ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം എസ്.എസ്. രാജമൗലി കെനിയൻ കാബിനറ്റ് സെക്രട്ടറി മുസാലിയ മുഡവാടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസായ് മാര, നൈവാഷ തടാകം, സാംബുരു, കിളിമഞ്ചാരോ പർവ്വതം, അംബോസെലി തുടങ്ങിയ കെനിയയിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ഈ സിനിമ 120 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയും മുസാലിയ മുഡവാടി പങ്കുവെച്ചിട്ടുണ്ട്.
'ദി സ്റ്റാർ' എന്ന കെനിയൻ പോർട്ടലാണ് ചിത്രത്തിന്റെ ബജറ്റ് 135 മില്യൺ ഡോളറാണെന്ന് റിപ്പോർട്ട് ചെയ്തത്. അതേസമയം, നേരത്തെ 'ദി സിറ്റിസൺ' എന്ന പോർട്ടൽ ഇത് 116 മില്യൺ ഡോളറാണെന്ന് (ഏകദേശം 1022 കോടി രൂപ) അവകാശപ്പെട്ടിരുന്നു. എസ്എസ്എംബി 29 രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയായിട്ടാണ് ആസൂത്രണം ചെയ്യുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം കാടുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ കഥയായിരിക്കുമെന്നാണ് സൂചന. ഈ വർഷം ജനുവരിയിൽ പൂജ നടന്ന ചിത്രം ഏപ്രിലിലാണ് ചിത്രീകരണം ആരംഭിച്ചത്. ഒഡീഷയിലും ഹൈദരാബാദിലുമായിരുന്നു ആദ്യ ഘട്ട ഷൂട്ടിംഗ്. വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സംഗീതസംവിധാനം എം.എം.കീരവാണി നിർവഹിക്കും. ചിത്രം 2028-ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
advertisement