ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കൈയ്യടി നേടുമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. കൂടാതെ, ഇതിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ.
മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
advertisement
അഖിൽ സത്യൻ്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിനുപുറമെ പുണെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.