TRENDING:

ഒരു പെരുന്തച്ചൻ, ഒരേയൊരു അജയൻ

Last Updated:

മുത്തശിക്കഥയിലെ രാജകുമാരനെ പോലെ അജയനും ദീർഘ നാൾ തേടിയലഞ്ഞ സ്വപ്നമായ മാണിക്യക്കല്ലു നേടാതെ ഓർമയായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ചന്ദ്രകാന്ത് വിശ്വനാഥ്
advertisement

" ഒരു കല്ലു നാട്ടി കാറ്റു മറയ്ക്കണമെങ്കിൽ അത് വെറും തച്ചനല്ല പെരുന്തച്ചനാകണം." ശില്പ ചാതുരി കൊണ്ട് മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച ചിത്രത്തിൽ എഴുത്തുകാരൻ എംടി വാസുദേവൻ നായർ നായകനായ പെരുന്തച്ചനെ സുഹൃത്തായ തമ്പുരാന്റെ വാക്കുകളിലൂടെ പരിചയപ്പെടുത്തുന്നതിങ്ങനെ. യാദൃശ്ചികമാകാം, ചിത്രത്തിന്റെ സംവിധായകനായ അജയന് ഒരേയൊരു സിനിമ മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളു. ലക്ഷണമൊത്ത ആ സിനിമ മാത്രം. പല ജാതിയായി പിരിഞ്ഞ പന്തിരുകുലത്തിന്റെ വഴിയിലൂടെ കേരളത്തിന്റെ പുരാവൃത്തം തെളിച്ചു വെച്ച ഒരു കഥ. 1990ൽ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ദേശീയ ബഹുമതികൾ നേടിയതിനൊപ്പം കലാമൂല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയശേഷമായിരുന്നു ഇതെന്നോർക്കണം. വിഖ്യാതമായ ലോകാർണോ മേളയിലും പരിഗണിക്കപ്പെട്ടിരുന്നു.എന്നാൽ രണ്ടാമതൊരു ചിത്രം സാധ്യമായില്ല.

advertisement

കമ്യുണിസ്റ്റ് നേതാവും നാടകാചാര്യനും  തിരക്കഥാകൃത്തുമായിരുന്ന  തോപ്പിൽ ഭാസിയുടെ മകന് തിരഞ്ഞെടുക്കാനുണ്ടായിരുന്നത് കലയുടെ വഴിയായിരുന്നു. അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ബിരുദം നേടിയ ശേഷം സംവിധായകരുടെ കൂടെ പ്രവർത്തിച്ചു. സിനിമകളുടെ എഴുത്തു സമയം മുതൽ കൂടെ നിന്ന പത്മരാജനുമായുള്ള ഗുരുശിഷ്യ ബന്ധം ആത്മബന്ധമായി. ഭരതനൊപ്പം പ്രയാണം, രതിനിർവേദം, എന്റെ ഉപാസന, പത്മരാജനൊപ്പം ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, കരിയിലക്കാറ്റുപോലെ, നവംബറിന്റെ നഷ്ടം അരവിന്ദനൊപ്പം ഒരിടത്ത്, കെ ജി ജോർജിനൊപ്പം പഞ്ചവടിപ്പാലം, വേണു നാഗവള്ളിക്കൊപ്പം സർവകലാശാല എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് പെരുന്തച്ചനിലെത്തിയത്.

advertisement

എം ടി യുടെ നിർദേശപ്രകാരം തിലകനും നെടുമുടി വേണുവും പ്രധാന വേഷങ്ങളിലേക്കു വന്നു. കൃഷ്ണമൂർത്തി കലാസംവിധാനവും സന്തോഷ് ശിവൻ ക്യാമറയും ചെയ്തു. ഒരു ക്യാമറയിൽ 32 ദിവസം കൊണ്ട് പൂർത്തിയായി. ചിത്രീകരണം എതാണ്ട് പൂർണമായും മൂകാംബികയ്ക്കടുത്ത കുന്ദാപുരയിലായിരുന്നു. എന്നാൽ സിനിമ തീയറ്ററിലെത്തിയ തലേന്ന് പത്മരാജൻ അകാലത്തിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ട ശേഷമായിരുന്നു സംവിധായകൻ ആദ്യ സിനിമ കാണാൻ തീയറ്ററിലെത്തിയത്. സംഘട്ടനമില്ലാത്ത, പാട്ടുകളില്ലാത്ത പഴമയുടെ നിറത്തിൽ 1991 ജനുവരി 25ന് ഇറങ്ങിയ ചിത്രം സിനിമാശാലകൾ നിറച്ചു. മകനോടുള്ള അസൂയയോ സുഹൃത്തിനോടുള്ള കടപ്പാടോ ആചാരങ്ങളോടുള്ള വിധേയത്വമോ എന്താണ് 'വീതുളി കൊണ്ട് മകനെ കൊല്ലുക' എന്ന കടുംകൈ ചെയ്യാൻ പെരുന്തച്ചനെ പ്രേരിപ്പിച്ചതെന്ന് ആശയക്കുഴപ്പത്തിലാക്കിയ ചിത്രം നിരൂപകരുടെയും സാധാരണക്കാരുടെയും പ്രശംസയ്ക്ക് പാത്രമായി.

