അധികം വൈകാതെ തന്നെ റിഹാനയുടെ ട്വീറ്റ് വൈറലായി. കോടിക്കണക്കിന് ഫോളോവേഴ്സുള്ള റിഹാന, വാർത്ത പങ്കുവച്ചതോട ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധത്തിൻ കൂടുതൽ ജനശ്രദ്ധ ലഭിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. ഈ വിഷയം ഉയർത്തിക്കാട്ടിയതിന് പലരും റിഹാനയ്ക്കും നന്ദി അറിയിച്ചിട്ടുമുണ്ട്. തുടക്കം മുതൽ തന്നെ കർഷക സമരത്തിന് പിന്തുണ നൽകുന്ന ബോളിവുഡ് താരം ദിൽജിത്ത് ദോസൻജ് അടക്കമുള്ളവർ റിഹാനയോട് നന്ദി അറിയിച്ചിട്ടുണ്ട്.
എന്നാൽ റിഹാനയുടെ ട്വീറ്റിന് പിന്നാലെ ഇവരെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗത്ത് രംഗത്തെത്തിയതാണ് ഇപ്പോൾ നെറ്റിസൺസിനെ ചൊടിപ്പിച്ചിരിക്കുന്നത്. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
'ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാൽ അവര്‍ കർഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുർബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങൾ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.
ഇതിന് പിന്നാലെ കനത്ത വിമർശനങ്ങളാണ് കങ്കണയ്ക്ക് നേരിടേണ്ടി വരുന്നത്. കേന്ദ്രസർക്കാരിനെ കണ്ണടച്ച് പിന്തുണയ്ക്കുന്ന താരത്തിന് 'ഭക്ത്' എന്ന വിശേഷണവും ഇവർ ചാർത്തി നൽകിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർഷക പ്രക്ഷോഭത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന ആളാണ് കങ്കണ. തീവ്രവാദികളാണ് പ്രതിഷേധം നടത്തുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നുമടക്കം കടുത്ത വിമർശനങ്ങൾ പലപ്പോഴായി ഇവർ ഉന്നയിക്കുന്നുണ്ട്.
