പതിവ് പീരിയോഡിക് സിനിമകളിലെ മാസ് ഡയലോഗുകളും മാരക ആക്ഷന്‍രംഗങ്ങളും പ്രതീക്ഷിച്ച് പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം കാണാന്‍ പോകുന്നവര്‍ക്ക് ആദ്യമേ ഒരു മുന്നറിയിപ്പ് നല്‍കുന്നു.. പിഎസ് വണ്‍ മറ്റൊരു ബാഹുബലിയോ മഗധീരയോ അല്ല. കല്‍ക്കിയുടെ നോവലിനോട് പൂര്‍ണമായും നീതി പുലര്‍ത്തും വിധം ക്ലാസിക് ശൈലിയില്‍ തന്നെയാണ് മണിരത്നം ചോളസാമ്രാജ്യത്തെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്.
കഥയിലേക്ക് വന്നാല്‍ സിനിമയുടെ ട്രെയിലറില്‍ കാണിച്ചിരുന്നത് പോലെ ചോളസിംഹാസനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും രാജ്യാധികാരം കൈക്കലാക്കാന്‍ ശത്രുക്കള്‍ നടത്തുന്ന ചതിയും ഉപജാപങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പക, പ്രതികാരം, അധികാരമോഹം, പ്രണയം, പ്രണയനൈരാശ്യം, വഞ്ചന എന്നിങ്ങനെ പല വികാര തലങ്ങളിലൂടെയാണ് കഥയും കഥാപാത്രങ്ങളും കടന്ന് പോകുന്നത്.
advertisement
ഓരോ കഥാപാത്രത്തെ ആസ്പദമാക്കി പോലും ഒരു സിനിമയ്കുള്ള സാധ്യതയുണ്ടെന്ന് തോന്നി പോകും വിധം ആഴത്തിലാണ് ഓരോ കഥാപാത്രത്തെയും കല്‍ക്കി സൃഷ്ടിച്ചിരിക്കുന്നത്. ഒന്നിലധികം ലെയറുകള്‍ ഓരോ കഥാപാത്രങ്ങളിലും കാണാന്‍ കഴിയും. സിനിമ കണ്ടതിന് ശേഷം നോവല്‍ വായിക്കുകയാണെങ്കില്‍ കുറച്ചുകൂടി കണ്‍വീന്‍സിങ്ങായി പ്രേക്ഷകന് അനുഭവപ്പെടാം.
കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും അരോചകമാകാത്തവിധം അവയെ പ്ലേസ് ചെയ്യുന്നതില്‍ സംവിധായകനും എഡിറ്റര്‍ ശ്രീകര്‍ പ്രസാധും വിജയിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങള്‍ റിലീസിന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിലഘട്ടത്തില്‍ ഇത്രയധികം പാട്ടുകള്‍ ഉള്‍ക്കൊള്ളിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിയാലും തെറ്റ് പറയാനാകില്ല.
വലിയ താരനിര, കോടികള്‍ മുതല്‍മുടക്ക്, മികച്ച സാങ്കേതിക വിദഗ്ധര്‍ എന്നിവയൊക്കെ മൂലം വലിയ ഹൈപ്പ് ഉണ്ടായിട്ടും തന്‍റെ ശൈലിയില്‍ നിന്ന് വ്യതിചലിക്കാന്‍ മണിരത്നം തയാറായിട്ടില്ല എന്നതാണ് പൊന്നിയിന്‍ സെല്‍വന്‍ കണ്ടതിന് പ്രേക്ഷകന് ബോധ്യമാകും.
Also Read:-'ഒരു രൂപ പ്രതിഫലം നല്‍കിയാല്‍ മതി ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാം'; ചിയാന്‍ വിക്രം
അഭിനേതാക്കളെ നിര്‍ണ്ണയിക്കുന്നത് ശരിയായാല്‍ തന്നെ പാതി ജോലി കഴിയും എന്നാണ് റിലീസിന് മുന്‍പ് മണിരത്നം പറഞ്ഞിരുന്നത്. അതിനെ ശരിവെക്കും വിധം മികച്ച പ്രകടനം തന്നെ എല്ലാവരും നടത്തിയെന്ന് പറയാം. ചരിത്രത്തിലെ യഥാര്‍ഥ വ്യക്തിക്കള്‍ക്കൊപ്പം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും സൃഷ്ടിച്ചാണ് കല്‍ക്കി നോവല്‍ ഒരുക്കിയത്. സിനിമയില്‍ മുഴുനീളം നിറഞ്ഞു നില്‍ക്കുന്ന വല്ലവരയാന്‍ വന്ദിയതേവന്‍ എന്ന കഥാപാത്രത്തെ കാര്‍ത്തി മികച്ചതാക്കി. ചോളസാമ്രാജ്യത്തിന്‍റെ കിരീടാവകാശിയായ ആദിത്യകരികാലനായി വിക്രമും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു പോരാളിയുടെ ആകാരഭംഗിയും പ്രണയനൈരാശ്യം മൂലം ഉണ്ടായ മനോവ്യഥകളും ആദിത്യകരികാലനെ പ്രേക്ഷകനില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാക്കി മാറ്റുന്നു.
