TRENDING:

Padavettu review | നിവിൻ പോളിയുടെ അഴിഞ്ഞാട്ടം; ഇടിവെട്ടായി 'പടവെട്ട്‌'

Last Updated:

Padavettu review | വ്യക്തിയും വ്യവസ്ഥിതിയും തമ്മിലെ 'പടവെട്ട്‌'. നിവിന്റെ അതിശക്തമായ മടങ്ങിവരവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Padavettu review | 'നമുക്ക് സ്വന്തമായി ഒരു പദ്ധതിയില്ലെങ്കിൽ, മറ്റുള്ളവർ അവരുടെ പദ്ധതിക്കായി നമ്മളെ ഉപയോഗിക്കും'. ഉത്തരമലബാറിലെ മാലൂർ ഗ്രാമത്തിന്റെ മണ്ണിൽച്ചവിട്ടി നിൽക്കുന്ന 'പടവെട്ട്‌' (Padavettu) കഥാനായകൻ രവി (നിവിൻ പോളി) താൻ എന്താണെന്നും, തനിക്ക് ചുറ്റും നടമാടുന്നത് എന്താണെന്നും തിരിച്ചറിഞ്ഞ ശേഷം പറയുന്ന വാചകമാണിത്. പ്രായപൂർത്തിയായ യുവാവാണ് രവി, തൊഴിൽരഹിതൻ. പശുവിനെ വളർത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന ഇളയമ്മ പുഷ്പയുടെ തണലിലാണ് ഒരു ചായ കപ്പ് പോലും നീക്കിവയ്ക്കാൻ തുനിയാതെ അവഹേളനവും അവജ്ഞയും ഏറ്റുവാങ്ങി ചോർന്നൊലിൽക്കുന്ന വീട്ടിൽ അയാൾ ജീവിക്കുന്നത്. അയാൾക്ക്‌ പിന്നിലൊരു കഥയുണ്ട്, അത് വേറെ. ശരീരത്തേക്കാളേറെ മനസ്സിനെ ബാധിച്ച വിരസതയാണ് അയാളെ മടിയനാക്കിയത്. രവി എന്ന വ്യക്തിയുടെ സാന്നിധ്യമോ അഭിപ്രായമോ ആർക്കും എങ്ങും പരിഗണനയിലില്ല.
പടവെട്ട്
പടവെട്ട്
advertisement

ഇത്തരമൊരു കഥാപാത്രം എങ്ങനെയാണ് സിനിമയിലെ നായകനാവുക എന്ന ചിന്ത സ്വാഭാവികം. അങ്ങനെയൊരാളെ നിർത്തി മടിയൻകുഞ്ചുവിന്റെ കഥപറയുകയല്ല ഇവിടെ. രവി ഒരു വ്യക്തി മാത്രമല്ല. ഉള്ളിന്റെ ഉള്ളിൽ തിളച്ചുമറിയുന്ന ലാവയുണ്ടായിട്ടും, പ്രതികരണ ശേഷി അടക്കിവച്ച് ജീവിക്കുന്ന, വ്യക്തിത്വം പണയംവച്ച ഏതൊരു മനുഷ്യന്റെയും പ്രതിനിധി മാത്രമാണ്, തണ്ടും തടിയുമുണ്ടായിട്ടും പണിക്കു പോകാതെ വീട്ടിലെ മുതിർന്ന സ്ത്രീയെ ആശ്രയിച്ചു ജീവിക്കുന്ന രവി. അടക്കിപ്പിടിച്ച ലാവ എപ്പോഴെങ്കിലും തിളച്ച് മറിഞ്ഞ് പുറത്തേക്കൊഴുകിയാലോ?

വ്യക്തി, വ്യവസ്ഥിതി എന്നിങ്ങനെ രണ്ട് തട്ടുകൾ തൂക്കിയ തുലാസ്സാണ് 'പടവെട്ട്‌'. വ്യവസ്ഥിതിയുടെ തട്ട് താണിരിക്കുന്നെങ്കിൽ, അതിന് വ്യക്തികൾ ചേരുന്ന സമൂഹമല്ലേ പ്രധാന കാരണം? മറിച്ച് സംഭവിക്കാനുള്ള തടസ്സമെന്താണ്? അങ്ങനെയാവേണ്ടതല്ലേ ജനാധിപത്യത്തിന്റെ അന്തസത്ത?

