സമീപ വർഷങ്ങളിൽ അറബിക്കടലിൽ ബിപർജോയ്ക്കു പുറമേ മറ്റു പല കൊടുങ്കാറ്റുകളും രൂപം കൊണ്ടിട്ടുണ്ട്. 2007ൽ ഗോനു, 2019-ൽ ക്യാർ എന്നീ ചുഴലിക്കാറ്റുകൾ ഇവിടെ രൂപം കൊണ്ടവയാണ്. എന്നാൽ ബിപർജോയ് ഒരാഴ്ച പിന്നിട്ടിട്ടും തീവ്രത കുറയാതെ ആഞ്ഞടിക്കുന്നതാണ് രാജ്യത്തെ ആശങ്കയിലാക്കുന്നത്.
Also Read-Kerala Weather Update: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അറബിക്കടലിലെ താപനില പതിവിനേക്കാൾ കൂടുതൽ
advertisement
അറബിക്കടലിലെ താപനില പതിവിനേക്കാൾ കൂടുതലാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ജനുവരി മുതൽ സമുദ്രോപരിതലത്തിലെ താപനില തുടർച്ചയായി ഉയരുകയും അറബിക്കടലിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്തിട്ടുണ്ട്. ”കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറബിക്കടലിലെ ചൂട് ഒരു ഡിഗ്രിയിലധികം വർദ്ധിച്ചു. താപനില ഇത്രയും ഉയരുന്നതാണ് ഇത്തരം കൊടുങ്കാറ്റുകൾ ഉണ്ടാകാൻ കാരണം. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിലാകെ ചൂട് കൂടി വരികയാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ഞങ്ങൾക്ക് തള്ളിക്കളയാനാവില്ല”, ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ പ്രൊഫസർ രഘു മുർത്തുഗുഡ്ഡെ ന്യൂസ് 18 നോട് പറഞ്ഞു.
അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ ഇത്രയും കാലം, ഇത്രത്തോളം തീവ്രതയോടെ ആഞ്ഞടിക്കുന്നത് സാധാരണമല്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു. ”ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ബിപർജോയ് ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണ്. ഇത് വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചേക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്”, മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. എം രാജീവൻ ന്യൂസ് 18 നോട് പറഞ്ഞു.
അറബിക്കടലിൽ രൂപം കൊള്ളുന്ന ഓരോ ചുഴലിക്കാറ്റും മറ്റൊന്നിൽ നിന്ന് വ്യത്യസ്‌തമാണ്. ഓരോ വർഷവും കാലാവസ്ഥാ നിരീക്ഷകർക്ക് അവ പുതിയ വെല്ലുവിളികളാകുകയാണ്. അതിതീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് ബിപർജോയ് ചുഴലിക്കാറ്റിനെയും പെടുത്തിയിരിക്കുന്നത്. ”കഴിഞ്ഞ കുറേ വർഷങ്ങളായി ചുഴലിക്കാറ്റുകളുടെ തീവ്രത വർദ്ധിച്ചു. പടിഞ്ഞാറൻ തീരത്ത് മുൻപ് തീവ്രമായ ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് മിക്കവാറും എല്ലാ വർഷവും തന്നെ ഒരു പതിവ് സംഭവം ആയിരിക്കുന്നു. അവയുടെ തീവ്രതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചിലത് അതിവേഗം ശക്തിയും വേഗതയും പ്രാപിക്കുന്നു”, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ ഡയറക്ടർ എസ് സി ഷെനോയ് ന്യൂസ് 18 നോട് പറഞ്ഞു.