പതിനേഴാമത് ഇന്ത്യൻ നാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ കയ്യടികളിൽ നേടിയ ഒന്ന് 'ദേജാ വൂ' ആയിരുന്നു. നാല് പതിറ്റാണ്ടുകളായി കൃഷിയുടെ കോർപ്പറേറ്റ് വൽക്കരണത്തിനെതിരെ പോരാടിയ അമേരിക്കയിലെ ചെറുകിട കുടുംബങ്ങളിൽ നിന്നും പലപ്പോഴായി അവഗണിക്കപ്പെടുന്നതുമായ സാധാരണക്കാരുടെ ശബ്ദങ്ങളുടെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. മലയാളികളുടെ യശസ്സ് വാനോളം ഉയർത്തിയ ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവും അദ്ദേഹം തന്നെ. ചിത്രത്തെക്കുറിച്ചും സിനിമയിൽ അടുത്തിടെ ഉണ്ടായ ചില വിവാദങ്ങളെ കുറിച്ചും റസൂൽ പൂക്കുട്ടി ന്യൂസ് 18നോട് മനസ് തുറക്കുന്നു
advertisement
റസൂൽ പൂക്കുട്ടി ഒരു ചിത്രത്തിന്റെ നിർമാതാവാകണമെങ്കിൽ അതിൽ എന്തെല്ലാം ഉണ്ടായിരിക്കണം?
ഞാൻ അങ്ങനെ ഒരു ഫുൾടൈം പ്രൊഡ്യൂസർ അല്ല. ഞാൻ മാത്രമല്ല റഹ്മാനും ചെയ്യുന്നുണ്ട്. ഇഷ്ടപ്പെടുന്ന സബ്ജക്ടുകൾ ഇതുപോലെ സപ്പോർട്ട് ചെയ്യാറുണ്ട്. മുൻപ് ഞാനും മോഹൻലാലും അങ്ങനെ ഒരു ചിത്രം ചെയ്തിട്ടുണ്ട്. അതൊരു കഥകളിയെ കുറിച്ചുള്ള ഒരു സിനിമയായിരുന്നു. കൊമേർഷ്യൽ സിനിമകളാണ് കൂടുതലും ചെയ്യുന്നതെങ്കിൽ പോലും ഇതുപോലുള്ള സിനിമകൾ സംസാരിക്കപ്പെടണമെന്ന് തോന്നുമ്പോൾ ഞാൻ ചെയ്യാറുണ്ട്.
ഈ ചിത്രം കുറച്ചുകൂടി ആളുകളിലേക്ക് എത്തണം എന്നുള്ളത് നിങ്ങളുടെ ഉള്ളിൽ ഇല്ലേ?
തീർച്ചയായും ഉണ്ട്, ഈ ചിത്രം എല്ലായിടത്തും റിലവന്റ് ആണ്. എല്ലാ ഭാഷകളിലും റീമേക്ക് ചെയ്തു ആളുകളിലേക്ക് എത്തിക്കണമെന്നുണ്ട്. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ആരെങ്കിലും താല്പര്യത്തോടെ മുന്നോട്ട് വന്നാൽ തീർച്ചയായും അതുമായി മുന്നോട്ടു പോകും. പല ഓർഗനൈസേഷൻസ് ഇപ്പോൾ തന്നെ നോർത്തിന്ത്യയിൽ ഈ ചിത്രത്തിന്റെ സ്ക്രീനിങ്ങുകൾ നടത്തുന്നുണ്ട്. നമ്മൾ ഫ്രീയായിട്ട് അവർക്ക് കൊടുത്തേക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ നമ്മൾ ചെയ്തിട്ടുണ്ട് നസറുദ്ദീൻ ഷായാണ് വോയ്‌സ് ഓവർ ചെയ്തിരിക്കുന്നത്.
കർഷക സമരത്തെ കുറിച്ചുള്ള റസൂൽ പൂക്കുട്ടിയുടെ നിലപാട് എന്താണ്?
