• HOME
  • »
  • NEWS
  • »
  • india
  • »
  • ശ്രീപെരുമ്പത്തൂരിൽ രാജീവ് ​ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം മുതൽ പ്രതികൾ മോചിതരായതു വരെ പ്രധാന നാൾവഴികൾ

ശ്രീപെരുമ്പത്തൂരിൽ രാജീവ് ​ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം മുതൽ പ്രതികൾ മോചിതരായതു വരെ പ്രധാന നാൾവഴികൾ

രാജീവ് ​ഗാന്ധിയുടെ മരണത്തിനു ശേഷം കേസുമായി ബന്ധപ്പെട്ടു നടന്ന പ്രധാന സംഭവ വികാസങ്ങൾ അറിയാം

  • Share this:
1991 മെയ് 21 ന്, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ (Sriperumbudur) എന്ന ചെറുപട്ടണത്തിൽ രാജീവ് ഗാന്ധി (Rajiv Gandhi) എത്തിയപ്പോൾ അദ്ദേഹമറിഞ്ഞിരുന്നില്ല, അത് തന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്ന്. അതൊരു വേനൽക്കാലമായിരുന്നു. നാടെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. ചിലർ അദ്ദേഹത്തിന്റെ വരവ് പടക്കം പൊട്ടിച്ച് ആഘോഷമാക്കി. രാജീവ് ​ഗാന്ധി തന്റെ വെളുത്ത അംബാസഡർ കാറിൽ നിന്ന് ഇറങ്ങി പ്രസം​ഗിക്കാനായി വേദിയിലേക്കു പോയി. ഇതിനിടെ, മുൻ പ്രധാനമന്ത്രിയും തന്റെ അമ്മയുമായ ഇന്ദിരാഗാന്ധിയുടെ സ്മാരകത്തിന് സമീപമുള്ള പ്രതിമയിൽ മാല ചാർത്താനും അദ്ദേഹം ഇറങ്ങിയിരുന്നു.

വേദിയിലെത്തിയ രാജീവ് ഗാന്ധി പ്രവർത്തകർക്കു നേരെ പുഞ്ചിരിച്ചു കൊണ്ട് കൈ വീശി. പാർട്ടി പ്രവർത്തകരും ആരാധകരും അദ്ദേഹത്തെ പുഷ്പ ഹാരമണിയിച്ചു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് പതിനേഴു വയസുള്ള ധനു (തേൻമൊഴി രാജരത്നം) എന്ന പെൺകുട്ടി വേദിയിലേക്കു വന്നത്. അവൾ രാജീവ് ഗാന്ധിയെ ഹാരമണിയിച്ച് അദ്ദേഹത്തിന്റെ അനു​ഗ്രഹം വാങ്ങാനായി കുനിഞ്ഞു. പിന്നെ നടന്നതെല്ലാം നടുക്കത്തോടെയാണ് രാജ്യം ഓർമിക്കുന്നത്. പെൺകുട്ടിയുടെ വസ്ത്രത്തിനടിയിൽ ഘടിപ്പിച്ചിരുന്ന ആർഡിഎക്‌സ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വൻ സ്ഫോടനം ഉണ്ടായി. രാജീവ് ഗാന്ധിയും ധനുവും മറ്റ് പതിനാലു പേരും കൊല്ലപ്പെട്ടു.

രാജീവ് ​ഗാന്ധിയുടെ മരണത്തിനു ശേഷം കേസുമായി ബന്ധപ്പെട്ടു നടന്ന പ്രധാന സംഭവ വികാസങ്ങളാണ് ചുവടെ

1991 മെയ് 22: കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

1991 മെയ് 24: സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം, അന്വേഷണം സിബിഐക്ക് കൈമാറി.

1991 ജൂൺ 11: കേസുമായി ബന്ധപ്പെട്ട് 19 കാരനായ പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർത്ത മറ്റുള്ളവർക്കു സമാനമായി ഭീകരവാദവും വിഘടനവാദ കുറ്റവും ചുമത്തിയാണ് ഇയാൾക്കെതിരെ സിബിഐ കേസെടുത്തത്.

1992 മെയ് 20 : 41 പ്രതികളെ ചേർത്ത് ചെന്നൈയിലെ പ്രത്യേക വിചാരണ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 12 പേർ സംഭവസ്ഥലത്തു വെച്ചു മരിച്ചവരായിരുന്നു.

1998 ജനുവരി 28: മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുൾപ്പെടെ മൊത്തം 26 പ്രതികൾക്ക് ചെന്നൈയിലെ പൂനമല്ലിയിലുള്ള ടാഡ കോടതി വധശിക്ഷ വിധിച്ചു.