advertisement

സിനിമയിൽ രാഷ്ട്രീയം പറയുമ്പോൾ ഏകവർണ്ണക്കൊടി അല്ലെങ്കിൽ മൂവർണ്ണക്കൊടിയിൽ കേട്ട് പരിചയിച്ച മൂന്നക്ഷരങ്ങൾ മറ്റൊരു തരത്തിൽ എഴുതിപ്പിടിപ്പിച്ചു കഥ പറയുന്നതിൽ നിന്നും മാറി, ഫേമസ് അല്ലാത്ത ദ്വിവർണ്ണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം കടന്നുവരിക. പാർട്ടിയുടെ നേതാവിന് 'നേതാവ് കുയ്യാലി' (ഷമ്മി തിലകൻ) എന്നേയുള്ളൂ വിളിപ്പേര്. ഡെക്കറേഷനുകൾ ഒന്നുമില്ല. പ്രത്യേകിച്ചൊരു മതത്തിന്റെയോ വിഭാഗത്തിന്റെയോ പ്രതിനിധിയായി ഇദ്ദേഹത്തെ ചിത്രീകരിച്ചിട്ടില്ല.

advertisement

'നിഷ്പക്ഷ ജനസേവനത്തിന്റെ ഭാഗമായി', മറുത്തുപറയാൻ തുനിയാത്തവന്റെ പാടത്തും പറമ്പിലും കേറി, അവരുടെ ജീവിതനിലവാരം 'മെച്ചപ്പെടുത്തി', 'വികസനം' കൊണ്ടുവന്ന് അയാളുടെ 'വക'യായി പലതും മാറ്റിയെടുക്കുന്ന സ്വയം പ്രഖ്യാപിത കനിവിന്റെ ഉറവിടമാണ് തന്ത്രശാലിയായ ഈ രാഷ്ട്രീയ നേതാവ്. കൊളോണിയൽ കാലം അവസാനിച്ചതും അടിമത്തം പൊയ്‌പ്പോയി എന്ന് ചിന്തിക്കുന്ന നമ്മളിൽ പലരും അറിയാതെയെങ്കിലും എടുത്തണിഞ്ഞ അടിമത്തത്തിന്റെ ചങ്ങലയൊന്നില്ലേ? അവിടുന്ന് മോചിതരാകാൻ വീണ്ടും ഒരു വിമോചനസമരം തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഉറങ്ങിക്കിടക്കുന്ന മനുഷ്യമനസ്സുകളെ കുലുക്കിവിളിച്ചുണർത്തുകയാണ് കുയ്യാലിയും രവിയും.

advertisement

മൂത്തോൻ കഴിഞ്ഞതിൽ പിന്നെ വന്ന കോവിഡ് കാലയളവിലെ ഇടവേള, അതുകഴിഞ്ഞുള്ള ചില പക്കാ കൊമേർഷ്യൽ ചിത്രങ്ങൾ എന്നിവയ്ക്ക് ശേഷം നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവ് ഇവിടെ രേഖപ്പെടുത്താം. അലസനും, മനസ്സിന്റെ തടവറയിൽ സ്വയം ബന്ധനസ്ഥനുമായ രവിയിൽ നിന്നും ഒരുകാലത്ത് നാടിന്റെ അഭിമാനമായിരുന്ന മാലൂർ രവിയിലേക്കുള്ള അയാളിലെ തിരിച്ചു പോക്ക് നിവിൻ മനോഹരമാക്കി. ഇടിമിന്നലേറ്റപാടെ പൊടുന്നനെ സംഭവിക്കുന്ന ഒന്നാക്കാതെ, ഏറുകൊണ്ടും വീണും എഴുന്നേറ്റും വീണും എഴുന്നേറ്റുമുള്ള അയാളിലെ മാറ്റം അൽപ്പം പോലും വിരസമാക്കാതെ നിവിൻ കൈകാര്യം ചെയ്തു. ഉള്ളിന്റെ ഉള്ളിലെ കാടുവെട്ടിത്തെളിച്ച ശേഷമാണ് നിസ്വൻ എന്ന വിളിപ്പേരിൽ നിന്നും അയാൾ സടകുടഞ്ഞെഴുന്നേറ്റ് നാടിനുവേണ്ടി പടവെട്ടുക.

advertisement

പലപ്പോഴും ഡയലോഗ് ഇല്ലാതെ രവിയിലെ നിസ്സഹായതയും അയാൾ നേരിടുന്ന അവമതിയും മറ്റും അവതരിപ്പിക്കാൻ നിവിന് അവസരമുണ്ടായി. കണ്ണുകളും പുരികക്കൊടികളും ഭാവവിന്യാസങ്ങളുമാണ് നിവിന് ഇവിടെ കൈമുതൽ. നിവിന് വേണ്ടി തിരക്കഥ വളരെ മികച്ച രീതിയിൽ ഈ കഥാപാത്രത്തെ നൽകിയിരിക്കുന്നു.

