മലയാള സിനിമാ ലോകത്ത് പിൽക്കാലത്ത് കാലാതീതമായ ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയൻ എന്ന നടനാണ്.
ഒരുകാലത്ത് ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഫാഷന്റെ അവസാന വാക്കായിരുന്നു. കാലം എത്ര കഴിഞ്ഞാലും ജയന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ അംഗ ചലനങ്ങളും കേരളക്കരയിൽ പലവിധത്തിൽ ട്രെൻഡായി മാറിയിട്ടുണ്ട്.
2010കളിൽ പുറത്തിറങ്ങിയ 'കട്ടപ്പനയിലെ ഋതിക് റോഷൻ' എന്ന സിനിമ ഒരുകാലത്ത് ജയനോടുള്ള ആരാധന എന്തുമാത്രം ഉണ്ടെന്നതിന്റെ തെളിവായിരുന്നു.
advertisement
'ശാപമോക്ഷം' എന്ന ചിത്രമാണ് ജയന്റെ കന്നി ചിത്രമായി കണക്കാക്കിപ്പോരുന്നത്. സെറ്റിൽ വച്ച് ജോസ് പ്രകാശ് കൃഷ്ണൻ നായർക്ക് ജയൻ എന്ന പേര് നൽകി. 'പഞ്ചമിയിലെ' വില്ലൻ കഥാപാത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 'ശരപഞ്ജരത്തിലെ' കഥാപാത്രത്തിലൂടെ പൗരുഷം തുളുമ്പുന്ന റോളുകളുടെ മുഖമായി ജയൻ മാറി. 1979 പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസ് റെക്കോഡുകൾ ഭേദിച്ചു. ഈ ട്രെൻഡ് പിടിച്ചുകൊണ്ട് തൊട്ടടുത്തവർഷം 'അങ്ങാടി' പുറത്തിറങ്ങി.
ഒന്നിലധികം നായകന്മാർ ഉള്ള ചിത്രങ്ങളിലും ജയൻ പ്രത്യക്ഷപ്പെട്ടു. പ്രേംനസീറാണ് അത്തരം ചിത്രങ്ങളിൽ ജയന്റെ ഒപ്പമുണ്ടായിരുന്നത്. സോമൻ, സുകുമാരൻ, മധു എന്നിവർ സമകാലീനരാണ്.
അപകടം നിറഞ്ഞ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ സ്വയം ചെയ്യുക എന്നത് ജയന്റെ പതിവായിരുന്നു. 'പുതിയ വെളിച്ചം' എന്ന സിനിമയ്ക്കു വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിൽ നിന്നും ചാടുന്ന രംഗം ഒരു ഉദാഹരണം മാത്രം. സാഹസികതയോടുള്ള ഈ അഭിനിവേശമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിൽ കലാശിച്ചതും.
1980 നവംബർ 16ന് 'കോളിളക്കം' എന്ന സിനിമയ്ക്കു വേണ്ടി ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ജയന്റെ ആകസ്മിക മരണം. റീടേക്കിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് നിലംപതിച്ചപ്പോൾ ചരിത്രം കുറിച്ച ആദ്യ ആക്ഷൻ ഹീറോയെ മലയാള ചലച്ചിത്ര ലോകത്തിന് നഷ്‌ടമാവുകയായിരുന്നു.
ജയന്റെ മരണ ശേഷം ഈ സിനിമയിലെ ഡയലോഗുകൾ ഡബ്ബ് ചെയ്തത് സംവിധായകൻ ആലപ്പി അഷ്റഫ് ആണ്. അക്കാലത്ത് ജയന്റെ ഒട്ടേറെ ചിത്രങ്ങൾ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നു. ചില പ്രോജക്ടുകൾ മറ്റ് താരങ്ങളെ വച്ച് മുന്നോട്ടു പോയപ്പോൾ മറ്റുപലതും പൂർണ്ണമായി ഉപേക്ഷിക്കേണ്ടിയും വന്നു.