1999 മെയ് 11: മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ അപ്പീൽ സുപ്രീം കോടതി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. മൂന്നു പേർക്കു കൂടി സുപ്രീംകോടതി ജീവപര്യന്തം തടവു വിധിക്കുകയും 19 പ്രതികളെ വെറുതെ വിടുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിലെ ടാഡ വ്യവസ്ഥകളും സുപ്രീംകോടതി റദ്ദാക്കി. നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർ തമിഴ്‌നാട് ഗവർണർക്ക് ദയാഹർജി നൽകിയെങ്കിലും ഹർജി തള്ളി.

2000 ഏപ്രിൽ: എം കരുണാനിധിയുടെ നേതൃത്വത്തിൽ തമിഴ്‌നാട് മന്ത്രിസഭ നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്തു. കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ ഗാന്ധിയുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഗവർണർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു.

2001: വധശിക്ഷക്കു വിധിക്കപ്പെട്ട ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവർ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു.

2006: ബോംബ് നിർമ്മിക്കാൻ ബാറ്ററി വാങ്ങിയെന്ന് തന്നെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചതായി പേരറിവാളൻ തന്റെ ആത്മകഥയായ ആൻ അപ്പീൽ ഫ്രം ദ ഡെത്ത് റോയിൽ (An Appeal from the Death Row) പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നും പേരറിവാളൻ പറഞ്ഞു.

2011 ഓഗസ്റ്റ് 11: പതിനൊന്നു വർഷത്തിനു ശേഷം, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവർ സമർപ്പിച്ച ദയാഹർജി അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തള്ളി.

ഓഗസ്റ്റ് 2011: സെപ്തംബർ 9 ന് തൂക്കിലേറ്റപ്പെടാനിരുന്ന മൂന്നു പേരുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.

2013 ഫെബ്രുവരി 24 : സംഭവം നടന്ന് 23 വർഷത്തിന് ശേഷം ഇവരെ തൂക്കിലേറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ഇത് ഭരണഘടനാപരമായി തെറ്റാണെന്നും അവരെ തൂക്കിലേറ്റിയാൽ ഒരു കുറ്റത്തിന് രണ്ട് ശിക്ഷ അനുഭവിച്ചവർ ആയിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 2013: താൻ വാങ്ങിയ ബാറ്ററി ബോംബ് നിർമാണത്തിന് ഉപയോഗപ്പെടുത്താമെന്ന കാര്യം അറിയാമെന്ന് പേരറിവാളൻ പറഞ്ഞിട്ടില്ലെന്ന് പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയ മുൻ സി.ബി.ഐ ഉദ്യോ​ഗസ്ഥൻ വി ത്യാ​ഗരാജൻ വെളിപ്പെടുത്തി. ആ രണ്ട് ബാറ്ററികളുടെ ഉദ്ദേശത്തെക്കുറിച്ച് പേരറിവാളന് അറിയില്ലായിരുന്നുവെന്നും പേരറിവാളിന്റെ നിർണായക മൊഴിയുടെ അവസാനഭാ​ഗം താൻ ഒഴിവാക്കിയിരുന്നുവെന്നും ത്യാഗരാജൻ കുറ്റസമ്മതം നടത്തി.

2014 ജനുവരി 21: ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തു

2015: ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരം തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ തമിഴ്നാട് ഗവർണർക്ക് ദയാഹർജി നൽകി. ഗവർണറുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു.

2017 ഓഗസ്റ്റ്: 1991-ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി പേരറിവാളന് തമിഴ്‌നാട് സർക്കാർ പരോൾ അനുവദിച്ചു. രോഗബാധിതനായ പിതാവിനെ സന്ദർശിക്കാനാണ് പേരറിവാളന് പരോൾ അനുവ​ദിച്ചത്.

2021 മെയ്: പേരറിവാളൻ പരോളിൽ പുറത്തിറങ്ങി. തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ പുതിയ ഡിഎംകെ സർക്കാർ പരോൾ നീട്ടിക്കൊണ്ടുപോയി.

2022 മാർച്ച് 9: പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പുകൾക്കിടെയാണ് ജാമ്യം ലഭിച്ചത്.

2022 മെയ് 18: അറസ്റ്റിലായി 31 വർഷത്തിന് ശേഷം, പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിന് മൂന്ന് ദിവസങ്ങൾക്കു മുൻപായിരുന്നു ഈ ഉത്തരവ്.

2022 ജൂൺ 17: തന്നെ നേരത്തെ ജയിൽ മോചിതയാക്കണമെന്ന നളിനി ശ്രീഹരന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

2022 ഓഗസ്റ്റ് 11: ജയിൽ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് നളിനി ശ്രീഹരൻ സുപ്രീം കോടതിയെ സമീപിച്ചു.

2022 നവംബർ 11: പേരറിവാളന്റെ കേസ് ചൂണ്ടിക്കാട്ടി ബാക്കിയുള്ള ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
Published by:Rajesh V
First published: