TRENDING:

മോഹൻലാല്‍ കാമാഖ്യയിൽ: 'ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ; അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം'

Last Updated:

ആസാമിലെ കാമാഖ്യ സന്ദർശനം ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നെന്ന് താരം പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാല്‍. സിനിമകളിലെ ഇടവേളകളിൽ മിക്കപ്പോഴും താരം യാത്രയിലായിരിക്കും. ഇപ്പോഴിതാ മോഹൻലാൽ തന്റെ കാമാഖ്യ യാത്രയിലാണ്. ആസാമിലെ കാമാഖ്യ സന്ദർശനം ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നെന്ന് താരം പറയുന്നു. എഴുത്തുകാരന്‍ ആര്‍ രാമാനന്ദും മോഹന്‍ലാലിനൊപ്പമുണ്ട്.
advertisement

ഇവിടെ വന്നപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞതെന്നും അസ്സാമുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചു നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണെന്നും താരം കാമാഖ്യ യാത്രയുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

കാമാഖ്യയെ കണ്ട് ഉമാനന്ദനെ കാണാൻ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക് യാത്രതിരിക്കുമെന്നും മോഹൻലാൽ കുറിപ്പില്‍ പറയുന്നു. അസമിലെ പ്രധാന ക്ഷേത്രമാണ് ഗുവാഹത്തിയിലെ നീലാചൽ കുന്നിൻ മുകളിൽ സ്ഥാതി ചെയ്യുന്ന കാമാഖ്യ ദേവാലയം. സ്ത്രീ ശക്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന കാമാഖ്യ ക്ഷേത്രത്തിൽ യോനീ പ്രതിഷ്ഠയാണുള്ളത്.

advertisement

കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. അതിൻരെ ഭാഗമായി മൂന്നു ദിവസം ക്ഷേത്രം അടച്ചിടും. ആ ദിവസങ്ങളിൽ വിശ്വാസികൾക്ക് ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശനമില്ലെങ്കിലും പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുക.

advertisement

മോഹൻലാലിന്റെ കുറിപ്പ്

കേട്ടു കേൾവി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാൻ കാമാഖ്യയെ കുറിച്ച് കേട്ടത് എന്നാണ് ? ഓർമ്മയില്ല. പക്ഷേ കേട്ട നാൾ മുതൽ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ട്ടിക്കുന്നത് പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ . പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര. ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്റെ അമ്മാവന്റെ (ഗോപിനാഥൻ നായർ ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമാ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്‌ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്റെ മാർഗ്ഗത്തിലെ അവധൂതർ .

advertisement

തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാൻ ഇനിയും എത്രെയോ മുൻപിലേക്ക് പോകണം. കാമാഖ്യ യോനി പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. യോനി എന്നാൽ വരുന്നയിടം എന്നാണർത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ നമ്മിൽ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം.

ഇവിടെ വന്നപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞത്. ഏതാണ്ട് അറുന്നുറു വർഷം അഹോം രാജാക്കന്മാർ ഭരിച്ചയിടം. മുഗൾ - ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാൻ ചരിത്ര പാഠപുസ്തകത്തിൽ പഠിച്ചതായി ഓർക്കുന്നില്ല. അസ്സാമുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചു നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളിൽ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകൾ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു. നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാൽ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്ഠ. ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ വേണ്ട സഹായങ്ങൾ ചെയ്തു തന്ന പണ്ഡിറ്റ് നയൻ ജ്യോതി ശർമ്മ ക്ഷേത്രത്തിന്റെ പഴക്കം ദ്വാപരയുഗത്തോളം എന്നാണ് പറഞ്ഞത്. ചരിത്രപരമായി ഇതിന്റെ പഴക്കം ഏഴാം നൂറ്റാണ്ടിൽ വരെ കൊണ്ട് ചെന്നെത്തിക്കാൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. തീർച്ചയായും കാമാഖ്യയിലെ യോനീ സങ്കൽപത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ്. തീർച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക് , ഉമാനന്ദനെ കാണാൻ . ഭൂപൻ ഹസാരിക ഹൃദയം നിറഞ്ഞു പാടിയ ബ്രഹ്മപുത്രയിലൂടെ ഒരു യാത്ര . നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാൻ ഒരു യാത്ര. ഈ യാത്ര ഞങ്ങൾ എന്നോ ആഗ്രഹിച്ചതാണ്. എന്റെ കൂടെ റാം ഉണ്ട് (ആർ. രാമാനന്ദ്). കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തിൽ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങൾ കൂടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാല്‍ കാമാഖ്യയിൽ: 'ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ; അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം'
Open in App
Home
Video
Impact Shorts
Web Stories