തമിഴിലെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി സംവിധായകന് മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്വന് PS-1' സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രചാരണത്തിനായി സിനിമയിലെ അഭിനേതാക്കള്‍ ഇന്ന് കേരളത്തിലെത്തിയിരുന്നു. സംവിധായകന് മണിരത്നം, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യലക്ഷ്മി, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ തിരുവനന്തപുരത്ത് നടന്ന പ്രൊമോഷന് ഈവന്റില്‍ പങ്കെടുക്കാനെത്തി.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരങ്ങളും മറച്ചുവെച്ചില്ല. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് പൊന്നിയിന്‍ സെല്വന് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
മലയാളത്തിലും മികച്ച സിനിമകള്‍ ഒരുക്കിയിട്ടുള്ള മണിരത്നം എന്നാണ് ഇനി മലയാളത്തിലേക്ക് മടങ്ങിവരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് 'ഗോകുലം ഗോപാലന് സാര്‍ ഇവിടെയുണ്ടല്ലോ അദ്ദേഹം തയാറാണെങ്കില്‍ മലയാളത്തില്‍ ഇത് പോലെ ഒരു സിനിമ ചെയ്യാമെന്ന് മണിരത്നം മറുപടി നല്കി.
ആ സിനിമയില്‍ നായകനായി അഭിനയിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് നടന് ചിയാന്‍ വിക്രം നല്കിയ മറുപടിയാണ് ഏല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ' ഒരു രൂപ പ്രതിഫലം നല്കിയാല് മതി ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം' എന്നാണ് വിക്രം മറുപടി നല്‍കിയത്.
പൊന്നിയിന്‍ സെല്വന് പൂര്‍ണ്ണമായും കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കിയെടുത്തിട്ടുള്ള സിനിമയാണ്. അദ്ദേഹത്തിന്റെ സൃഷ്ടിയോടും ചരിത്രത്തോടും നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകന് മണിരത്നം പറഞ്ഞു. മുന്‍പ് ഇറങ്ങിയിട്ടുള്ള പീരിയോഡിക് സിനിമകള്‍ പോലെ ഇതില്‍ ഫിക്ഷന്‍ വലിയ ഇടമില്ല, കല്‍ക്കി എഴുതിയ നോവലിലെ രാജ രാജ ചോഴന്റ കഥയാണ് ഈ സിനിമയില്‍ കാണാന്‍ കഴിയുക. കഥയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യരായ നടിനടന്മാരെയാണ് പൊന്നിയിന്‍ സെല്‍വനിലേക്ക് തെരഞ്ഞെടുത്തത്, ഇത്തരം വലിയ സിനിമകളില്‍ കാസ്റ്റിംഗ് മികച്ചതായാല്‍ തന്നെ പകുതി ജോലി കഴിയുമെന്നും മണിര്തനം പറഞ്ഞു.
മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജയറാം, ബാബു ആന്റണി, ലാല്‍, റഹ്മാന് എന്നിവരും ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സും മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എ.ആര് റഹ്മാനാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.