ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു മെഗാഹിറ്റാണ് കേരളം പ്രതീക്ഷിക്കുന്നത്. 46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
കശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം. സെപ്റ്റംബർ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
advertisement
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.