advertisement

എം ടി യുടെ ബാലസാഹിത്യ കൃതിയായ മാണിക്യകല്ല് സിനിമയാക്കാനായിരുന്നു പിന്നീട് പദ്ധതി. ഏതാണ്ട് പത്തു വർഷത്തോളം സജീവമായി ആ മോഹത്തിന്റെ പിന്നാലെയായിരുന്നു അദ്ദേഹം. അനന്തമായ ഗ്രാഫിക്സ് സാധ്യതകളുള്ള പദ്ധതിയായിരുന്നു അത്. ഇതിനു വേണ്ടി ഹോളിവുഡ് സ്റ്റുഡിയോകളുമായി സമ്പർക്കം പുലർത്തി. അങ്ങോട്ട് യാത്രകളുൾപ്പടെ നടത്തി. നിരന്തരം സിനിമയുടെ സൗന്ദര്യത്തിനു പിന്നിലെ വികൃതമായ രാഷ്ട്രീയത്തിനു മുന്നിൽ തല കുനിക്കാൻ തയാറാകാഞ്ഞതിനാൽ പദ്ധതി സ്വപ്നമായി തന്നെ നിന്നു.' ആ മോഹം നടക്കാതെ പോയതിന്റെ വേദന സർഗജീവിതത്തിന്റെ തകർച്ചയ്ക്കു കാരണമായി. അങ്ങനെ തലകുനിക്കാത്ത ആ പ്രതിഭ പിന്നീട് മൗനത്തിന്റെ തുരുത്തിലായി. ഇടയ്ക്ക് വരുന്ന അഭിമുഖങ്ങളൊഴിച്ചാൽ ആ മൗനം മുറിഞ്ഞില്ല. കായംകുളത്തിനടുത്ത വള്ളികുന്നത്തെ വീട്ടിൽ മൗനത്തിനൊപ്പം മുറുക്കാൻ ചവച്ചിരുന്നു കാലം കഴിഞ്ഞു.

advertisement

രോഗം മൂർച്ഛിച്ചപ്പോഴും അച്ഛന്റെ ആത്മകഥയായ 'ഒളിവിലെ ഓർമകൾ' സിനിമയാക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വെള്ളിത്തിരയ്ക്കു പിന്നിലെ വെല്ലുവിളികൾ നിറഞ്ഞ ജീവിതകഥ അടുത്തിടെ ഒരു പ്രസിദ്ധീകരണത്തോടു തുറന്നു പറയാനായി ഒരുങ്ങുകയായിരുന്നു. " ഞാനെല്ലാം തുറന്നു പറയും. ബഹുമാനിക്കണ്ടവരെ ബഹുമാനിച്ചു തന്നെ, " അടുത്ത സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പക്ഷെ മുത്തശിക്കഥയിലെ രാജകുമാരനെ പോലെ അജയനും ദീർഘ നാൾ തേടിയലഞ്ഞ സ്വപ്നമായ മാണിക്യക്കല്ലു നേടാതെ ഓർമയായി. എന്നാൽ കാലത്തിൽ കൊത്തിയ ആ ഒരു ചിത്രം മലയാള സിനിമയുടെ പൂമുഖത്തു തന്നെയുണ്ടായിരിക്കും. അജയ്യമായ അഭിമാനത്തോടെ അജയനും.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു പെരുന്തച്ചൻ, ഒരേയൊരു അജയൻ
Open in App
Home
Video
Impact Shorts
Web Stories