സംവിധായകന്റെ പരിചയക്കുറവ് 2020 ഫെബ്രുവരി മാസത്തിൽ ഷൂട്ടിംഗ് തുടങ്ങിയ വേളയിൽ തന്നെ പ്രകടമായിരുന്നു. അനുഭവസമ്പത്തുള്ള ഒരു അസ്സിസ്റ്റന്റിനെയോ, പ്രൊഡക്ഷൻ കൺഡ്രോളറെയോ ഉൾപ്പെടുത്താൻ അഹാന നിർദേശിച്ചുവെങ്കിലും, സംവിധായകൻ മനു ജെയിംസ് ചെവിക്കൊണ്ടില്ല. പലപ്പോഴും സംവിധായകരും കൂട്ടരും കാരവനിൽ മദ്യപാന പാർട്ടി കഴിഞ്ഞു വരുന്നത് വരെ താനും മറ്റു ക്രൂ അംഗങ്ങളും കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്. ഷെഡ്യൂൾ പ്രകാരം ഷൂട്ടിങ് നടന്നിരുന്നില്ല. ഷൂട്ടിംഗ് എപ്പോൾ തുടങ്ങണം എപ്പോൾ തീർക്കണം എന്ന കാര്യത്തെക്കുറിച്ച് സംവിധായകൻ ബോധവാനായിരുന്നില്ല. ഷൂട്ടിംഗ് വേളയിൽ ആർക്കും ഒന്നിലും വ്യക്തതയില്ല എന്ന നിലയിൽ എത്തിച്ചേർന്നു. 2021 ഡിസംബറിൽ അവസാനമായി ഷൂട്ട് ചെയ്യുമ്പോൾ, അടുത്ത ഷെഡ്യൂൾ എപ്പോഴെന്ന കാര്യത്തിൽപ്പോലും തനിക്ക് വ്യക്തത ലഭിച്ചില്ല.
advertisement
എന്നാൽ, പിന്നീട് കണ്ടത് ഒരു വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനെ വേണം എന്ന അവരുടെ പരസ്യമായിരുന്നു. അഹാനയുടെ ഭാഗങ്ങൾ ഡബ് ചെയ്യാൻ വേണ്ടിയായിരുന്നു അത്. ഇക്കാര്യം അഹാനയെ അറിയിക്കുക പോലും ചെയ്തില്ല. മനുവിനേയും ഭാര്യ നൈനയെയും ഇക്കാര്യം പറഞ്ഞുകൊണ്ട് താൻ ബന്ധപ്പെട്ടിരുന്നു എന്ന് അഹാന. ഇത് പരാജയപ്പെട്ടതും, 2022 മാർച്ചിൽ അഹാനയോടു ഡബ് ചെയ്യണം എന്ന ആവശ്യവുമായി സംവിധായകൻ മുന്നോട്ടു വന്നു. വളരെ പ്രൊഫഷണൽ സിനിമകളിൽ അഭിനയിച്ച തനിക്ക് ഈ സിനിമയിൽ നേരിടേണ്ടതായി വന്നത് മോശം സാഹചര്യങ്ങളായിരുന്നു എന്നും അഹാന.
തൊട്ടടുത്ത മാസം അഹാന ഡബ് ചെയ്യണം എന്ന ആവശ്യവുമായി നൈന അമ്മ സിന്ധു കൃഷ്ണയെ ബന്ധപ്പെട്ടു. മനുവിന്റെ മദ്യപാനവും മറ്റു പ്രശ്നങ്ങളും മകൾ തരണം ചെയ്യേണ്ടതായി വന്ന വിവരം പറഞ്ഞതും, അഹാന മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് സംവിധായകന്റെ ഭാര്യ ആരോപണം ഉന്നയിച്ചുവത്രെ. പിന്നീട് എട്ടോ ഒമ്പതോ മാസങ്ങൾ മനുവുമായോ, നൈനയുമായോ തനിക്ക് ബന്ധമേതും ഉണ്ടായിരുന്നില്ല എന്ന് അഹാന. എന്നാൽ, ഇതേവർഷം ഡിസംബറിൽ അഹാന സെറ്റിൽ വൈകി വരുമെന്നും, പ്രശ്നക്കാരിയെന്നും, മയക്കുമരുന്ന് ഉപയോഗിക്കും എന്നും അറിയപ്പെടുന്ന മറ്റൊരു നടിയോട് സംവിധായകനും ഭാര്യയും പറയുന്നു.
2023 ജനുവരിയിൽ മാർക്കറ്റിംഗ് സ്പെഷലിസ്റ്റ് ആയ സംഗീത ജനചന്ദ്രനും ഇത്തരം ഒരു വിഷയം സംവിധായകനും ഭാര്യയും പ്രചരിപ്പിച്ചതായി അഹാനയോട് പറയുന്നു. സിനിമ പ്രൊമോട്ട് ചെയ്യാൻ അവർ സംഗീതയെ സമീപിച്ച വേളയിലായിരുന്നത്രെ ഇങ്ങനെയൊരു കുറ്റാരോപണം അഹാനയുടെ മേൽ കെട്ടിവച്ചത്. ഇക്കാര്യം സംവിധായകനുമായി സംസാരിച്ചപ്പോൾ, അതൊരു കള്ളപ്രചരണമെന്ന് സമ്മതിച്ചുവെന്നും, ഫോൺ റെക്കോർഡിങ്ങുകൾ തന്റെ പക്കൽ ഉണ്ടെന്നും അഹാന കൃഷ്ണ. 20 ദിവസങ്ങൾക്കകം സംവിധായകൻ മരണപ്പെട്ടു.
തന്റെ ചില രംഗങ്ങൾ പോലും മറ്റാരെയോ വച്ച് ഷൂട്ട് ചെയ്തു എന്നും അഹാന പറയുന്നു. താൻ ഷൂട്ട് ചെയ്യാത്ത രംഗങ്ങൾ സിനിമയിൽ ഉള്ളതായി ഛായാഗ്രാഹകനും നേരിട്ട് കണ്ട് ബോധ്യപ്പെട്ടുവത്രെ. എന്നിട്ടും സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യാൻ താൻ രണ്ടു പ്രമുഖ താരങ്ങളുമായി സംവദിച്ചിരുന്നു എന്ന് അഹാന. തനിക്കും കുടുംബത്തിനും മാസങ്ങൾ നീണ്ട മനോവ്യഥ സമ്മാനിച്ചവരാണ് സംവിധായകനും ഭാര്യയുമെന്നു അഹാന.
ഇത്തരം കാര്യങ്ങൾ തുറന്നു പറയേണ്ട എന്ന് കരുതിയെങ്കിലും, ഇതേ സിനിമയുടെ ഭാഗമായ ചിലർക്ക് സമാനരീതിയിലെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ താൻ കാര്യങ്ങളിൽ വ്യക്തത വരുത്താൻ തീരുമാനിക്കുകയായിരുന്നു എന്നും അഹാന കൃഷ്ണ കൂട്ടിച്ചേർത്തു.