ഈ ചിത്രമാണ് എന്റെ നിലപാട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ റോഡിൽ പോയി ഇരിക്കുകയോ സമരം വിളിക്കുകയോ ചെയ്യുക അല്ല എന്റെ ജോലി. ഞങ്ങൾ പറഞ്ഞുവയ്ക്കുന്ന കാര്യങ്ങൾ ശാശ്വതമാണ്. കാലം എത്ര കഴിഞ്ഞാലും അത് റെക്കോഡിക്കലായി നിൽക്കും. 10 തലമുറ കഴിഞ്ഞാലും അവർ ഇത് കാണും. അതാണ് എന്റെ ദൗത്യം.
നമ്മുടെ രാജ്യം പോകുന്നത് ശരിയായത് ദിശയിൽ ആണോ?
നമുക്കെന്താണ് ചെയ്യാൻ കഴിയുന്നത്, ആളുകളെ ബോധവൽക്കരിക്കുക എന്നതാണ്. ജനാധിപത്യപരമായി നമ്മൾ ഒരു ഗവൺമെന്റിനെ തിരഞ്ഞെടുത്തു. അവർക്ക് അവരുടേതായ പോളിസികൾ ഉണ്ടാകും. പക്ഷേ അത് തെറ്റാണെങ്കിൽ തെറ്റാണ് എന്ന് പറഞ്ഞു കൊടുക്കേണ്ട ചുമതല നമുക്കുണ്ട്. അവരെക്കൊണ്ട് കേൾപ്പിക്കേണ്ട ചുമതല നമുക്കുണ്ട്. അതാണല്ലോ ജനാധിപത്യം.
കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ച് ഉള്ള നിലപാട്?
ആരെയും പേരെടുത്ത് കുറ്റം പറയുന്നില്ല. അങ്ങനെ നോക്കിയാൽ കോൺഗ്രസ് ഗവൺമെന്റ് ഒരുപാട് ചെയ്തിട്ടുണ്ട്. നമ്മൾ മാറി നിന്നിട്ട് സ്വതന്ത്രമായി ചിന്തിക്കുക. ഈ ചിത്രത്തിൽ അതുകൊണ്ടുതന്നെ ഒരു ആക്ടിവിസം രീതിയിൽ അല്ല സിനിമ സംസാരിക്കുന്നത്. ആക്ടിവിസം ചെയ്തിട്ട് കാര്യമില്ല. അപ്പോൾ നമ്മൾ ഒരു പക്ഷം പിടിക്കുന്നത് പോലെ ആകും. നമുക്ക് രണ്ടുപേരും വേണം. കേന്ദ്ര ഗവൺമെന്റ് പോളിസി ഉണ്ടാക്കാൻ ഒരു കാരണം കാണും.
ഇത്തവണത്തെ ദേശീയ പുരസ്കാരത്തിൽ ആടുജീവിതത്തെ പൂർണ്ണമായും തഴഞ്ഞതിന്റെ കാരണം എന്തായിരിക്കും?
തീർച്ചയായും ആ സിനിമയെ മൊത്തത്തിൽ ഒഴിവാക്കിയതാണ്. ഇവിടെ സൗത്ത് ഇന്ത്യയിൽ സെലക്ട് ചെയ്യപ്പെട്ട 6 ചിത്രങ്ങളിൽ ഒന്ന് ആട് ജീവിതം ആയിരുന്നു. ആ സിനിമയെ യാതൊരു രീതിയിലും പങ്കെടുപ്പിക്കരുത് എന്നത് വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടുണ്ട്. അതിനു പിന്നിൽ ഒരു കാരണം മാത്രമേ ഉള്ളൂ 'POLITICS'. കേന്ദ്രസർക്കാർ ആരാണോ അവരുടെ തീരുമാനങ്ങൾക്കും നിലപാടുകൾക്കും അനുസരിച്ച് തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഞങ്ങൾക്ക് ഞങ്ങളുടെ അജണ്ട. ഞങ്ങൾക്ക് തോന്നിയത് ഞങ്ങൾ ചെയ്യും.
ദേശീയ പുരസ്‌കാരം വലിയ അവാർഡ് എന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ?
