ഒരു കർഷകകുടുംബത്തിൽ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്പ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞ എം ടി പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവോടെ മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. കലാരംഗത്തും ചലച്ചിത്ര മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ അത്രമേൽ അമൂല്യമാണ്.
കേരളക്കര ലോകത്തിന് സമ്മാനിച്ച അസാമാന്യ പ്രതിഭാശാലികളിൽ ഒരാളായ എം ടി വാസുദേവൻ നായർക്ക് 89 വയസ് പൂർത്തിയാകുന്ന അവസരത്തിൽ അദ്ദേഹം തിരക്കഥ ഒരുക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചില സിനിമകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
advertisement
മുറപ്പെണ്ണ് (1965)
എം ടി വാസുദേവൻ നായർ ഒരുക്കിയ സിനിമാത്രയത്തിലെ സിനിമകളിൽ ഒന്നാണ് 'മുറപ്പെണ്ണ്'. മറ്റു രണ്ടു ചലച്ചിത്രങ്ങൾ 'ഇരുട്ടിന്റെ ആത്മാവ്', 'അസുരവിത്ത്' എന്നിവയായിരുന്നു. എം ടിയും പ്രേം നസീറും ആദ്യമായി ഒന്നിച്ച് സഹകരിച്ച ചിത്രവും 'മുറപ്പെണ്ണാ'ണ്. അതേ പേരിലുള്ള എം ടിയുടെ നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് എ വിൻസന്റ് ആയിരുന്നു. മധു, പ്രേം നസീർ, കെ പി ഉമ്മർ, ശാരദ എന്നീ പ്രതിഭാശാലികളായ അഭിനേതാക്കളാണ് ചിത്രത്തിൽ വേഷമിട്ടത്. ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ കഥയാണ് 'മുറപ്പെണ്ണ്' പറയുന്നത്. മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ നിരയിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം കൈയാളുന്ന 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
ഇരുട്ടിന്റെ ആത്മാവ് (1967)
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നടനായിരുന്ന പ്രേം നസീർ ഒരു കാലത്ത് വാണിജ്യ സിനിമകളിലെ നായകൻ എന്ന നിലയ്ക്കായിരുന്നു അറിയപ്പെട്ടിരുന്നത്. 'ഇരുട്ടിന്റെ ആത്മാവ്' എന്ന ചിത്രത്തിൽ അദ്ദേഹത്തിന് നൽകിയ വേഷത്തിലൂടെ എം ടി ആ വിശേഷണം തിരുത്തുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പ്രേം നസീർ എന്ന പേര് മാഞ്ഞുപോകാത്ത വിധം കോറിയിടുകയും ചെയ്യുകയായിരുന്നു. പി ഭാസ്കരൻ സംവിധാനം ചെയ്ത ഈ ചിത്രം ഇതേ പേരിലുള്ള എം ടിയുടെ ചെറുകഥയെ അധികരിച്ചാണ് നിർമിച്ചത്. മാനസികവിഭ്രാന്തിയുള്ള വേലായുധൻ എന്ന കഥാപാത്രമായാണ് പ്രേം നസീർ ഈ ചിത്രത്തിൽ വേഷമിട്ടത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളുടെ കൂട്ടത്തിൽ മുൻനിരയിൽ സ്ഥാനമുള്ള ചിത്രമാണ് 'ഇരുട്ടിന്റെ ആത്മാവ്'. ചിത്രത്തിന്റെ ക്‌ളൈമാക്‌സിലെ പ്രേം നസീറിന്റെ പ്രകടനം ഇന്നും സിനിമാപ്രേമികളെ കോരിത്തരിപ്പിക്കാറുണ്ട്.