സിനിമയിലെ ടൈറ്റില്‍ റോളായ അരുള്‍മൊഴി വര്‍മ്മന്‍ അഥവാ രാജ രാജ ചോഴന്‍ എന്ന പൊന്നിയിന്‍ സെല്‍വനെ അവതരിപ്പിച്ച ജയം രവിയും തന്‍റെ ഭാഗം മികച്ചതാക്കി. എന്നാല്‍ കഥകളില്‍ കേട്ട വീരശൂരപരാക്രമിയായ രാജരാജ ചോഴന്‍റെ ആകാരത്തിലേക്ക് ജയം രവി പൂര്‍ണമായും എത്തിയോ എന്നത് ആദ്യ ഭാഗത്തില്‍ നിന്ന് വ്യക്തമല്ല. ഒരുപക്ഷേ രണ്ടാം ഭാഗത്തില്‍ കുറച്ചുകൂടി മികച്ച പ്രകടനം ജയം രവിയില്‍ നിന്ന് പ്രതീക്ഷിക്കാം.
പ്രകാശ് രാജിന്‍റെ സുന്ദര ചോഴന്‍, ശരത് കുമാര്‍, പാര്‍ഥിപന്‍ എന്നിവര്‍ അവതരിപ്പിച്ച പെരിയ പഴുവേട്ടരായറും ചിന്ന പഴുവേട്ടരാറും, ജയറാമിന്‍റെ ആഴ്വാര്‍ക്കടിയന്‍ നമ്പി, റഹ്മാന്‍റെ മധുരാന്തക ചോഴന്‍ എന്നി കഥാപാത്രങ്ങളും കഥയോട് നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചു.
Also Read:-ഇന്ത്യയെ ഞെട്ടിക്കുന്ന കൽക്കി കൃഷ്ണമൂർത്തി; 'പൊന്നിയിൻ സെൽവന്റെ' രചയിതാവിനെക്കുറിച്ച്
സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. പ്രതികാരത്തിന് സുന്ദരമായ ഒരു രൂപമുണ്ടെങ്കില്‍ അത് പൊന്നിയിന്‍ സെല്‍വനിലെ നന്ദിനിയായെത്തിയ ഐശ്വര്യ റായ് തന്നെയാണ്. ഇതുവരെ കണ്ടതില്‍ നിന്ന് വിഭിന്നമായി നെഗറ്റീവ് ഷെയ്ഡിലുള്ള ഐശ്വര്യയുടെ പ്രകടനം നിറഞ്ഞ കൈയ്യടിക്കുന്നു. ചോളകുലത്തിന്‍ മണിവിളക്ക് ഇളയരാജകുമാരി കുന്ദവൈ ദേവിയെ അവതരിപ്പിച്ച തൃഷയും മികച്ച പ്രകടനം തന്നെ നടത്തി. സ്ക്രീന്‍ സ്പേസ് താരതമ്യേന കുറവാണെങ്കിലും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയും പ്രേക്ഷകനില്‍ തങ്ങി നില്‍ക്കുന്നുണ്ട്. വാനതിയായെത്തിയ ശോഭിത ധുലിപാലയും തന്‍റെ ഭാഗം മികച്ചതാക്കി.
അഞ്ച് ഭാഗങ്ങളിലുള്ള ബൃഹത്തായ ഒരു നോവിലെ മൂന്ന് മണിക്കൂര്‍ നേരമുള്ള സിനിമയായി ഒതുക്കുമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്ന് പോകാതിരാക്കാന്‍ തിരക്കഥാകൃത്തുക്കളായ ജയമോഹനും ഇളങ്കോ കുമാരവേലിനും സാധിച്ചിട്ടുണ്ട്. മുന്‍വിധികളോ മറ്റു സിനിമകളുമായുള്ള താരതമ്യപ്പെടുത്തലുകളോ ഇല്ലാതെ സിനിമ കാണാന്‍ ചെന്നാല്‍ പ്രേക്ഷകനെ ഒരു തരത്തിലും നിരാശപ്പെടുത്താത്ത വിധമാണ് മണിരത്നം പൊന്നിയിന്‍ സെല്‍വനെ ഒരുക്കിയിരിക്കുന്നത്. ഇതുവരെ കണ്ടതെല്ലം ആരംഭം മാത്രമാണ്, രണ്ടാംപകുതിയില്‍ മണിരത്നം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ദൃശ്യവിസ്മയത്തിനായി 2023 വരെ കാത്തിരിക്കാം.