ഞാൻ അതിൽ ഒന്നും പറയുന്നില്ല. ഞങ്ങൾക്ക് അവാർഡ് കിട്ടാത്തതുകൊണ്ട് ആണ് പറഞ്ഞതെന്ന് പറയും. നമ്മുടെ യുവ തലമുറ പ്രതിഷേധിക്കും. അവർ തെരുവിൽ ഇറങ്ങും. കർഷക സമരത്തിൽ ഇവിടുന്ന് ട്രയിൻ പിടിച്ച് ഡൽഹിയിൽ പോയ യുവാക്കൾ ഉണ്ട്. സർക്കാരിനെതിരെ പ്രതിഷേധിച്ചു. അവർ തെരുവിൽ ഇറങ്ങും. അവർ മാറ്റും. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ"
ആടുജീവിതത്തിൽ അതീവ നാടകീയതയാണ് എന്നുള്ള ജൂറിയുടെ പരാമർശത്തെ കുറിച്ച്?
അതിൽ എനിക്ക് അഭിപ്രായം ഇല്ല. നമ്മൾ ചെയ്ത സിനിമയാണ് ശരി എന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ. അവർക്ക് അങ്ങനെ തോന്നിക്കാണും. അവർക്ക് തോന്നി ദി കേരള സ്റ്റോറി ഇസ് ദി ബെസ്റ്റ് ഫിലിം (പരിഹാസത്തോടെ ). എന്ത് ചെയ്യാൻ പറ്റും?! ആടുജീവിതം ഒരു അതിജീവനത്തിന്റെ സിനിമയാണ്. ആ ജീവിതം നെഗറ്റീവ് ആക്കിയതിലാണ് എന്റെ വിഷമം. അല്ലാതെ എനിക്ക് വേറെ പ്രശ്നങ്ങളില്ല. (തുടർന്ന് പരിഹാസത്തോടെ) നമ്മൾ ചിലപ്പോ വളരെ മോശം സിനിമയായിരിക്കും ചെയ്തിട്ടുണ്ടാവുക, നമ്മുടെ സിനിമ ടെക്നിക്കല്ലി കൊള്ളത്തിലായിരിക്കും. സൗണ്ട് കൊള്ളില്ലായിരിക്കും. എ ആർ റഹ്മാന് പണി ചെയ്യാനേ അറിയില്ലായിരിക്കും, റഫീഖ് അഹമ്മദിന് എഴുതാനേ അറിയില്ലായിരിക്കും. എല്ലാം സമ്മതിച്ചു.
സൂര്യ നായകനായ കങ്കുവ എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ പഴികേട്ടത് കാതടപ്പിക്കുന്ന ശബ്ദത്തെക്കുറിച്ചാണ്. എന്താണ് ആ ചിത്രത്തിൽ താങ്കൾക്ക് പറ്റിയ പിഴവ്?
സൗണ്ടിനെക്കുറിച്ച് ആർക്കും ഒരു അറിവില്ല. എനിക്ക് ഓസ്‌കർ കിട്ടിയതിനു ശേഷമാണ് ആളുകൾ അവയർ ആകാൻ തുടങ്ങിയത്. തുടർന്ന് റിവ്യൂസിൽ ആളുകൾ ഇത് പറയുന്നു. സൗണ്ട് മോശമെന്നൊക്കെ കേൾക്കുമ്പോ വിഷമം ഉണ്ടാകാറുണ്ട്. പ്രേക്ഷകർക്ക് ഇതിന്റെ പിന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. സിനിമയുടെ ടിക്കറ്റ് വിറ്റ് തുടങ്ങി കഴിഞ്ഞ് കാണും. ആ സമയത്ത് പോലും എന്റെ മിക്സിങ്ങ് പൂർത്തിയാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മോശം സൗണ്ട് കാരണം തല വേദന വന്ന് ഇറങ്ങി പോയെന്ന് പറയുമ്പോ ഇതൊക്കെയാണ് പിന്നണിയിൽ നടക്കുന്നതെന്ന് പ്രേക്ഷകൻ അറിയുന്നില്ല.
അങ്ങനെ ഒരു കാര്യം പ്രേക്ഷകൻ അറിയേണ്ട ആവശ്യം ഉണ്ടോ?
