭാവന ചെയ്യുന്നതിൻ്റെ ഫലം എന്തായിരിക്കും എന്നതിനെ കുറിച്ച് പുനർവിചിന്തനം ആവശ്യമാണ് എന്നാണ് പഠനത്തിലെ തെളിവുകൾ പറയുന്നത്. അതിനാൽ, ദേശീയ സ്റ്റോക്കിൽ നിന്നുള്ള കൈയ്യുറകൾ, സിറിഞ്ചുകൾ, റെസ്പിരേറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവ മറ്റു രാജ്യങ്ങൾക്ക് നൽകിക്കൊണ്ട് വികസിത രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ തുടക്കം കുറിക്കാം. ഇത്തരം ഉത്പന്നങ്ങളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് ഇവ നല്ല രീതിയിൽ സംഭരിച്ചതാണെങ്കിൽ ഉപയോഗിക്കാൻ കഴിയും.
Also read : കോവിഡ് ഭേദമായതിന് ശേഷവും നീണ്ടു നിൽക്കുന്ന ചുമ നല്ല സൂചനയോ? എന്തുകൊണ്ട് ?
വികസ്വര രാജ്യങ്ങളിൽ, മഹാമാരിയുടെ സമയത്ത്, ആവശ്യം വന്നപ്പോൾ കാലാവധി കഴിഞ്ഞ വ്യക്തി സുരക്ഷാ ഉത്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത. ഒറ്റ ഉൽപ്പന്നം മാത്രം ഉപയോഗിച്ച്, അധികമുള്ള, കാലാവധി കഴിഞ്ഞ ഇത്തരം ഉത്പന്നങ്ങൾ സംഭാവന ചെയ്യുന്നത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കാവുന്ന കാര്യമാണ്.
മെഡിക്കൽ വസ്തുക്കളുടെ വിതരണക്കാരെയും ഇതിനായി പരിഗണിക്കാവുന്നതാണ്. ദേശീയ സ്റ്റോക്കിനും മറ്റ് റിസർവ്വുകൾക്കുമായി പുതിയ ഉത്പന്നങ്ങൾ നൽകാൻ ഇവരെ അനുവദിക്കുകയാണെങ്കിൽ, ഇത്തരം സംഭാവനകൾ നൽകുന്നതിൻ്റെ ചെലവുകൾ വഹിക്കാൻ അവർ തയ്യാറായേക്കും. കൊറോണ മഹാമാരി തുടങ്ങിയപ്പോഴാണ് തങ്ങളുടെ കരുതൽ ശേഖരത്തിൽ കാലാവധി കഴിഞ്ഞ എത്രമാത്രം ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നുണ്ട് എന്ന കാര്യം പല രാജ്യങ്ങളും ശ്രദ്ധിച്ചത്. ഇത്തരം അവസ്ഥ ഉണ്ടാകുന്നത് തടയാനും ഇനിയൊരു മഹാമാരി ഉണ്ടായാൽ അതിനെതിരെ മെച്ചപ്പെട്ട രീതിയിൽ തയ്യാറെടുക്കാനും ഇത്തരം നടപടികൾ നമ്മെ സഹായിക്കും.
