തളർന്നു കിടപ്പിലായ വയോധികനെ പരിപാലിക്കാനായി മെയിൽ ഹോംനേഴ്സായ ഉണ്ണികൃഷ്ണൻ (വിഷ്ണു ഉണ്ണികൃഷ്ണൻ) കാടിൻനടുവിലെ ഒറ്റപ്പെട്ട ഒരു ബംഗ്ളാവിൽ എത്തപ്പെടുന്നു. അങ്ങോട്ടേയ്ക്ക് പറഞ്ഞുവിടുന്ന ഏജൻസി നൽകിയ മേൽവിലാസപ്രകാരമാണ് ഉണ്ണികൃഷ്ണൻ ഇവിടെ എത്തുന്നത്. ഉണ്ണികൃഷ്ണൻ എത്തുമ്പോൾ ബിയാട്രിസ് (സാനിയ അയ്യപ്പൻ) എന്ന പെൺകുട്ടി മാത്രമാണ് അവിടെയുള്ളത്. അച്ഛനും അമ്മയും സ്ഥലത്തില്ലെന്ന കാരണം നിരത്തി ഉണ്ണികൃഷ്ണനെ മടക്കിയയക്കാൻ ബിയാട്രിസ് കഴിവതും ശ്രമിക്കുന്നെങ്കിലും അയാൾ പോകാനൊരുക്കമല്ല.
advertisement
മറ്റൊരു ആളൊച്ചയില്ലാത്ത കൂറ്റൻ ബംഗ്ളാവിൽ പിന്നീട് ഭയപ്പെടുത്തുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ണികൃഷ്ണന് മുന്നിൽ വന്നുപെടുന്നു. അപ്പോഴും മുത്തശ്ശി പറഞ്ഞു നൽകിയ നാട്ടിൻപുറത്തെ പ്രേതകഥ അയാളെ വിട്ടൊഴിഞ്ഞിട്ടില്ല. ആളില്ലാതെ തനിയെ പാടുന്ന ഗ്രാമഫോണും, ആടുന്ന കസേരയും, കോളിങ് ബെൽ കേട്ട് തുറന്നു നോക്കുമ്പോൾ ശൂന്യമായ പൂമുഖവും ഒക്കെയും അയാളെ ഭീതിയുടെ മുൾമുനയിൽ എത്തിക്കുന്നു.
ഹൊറർ പശ്ചാത്തലത്തിൽ ഒരു പ്രതികാര കഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ആ ബംഗ്ളാവിലെ 'യക്ഷി' മരണപ്പെട്ട ആരുമല്ലെന്നും, അത് ജീവിച്ചിരിക്കുന്ന, തന്റെ കണ്ണിന്മുന്നിൽ നിന്ന പെൺകുട്ടിയായ ബിയാട്രിസ് ആണെന്നും ഉണ്ണികൃഷ്ണൻ വഴിയേ മനസ്സിലാക്കുന്നു.
സിനിമ തിയേറ്റർ വിട്ട് ചെറു സ്‌ക്രീനിനുകളിൽ ചേക്കേറിയതിന്റെ ന്യൂനത അനുഭവവേദ്യമാക്കിയ സിനിമയാണ് 'കൃഷ്ണൻകുട്ടി പണിതുടങ്ങി'. ശബ്ദത്തിനും ക്യാമറയ്ക്കും ലൈറ്റിനും വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രം തിയേറ്ററിൽ നൽകുമായിരുന്ന അനുഭവം മറ്റൊന്നാണ്. പലയിടത്തും ഹൊറർ എഫക്ട് തീർക്കുന്നത് സാങ്കേതിക സംവിധാനങ്ങളായിരിക്കെ, ഇവയ്ക്ക് ബിഗ് സ്‌ക്രീനിൽ ലഭിക്കുമായിരുന്ന പ്രാധാന്യം നഷ്‌ടമാകുന്നത് കാഴ്ചക്കാരന് മനസ്സിലാക്കാൻ സാധിക്കും.
എടുത്തു പറയേണ്ടത് സാനിയ അയ്യപ്പൻറെ പ്രകടനമാണ്. തുടക്കം മുതൽ സാനിയയ്‌ക്ക് നിറഞ്ഞാടാൻ ഈ സിനിമ അവസരം നൽകിയിട്ടുണ്ട്. ആദ്യ ചിത്രമായ ക്വീനിനു ശേഷം സാനിയയ്‌ക്ക് ഇത്രയധികം സ്ക്രീൻസ്‌പെയ്‌സും അഭിനയ സാധ്യതകളും ലഭിച്ച കഥാപാത്രമാണ് ബിയാട്രിസ്. കണ്ണുകളിൽ നിസ്സഹായതയും, നിർവികാരതയും, പ്രതികാരവും കൂടിക്കലർന്ന ബിയാട്രിസ് സിനിമയുടെ പ്ലസ് പോയിന്റാണ്. ബിയാട്രിസിലെ ഓരോ മാറ്റങ്ങളും സാനിയ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
അതേസമയം സാനിയ ടൈപ്പ്‌കാസ്റ്റ് വേഷങ്ങളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. ലൂസിഫറിലെ ജാൻവി, ദി പ്രീസ്റ്റിലെ ദിയ, ബിയാട്രിസ് തുടങ്ങിയ കഥാപാത്രങ്ങൾ ഇരയാക്കപ്പെട്ട പെൺകുട്ടിയിൽ കേന്ദ്രീകരിച്ച വേഷങ്ങളാണ്.
നാട്ടിൻപുറത്തെ പ്രേതകഥകൾ നിറഞ്ഞ മനസ്സിൽ നിന്നും ഒടുവിൽ ഭയത്തെ ഭയം കൊണ്ട് തന്നെ പുറത്തുകടത്തുന്ന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ മികച്ച പ്രകടനം തീർക്കുന്നു.
സൂരജ് ടോം സംവിധാനം ചെയ്ത ചിത്രം Zee5 ൽ പ്രദർശനം തുടരുന്നു.