ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. കേസിലെ മറ്റൊരു പ്രതിയായ എ.ജി പേരറിവാളന്റെ കേസ് പരിഗണിച്ചതും ഈ ബെഞ്ചാണ്. കഴിഞ്ഞ മെയിലാണ് പേരറിവാളന്‍ ജയില്‍ മോചിതനായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച്, 30 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ച പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
കുറ്റവാളികള്‍ മൂന്ന് പതിറ്റാണ്ടിലധികം ജയിലില്‍ കഴിഞ്ഞുവെന്നും ജയില്‍വാസകാലത്തെ പെരുമാറ്റം തൃപ്തികരമായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ജയില്‍ മോചനം ആവശ്യപ്പെട്ട് നളിനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
advertisement
Also Read- ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം മുതൽ പ്രതികൾ മോചിതരായതു വരെ പ്രധാന നാൾവഴികൾ
ഇതിനു മുമ്പ് ആരാണ് നളിനി ശ്രീഹരന്‍ എന്നറിയാം. എങ്ങനെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതെന്നും പ്രതികളുടെ മോചനത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം എന്തായിരുന്നുവെന്നും നോക്കാം.
1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍ടിടിഇ) ധനു എന്ന വനിതാ ചാവേറാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഹരി ബാബു ഉള്‍പ്പെടെ 16 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം എടുത്ത ചിത്രങ്ങളാണ് പൊലീസിന് പ്രധാന തെളിവായി മാറിയത്.
രാജീവ് ഗാന്ധി വധക്കേസില്‍ 26 പേര്‍ക്ക് വിചാരണ കോടതി ആദ്യം വധശിക്ഷ വിധിച്ചിരുന്നു. 1999-ല്‍, ഏഴ് പേരുടെ മാത്രം ശിക്ഷ സുപ്രീം കോടതി ശരിവെയ്ക്കുകയും മറ്റുള്ളവരെ വിട്ടയയ്ക്കുകയും ചെയ്തു. അങ്ങനെ നാല് പേര്‍ക്ക് വധശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് ജീവപര്യന്തവും സുപ്രീം കോടതി വിധിച്ചു.
2000ത്തില്‍ കേസില്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധി ഇടപെട്ട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. 2014ല്‍ പേരറിവാളന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു. 2018ല്‍ കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.
ആരാണ് നളിനി ശ്രീഹരന്‍?
നളിനി ശ്രീഹരന്‍ എതിരാജ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. അമ്മ പത്മാവതി ചെന്നൈയിലെ ആശുപത്രിയില്‍ നഴ്സായിരുന്നു. അച്ഛന്‍ പി ശങ്കര നാരായണന്‍ ഒരു പോലീസ് ഓഫീസറായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയാണ് നളിനി, രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലാകുന്ന സമയത്ത് ഇവർ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. 1991 ഏപ്രില്‍ 21 ന് ആയിരുന്നു ശ്രീഹരനുമായുള്ള വിവാഹം. കേസിലെ മറ്റൊരു കുറ്റവാളിയാണ് ശ്രീഹരന്‍.
കൊലപാതകം നടത്തിയതിനു ശേഷം ചെന്നൈയില്‍ നിന്ന് പോയ നളിനിയും ഭര്‍ത്താവും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. അവരുടെ മകള്‍ അഞ്ച് വയസ്സ് വരെ ജയിലിലായിരുന്നു വളര്‍ന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം രണ്ട് വനിതാ ബോംബര്‍മാര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വാങ്ങാന്‍ നളിനി അവരെ സഹായിച്ചതായും ആരോപണമുണ്ട്. കൂടാതെ, ഇത്തരം പരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അറിയാന്‍ ചെന്നൈയില്‍ മുന്‍ പ്രധാനമന്ത്രി വി പി സിങിന്റെ റാലിയില്‍ രണ്ട് സ്ത്രീകള്‍ക്കൊപ്പവും ശിവരസനൊപ്പവും നളിനി പങ്കെടുത്തതായും ആരോപണമുണ്ട്.
Also Read- 'ഞാനൊരു തീവ്രവാദിയല്ല'; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതയായ നളിനി
2016ല്‍ നളിനി തന്റെ ആത്മകഥ പുറത്തിറക്കി, 500 പേജുള്ള ആത്മകഥ തമിഴിലാണ് എഴുതിയത്. തന്റെ ബാല്യം, വിവാഹം, അറസ്റ്റ്, ശിക്ഷ, ജീവപര്യന്തം എന്നിവയാണ് ആത്മകഥയില്‍ പ്രതിപാദിച്ചിരുന്നത്. 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്കും തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസിനും നളിനി ദയാവധം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവിന് ശേഷം തന്നെ പിന്തുണച്ച എല്ലാവരോടും നളിനി നന്ദി പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി അറിയിക്കുന്നതായി നളിനി ന്യൂസ് 18നോട് പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയെ പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സുപ്രീംകോടതിയുടെ തീരുമാനം നിർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു.