പ്രേക്ഷകൻ അറിയേണ്ട ആവശ്യമില്ല, പക്ഷെ ചിത്രത്തിൽ പ്രവർത്തിക്കുന്ന ആളുകൾ അറിയണം. പഴി കേൾക്കേണ്ടത് നിർമാതാവും സംവിധായകനുമാണ്. സൗണ്ട് കാരണം പ്രേക്ഷകന് സിനിമ ഇഷ്ടപ്പെടുന്നില്ല എന്ന് പറയുമ്പോൾ മാത്രമാണ് നിർമാതാവ് സൗണ്ടിനെ കുറിച്ച് ചിന്തിക്കുന്നതുപോലും. ആമിർ ഖാനും ഷാരൂഖ് ഖാനും ഒക്കെ എല്ലാ വർക്കും പൂർത്തിയായ ശേഷം മാത്രമേ റിലീസ് ഡേറ്റ് പോലും പ്രഖ്യാപിക്കൂ. പൊതുവെ തെറ്റായ ധാരണ ഉണ്ട് സിനിമ ഉണ്ടാക്കപ്പെടുന്നത് എഡിറ്റിങ് ടേബിളിൽ ആണെന്ന്. എന്നാൽ അങ്ങനെ അല്ല. സിനിമ ഉണ്ടാക്കപ്പെടുന്നത് സൗണ്ട് മിക്സിങ്ങ് ടേബിളിൽ ആണ്. പ്രേക്ഷകർ കാണുന്ന സിനിമ ഉണ്ടാകുന്നത് മിക്സിങ്ങ് ടേബിളിൽ ആണ്. വിവരമില്ലാത്ത സിനിമക്കാരാണ് എഡിറ്റിങ് ടേബിളിലാണ് സിനിമ ഉണ്ടാകുന്നതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്.
ഒറ്റ എന്ന ചിത്രം താങ്കൾ സംവിധാനം ചെയ്യാൻ ഉണ്ടായ കാരണം?
ഞാൻ ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ ഒറ്റ ഒന്നുമല്ല. അമിതാബ് ബച്ചനെ നായകനാക്കി ചെയ്യേണ്ട ചിത്രമായിരുന്നു. അതിന്റെ പൊളിറ്റിക്സ് ഒരു വേറെ രീതിയിൽ ആയതുകൊണ്ട് തത്കാലം മാറ്റിവെച്ചിരിക്കുന്നു. ഉറപ്പായും അത് ചെയ്യും. ആ സിനിമ ചെയ്യാൻ പറ്റിയ സാഹചര്യം എപ്പോഴാണോ അപ്പോ ചെയ്യും. ഒറ്റ എന്ന ചിത്രം ഞാൻ നിർമാതാവ് മാത്രം ആകേണ്ടിയിരുന്ന ചിത്രമായിരുന്നു. മൂന്നര വർഷം പോസ്റ്റ് പ്രൊഡക്ഷൻ വർക്കിൽ പോയി. കുറച്ചധികം പൈസ പോയി. ആ ഉത്തരവാദിത്വം എന്റെ തലയിൽ വന്നു. അങ്ങനെ ഞാൻ ACCIDENTAL DIRECTOR ആയതാണ്. എനിക്ക് ഫിസിക്സിൽ നൊബേൽ പ്രൈസ് വാങ്ങണം എന്നായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ കിട്ടിയത് ഒരു ഓസ്‌കർ ആയിപോയി ( ചിരിക്കുന്നു ) ആ സമയത്ത് പല പത്രക്കാരും പറഞ്ഞു ഒറ്റ രാത്രി കൊണ്ട് സ്റ്റാർ ആയ ആളാണ് റസൂൽ പൂക്കുട്ടി എന്ന്. അവരോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ പറഞ്ഞത് ശെരിയാണ്.. പക്ഷെ ആ ഒറ്റ രാത്രിക്ക് എനിക്ക് 14 വർഷം വേണ്ടി വന്നു.
അവസാനിപ്പിക്കുന്ന സമയത്ത് ഒരിക്കൽ കൂടി ആവർത്തിച്ചു..
"എനിക്ക് നൊബേൽ പ്രൈസ് വേണം" (ചിരിക്കുന്നു)