നിർമാല്യം (1973)
തിരക്കഥാകൃത്ത് എന്ന നിലയിൽ തന്റെ സ്ഥാനം അജയ്യമാക്കിയ എം ടി വാസുദേവൻ നായരുടെ ആദ്യ സംവിധാന സംരംഭമാണ് 'നിർമാല്യം' എന്ന ചിത്രം. ഒരു വെളിച്ചപ്പാടിന്റെ ജീവിതകഥ പറയുന്ന സിനിമ ക്ഷേത്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങൾ നേരിടുന്ന കഷ്ടതകളിലേക്കാണ് വെളിച്ചം വീശുന്നത്. കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാടായി അഭിനയിച്ച പി ജെ ആന്റണി അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. ആ പ്രകടനത്തിന് അദ്ദേഹം ആ വർഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. സുകുമാരൻ, രവി മേനോൻ, സുമിത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഒരു വടക്കൻ വീരഗാഥ (1989)
സമ്പൂർണമായ കലാസൃഷ്ടി എന്ന നിലയിൽ എടുത്തു പറയാൻ കഴിയുന്ന അപൂർവം മലയാള സിനിമകളിൽ ഒന്നാണ് 'ഒരു വടക്കൻ വീരഗാഥ'. ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ചന്തു എന്ന കഥാപാത്രത്തെ തീർത്തും വ്യത്യസ്തമായ ഒരു ക്യാൻവാസിൽ പ്രതിഷ്ഠിച്ചുകൊണ്ട് വിസ്മയം തീർക്കുകയാണ് എം ടി. മമ്മൂട്ടി എന്ന അതുല്യനടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഈ ചിത്രത്തിലെ അഭിനയം കണക്കാക്കപ്പെടുന്നു.
കടവ് (1991)
എം ടി വാസുദേവൻ നായർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'കടവ്'. എസ് കെ പൊറ്റക്കാടിന്റെ 'കടത്തുതോണി' എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമിച്ചത്. അമ്മ ഉപേക്ഷിക്കുകയും ബീരാൻ എന്ന് പേരുള്ള കടത്തുകാരന്റെ വീട്ടിൽ അഭയം തേടുകയും ചെയ്യുന്ന രാജു എന്ന കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. രാജുവിന്റെ ഏകാന്തതയും ദേവി എന്ന പെൺകുട്ടിയുമായുള്ള അയാളുടെ അടുപ്പവും വേർപിരിയലുമെല്ലാം അനിതരസാധാരണമായ വൈഭവത്തോടെയാണ് എം ടി 'കടവി'ൽ ചിത്രീകരിച്ചിരിക്കുന്നത്. എം ടി വാസുദേവൻ നായരുടെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ചിത്രം തന്നെയാണ് 'കടവ്'.
പരിണയം (1994)
എം ടി തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് പരിണയം. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിൽ നിലവിലുണ്ടായിരുന്ന സ്മാർത്തവിചാരം എന്ന ദുരാചാരത്തെയാണ് ഈ ചിത്രത്തിൽ എം ടി പ്രമേയമായി സ്വീകരിച്ചത്. ഉണ്ണിമായ എന്ന 17 വയസുകാരിയായ പെൺകുട്ടിയെ പ്രായമായ ഒരു നമ്പൂതിരി ബ്രാഹ്മണന് നാലാമത്തെ ഭാര്യയായി വിവാഹം കഴിച്ചു കൊടുക്കുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ആ നമ്പൂതിരി മരണപ്പെടുകയും ഉണ്ണിമായ വളരെ ചെറുപ്പത്തിൽ തന്നെ വിധവയായി മാറുകയും ചെയ്യുന്നു. തുടർന്ന് കഥകളി കലാകാരനായ മാധവനുമായി ഉണ്ണിമായയ്ക്കുണ്ടാകുന്ന ബന്ധവും മാധവന്റെ കുഞ്ഞിന് അവർ ജന്മം നൽകുന്നതും സ്മാർത്തവിചാരം എന്ന വിചാരണയ്ക്ക് വിധേയയാകുന്നതുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹിനി, വിനീത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