കഥയിലെ വില്ലൻ നേതാവ് കുയ്യാലിയാണ് നായകന്റെ ഒപ്പം നിന്ന് കട്ടയ്ക്ക് മത്സരിച്ചഭിനയിച്ച കഥാപാത്രം. 'പാൽതു ജാൻവർ' കണ്ട പലരും ഷമ്മി തിലകനിലെ തിലകനെ ഓർത്തുപോയി എന്ന് പറഞ്ഞെങ്കിൽ, ഇവിടെയും അത് മാറ്റിപ്പറയേണ്ടി വരില്ല. രൂപത്തിലും ഭാവത്തിലും മാത്രമല്ല, അഭിനയത്തിലും ഷമ്മിയും തിലകനും ചേർന്ന വ്യക്തിയെ സ്‌ക്രീനിൽ കണ്ടാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ജസ്റ്റിസ് പിള്ളയോ, ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോനോ, ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരോ ഒക്കെയായി നടത്തിയ വേഷപ്പകർച്ചയിലെ ഭാവങ്ങളും മറ്റും കുയ്യാലിയിൽ നിറഞ്ഞു നിൽക്കുന്നു. ഷമ്മി തിലകൻ എന്ന നടൻ വർഷങ്ങൾ പിന്നിടുന്തോറും വീഞ്ഞുപോലെ വീര്യമേറുന്ന കാഴ്ചയാണ് പ്രേക്ഷകരേ, നിങ്ങൾക്ക് മുന്നിൽ വന്നു പോകുന്ന അദ്ദേഹത്തിന്റെ ഓരോ ചിത്രവും കാട്ടുക.

സ്ത്രീകഥാപാത്രങ്ങളിൽ കയ്യടി മുഴുവനും വാരിക്കൂട്ടുക രമ്യ സുരേഷ് ആണ്. കോസ്റ്റിയൂം ഡിസൈനറായി മലയാള സിനിമയിലെത്തി, മിന്നിമറയുന്ന കുറച്ചു വേഷങ്ങൾ ചെയ്ത ശേഷം, സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ രമ്യ അത്യന്തം ഗൗരവത്തോടെ സമീപിച്ചു എന്നതിന് തെളിവാണ് രവിയുടെ ഇളയമ്മ പുഷ്പയുടെ വേഷം. 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിലും രമ്യക്ക് ഒരു നല്ല വേഷമുണ്ടായിരുന്നു. നാട്ടിൻപുറത്തെ അയല്പക്കത്തെ ചേച്ചി എന്ന് തോന്നിക്കുമാര്ക്ക കഥാപാത്രങ്ങൾ രമ്യയെ ഏൽപ്പിച്ചാൽ അത് ഭദ്രമാക്കി തിരികെ നൽകുന്ന കാഴ്ചയാണ് ഇവരുടെ കഥാപാത്രങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.

ഷൈൻ ടോം ചാക്കോ, നിർമ്മാതാവ് കൂടിയായ സണ്ണി വെയ്ൻ, ഇന്ദ്രൻസ്, വിജയരാഘവൻ, ജാഫർ ഇടുക്കി എന്നിവരുടെ ദൈർഖ്യമേറിയതല്ലാത്ത കഥാപാത്രങ്ങളും ശ്രദ്ധേയം. അകാലത്തിൽ വിടപറഞ്ഞ കൈനകരി തങ്കരാജ്, അനിൽ നെടുമങ്ങാട് എന്നിവരും അവരുടെ സ്ക്രീൻ പ്രസൻസ് എടുത്തുകാട്ടുന്ന പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കുയ്യാലിയുടെ കയ്യാളായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ, പൊട്ടിത്തെറിക്കുന്ന കർഷകന്റെ വേഷം ചെയ്ത നടൻ എന്നിവരും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രം ഒരു നവാഗത സംവിധായകന്റേതാണ് എന്ന് പറഞ്ഞാൽ മാത്രം അറിയാൻ സാധിക്കുന്ന വിധമാണ് ലിജു കൃഷ്ണക്ക് സിനിമയോടുള്ള സമീപനം. ഡയലോഗുകളിലൂടെ അല്ലാത്ത അഭിനയത്തിന് സാധ്യതയേറിയ മേഖലകൾ കൂടുതലുള്ളതിനാൽ, രംഗനാഥ് രവിയുടെ ശബ്ദമിശ്രണം, ദീപക് ഡി. മേനോന്റെ ക്യാമറ എന്നിവ ഉൾപ്പെടുന്ന സാങ്കേതിക വിഭാഗത്തിലെ ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു. രാഷ്ട്രീയ പക്ഷം പിടിക്കാതെ ജനപക്ഷത്തു നിന്നും സംസാരിക്കുന്ന ഒരു സിനിമ കാണേണ്ടവർക്ക് കേറാം.

മലയാളം വാർത്തകൾ/ വാർത്ത/Film/
Padavettu review | നിവിൻ പോളിയുടെ അഴിഞ്ഞാട്ടം; ഇടിവെട്ടായി 'പടവെട്ട്‌'
Open in App
Home
Video
Impact Shorts
Web Stories