വ്യത്യസ്തമായ ടൈറ്റില്‍ കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ജോജന്‍ സിനിമാസിന്റെ കൂറ.കൂറ(പാറ്റ)യെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്‌സണിന്റെ ക്യാരക്ടര്‍ ടീസര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മലയാളസിനിമയിലെ വ്യത്യസ്തയായ ഒരു നായികവേഷമായിരിക്കും സിസ്റ്റര്‍ ജെന്‍സി ജെയ്‌സനെ പുതുമുഖതാരം കീര്‍ത്തി ആനന്ദ് അവതരിപ്പിക്കുന്നു. വാര്‍ത്തിക്കാണ് നായകവേഷത്തിലെത്തുന്നത്.
പരിസ്ഥിതിപ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളേജ് അധ്യാപകര്‍ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. പ്രൊ. ശോഭീന്ദ്രന്റെ മകന്‍ ധ്യാന്‍ ദേവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ്, താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് , കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി എന്നീ കോളേജുകളിലെ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും കൂറയുടെ ഭാഗമായിട്ടുണ്ട്.
advertisement
അധ്യാപകന്‍ കൂടിയായ വൈശാഖ് ജോജന്‍ സിനിമാമോഹികളായ തന്റെ ഒരുപറ്റം വിദ്യാര്‍ത്ഥികളെ കൂടി ഈ ചലച്ചിത്രയാത്രയുടെ ഭാഗമാക്കി. ഒരു കാലത്ത് കേരളത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് സിനിമാസംരഭങ്ങളെ വീണ്ടെടുക്കാനുള്ള ഒരു പരിശ്രമം കൂടിയാണ് കൂറ. ഊട്ടി, നിലമ്പൂര്‍, വയനാട്, കോഴിക്കോട് എന്നിവടങ്ങളിലാണ് കൂറയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. കൂറയിലെ 'ഇതു കനവോ' എന്ന ഗാനം കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഏ.ജി ശ്രീരാഗ് സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയത് ഡോ. ദീപേഷ് കരിമ്പുങ്കരയാണ്. ഹൃദ്യ കെ ആനന്ദ്, ഹരികൃഷ്ണന്‍ വി.ജി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിജയ് യേശുദാസും ശ്രുതി പീതാംബരനും ചേര്‍ന്നാലപിച്ച 'ഇതള്‍' എന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. സംഗീതം നിതിൻ പീതാംബരൻ .അരുണ്‍ കൂത്താടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കലാസംവിധാനം അതുല്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജനുലാല്‍ തയ്യില്‍, അസോസിയേറ്റ് ഡയറക്ടര്‍ റാനിഷ് , അസിസ്റ്റന്റ് ഡയറക്ടര്‍ അക്ഷയ്കുമാര്‍, ഡിജിറ്റല്‍ ഹെഡ് നിപുണ്‍ ഗണേഷ്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കൂറയുടെ ചിത്രീകരണം 2019ല്‍ ആരംഭിച്ചതാണ്. പ്രളയവും കോവിഡുമെല്ലാം സിനിമയുടെ ചിത്രീകരണത്തിന് തടസ്സമായി. കേരളത്തിലെ ഒന്നാം ലോക്ക്ഡൗണിന് മുമ്പ് തന്നെ സിനിമയുടെ എഴുപത് ശതമാനം ജോലികളും അവസാനിച്ചുരുന്നെങ്കിലും ഒരു വര്‍ഷം നീണ്ട കോവിഡ്കാലം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. തീയേറ്റര്‍ റിലീസ് എന്ന സ്വപ്നം പൊലിഞ്ഞെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വൈശാഖ് ജോജനും കൂട്ടരും.
കിളി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത വൈശാഖ് ജോജന്റെ നിരവധി കഥകള്‍ കോഴിക്കോട് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിറ്റുണ്ട്. ഗുളികന്‍ കലയും അനുഷ്ഠാനവും, എന്താണ് സിനിമ എന്ന പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.