ജൂൺ പതിനാലിന് സുശാന്ത് മരിച്ചതിനു പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ഒരു സെൽഫിയും ആകാൻഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'എല്ലാക്കാലത്തേക്കും' എന്ന കുറിപ്പോടെ ആയിരുന്നു സോഷ്യൽമീഡിയയിൽ അവർ ചിത്രം പങ്കുവച്ചത്.
അതേസമയം, തന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ റിയ ചക്രവർത്തിക്ക് നീതി തേടുകയാണ് ആകാൻഷ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട പേരാണ് റിയയുടേത്. വളരെ നീളമുള്ള പോസ്റ്റിൽ 'തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയും കുറച്ച് ടിആർപിക്കായി ഒരു രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആകാൻഷ കുറിച്ചു. ഉച്ചത്തിൽ സംസാരിക്കുന്നവർ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നും വിഷാദരോഗം ഒരു രോഗമാണെന്നും ആകാൻഷ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനേക്കാൾ പീഡിപ്പിക്കപ്പെട്ട സ്ത്രീയിൽ കുറ്റം കണ്ടെത്താനാണ് നമ്മൾ ശ്രമിക്കുന്നത്. ബലാത്സംഗം ചെയ്യാൻ പുരുഷനെ പ്രേരിപ്പിച്ചെന്ന് സ്ത്രീയിൽ കുറ്റം കണ്ടെത്തുന്നെന്നും തന്റെ കുറിപ്പിൽ ആകാൻഷ പറയുന്നു.
അതേസമയം, സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് കേസിൽ മുംബൈയിൽ ഞായറാഴ്ച ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. നാർകോടിക്സ് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ, ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 16 ആയി. അതേസമയം, മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മുംബൈ, ഗോവ എന്നിവിടങ്ങളിൽ റെയ്ഡും ശക്തമാണ്.