അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വെങ്ക സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ നിർമാതാവാകാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. വിജയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണ് സീരീസിൽ നായകനായി എത്തുന്നത് എന്നും റിപ്പോർട്ടുണ്ട്.
നേരത്തേ, മീക്കു മാത്രം ചെപ്ത എന്ന വെബ് സീരീസും വിജയ് നിർമിച്ചിരുന്നു. കഴിഞ്ഞ വർഷം ജുലൈയിൽ ഇറങ്ങിയ ദൊറസാനി എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം.
എന്നാൽ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് സഹോദരന്റെ വെബ് സീരീസ് നിർമിക്കാൻ വിജയ് മുന്നോട്ടു വന്നിരിക്കുന്നത്.
advertisement
പുതിയ വെബ് സീരീസിനായി ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയതായാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
അർജുൻ റെഡ്ഡിക്ക് സമാനമായ രീതിയിലുള്ളതാകും വെബ് സീരീസ് എന്നും റിപ്പോർട്ടുകളുണ്ട്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നെങ്കിലും സ്ത്രീ വിരുദ്ധതയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ട ചിത്രമാണ് അർജുൻ റെഡ്ഡി.
സഹോദരനുമായി ഏറെ അടുപ്പം പുലർത്തുന്ന നടനാണ് വിജയ്. ഇതിനെ കുറിച്ച് നേരത്തേയും താരം പറഞ്ഞിരുന്നു. സിനിമാ മോഹവുമായി താൻ അലഞ്ഞിരുന്ന നാളുകളിൽ അനിയനാണ് കുടുംബം നോക്കിയത്. അതിനാലാണ് സമ്മർദ്ദമില്ലാതെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് നടക്കാൻ തനിക്കായത്.
താൻ ഇന്ന് എത്തി നിൽക്കുന്ന നേട്ടങ്ങളെല്ലാം അനിയന്റെ പിന്തുണയോടെയാണെന്നും വിജയ് പറഞ്ഞിരുന്നു.
