എപ്പോഴെങ്കിലും ഉറുമ്പിന് രക്തമുണ്ടോ (Blood) എന്ന് ആലോചിച്ചിട്ടുണ്ടോ? അബദ്ധവശാൽ ഒരു ഉറുമ്പിനെ ഞെരിക്കുമ്പോൾ അതിൽ നിന്ന് പുറത്തുവരുന്ന ദ്രവം നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ശരീരത്തിലെ രക്തത്തിന് പകരം അവരുടെ ശരീരത്തിലുള്ള ഹീമോലിംഫ് (Hemolymph) എന്ന ദ്രാവകമാണത്. മനുഷ്യന്റെ ഉള്ളിലുള്ള രക്തം ഉറുമ്പുകളിൽ കാണാൻ സാധിക്കില്ല. പകരം അവരുടെ ശരീരത്തിൽ രക്തത്തിന് സമാനമായ, മഞ്ഞയോ പച്ചയോ കലർന്ന നിറമുള്ള ദ്രാവകമായ ഹീമോലിംഫ് കാണപ്പെടുന്നു. മനുഷ്യ ശരീരത്തിലെ ഹീമോഗ്ലോബിൻ അടങ്ങിയ രക്തത്തിന് പകരം ഉറമ്പുകളിൽ കാണപ്പെടുന്ന ദ്രാവകമാണ് ഹീമോലിംഫ്.
advertisement
മനുഷ്യൻ ഉൾപ്പെടെയുള്ള നട്ടെല്ലുള്ള ജീവികളിൽ രക്തത്തിന്റെ പ്രധാന ധർമം ശരീരത്തിൽ ഭക്ഷണത്തിന്റെ പോഷകങ്ങൾ, ഓക്സിജൻ, മാലിന്യങ്ങൾ എന്നിവ കൃത്യമായി സംവഹനം ചെയ്യുക എന്നതാണ്. ശരീരത്തിന്റെ ശരിയായ പ്രവർത്തങ്ങൾക്ക് വേണ്ടി എല്ലാ ശരീര ഭാഗങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുകയാണ് രക്തത്തിന്റെ പ്രധാന ധർമം. ഓക്സിജൻ വഹിക്കുന്ന ധാരാളം ചുവന്ന രക്ത കോശങ്ങൾ രക്തത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് രക്തം ചുവന്നിരിക്കുന്നത്.
മനുഷ്യനെപ്പോലെ തന്നെ ഉറുമ്പുകൾക്കും മറ്റ് പ്രാണികൾക്കും ശരീരത്തിനുള്ളിൽ ഹീമോലിംഫ് ഉണ്ട്. പോഷകങ്ങൾ ശരീരത്തിലുടനീളം എത്തിക്കാൻ അവയെ സഹായിക്കുന്നതും ഹീമോലിംഫ് ആണ്. എന്നാൽ അവരുടെ ശരീരത്തിൽഅമിനോ ആസിഡുകളുടെ എണ്ണം വളരെ കൂടുതലാണ്.
ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും രക്തസംവഹന വ്യവസ്ഥ മനുഷ്യരുടേത് പോലെ തന്നെ സമാനമാണ്. പ്രാണികളുടെ രക്തത്തിന്റെ പ്രവർത്തനം മനുഷ്യ ശരീരത്തിന്റേതിൽ നിന്ന് ചെറിയ തോതിൽ വ്യത്യാസപെട്ടിരിക്കുന്നു. മനുഷ്യ ശരീരത്തിൽ രക്തം ഞരമ്പുകളിലും ധമനികളിലും മാത്രമേ ഒഴുകുന്നുള്ളൂ. എന്നാൽ പ്രാണികളുടെ ശരീരത്തിൽ, ദ്രാവകം ഏത് ദിശയിലേക്കും നീങ്ങുന്നു. അവരുടെ ശരീരത്തിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കുവാൻ ഈ ദ്രാവകത്തിന് കഴിയുന്നു. ഇതുമൂലം ഏത് സാഹചര്യത്തിലുമുള്ള കാലാവസ്ഥയിലും ഉറുമ്പുകൾക്ക് എളുപ്പത്തിൽ ജീവിക്കാൻ കഴിയുന്നു. അവരുടെ മുറിവുകൾ ഉണക്കുന്നതിനും ഹീമോലിംഫ് സഹായിക്കുന്നു. അതുപോലെ ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നതുപോലെ ഹീമോലിംഫിനുള്ളിൽ ഹീമോസയാനിൻ എന്ന പദാർത്ഥവും ഉണ്ട്.
ഹീമോലിംഫും രക്തവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ഹീമോലിംഫ് പ്രാണികളുടെ ശരീരത്തിന് ചുറ്റും ഓക്സിജൻ വഹിക്കുന്നില്ല എന്നതാണ്. സ്പൈറക്കിൾസ് എന്നറിയപ്പെടുന്ന ശരീരത്തിന്റെ വശത്തുള്ള ചെറിയ ദ്വാരങ്ങളിലൂടെയാണ് അവർ ശ്വസിക്കുന്നത്. ഇത് ചുവന്ന രക്ത കോശങ്ങൾ ഇല്ലാതെ തന്നെ പ്രാണികളുടെ അവയവങ്ങളിലേക്ക് നേരിട്ട് ഓക്സിജൻ കൊണ്ടുവരുന്നു.
