പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതില്‍ IDSFFK വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദും ചേര്‍ന്ന് സമ്മാനിച്ചു. ആന്റണി രാജു എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മന്ത്രി സജി ചെറിയാന്‍ സംവിധായകന്‍ രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിച്ചു. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യന്‍ ഡോക്യുമെന്ററി രംഗത്തെ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിനുള്ള നിര്‍ണായക പങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിര്‍ഭയമായ ചലച്ചിത്രപ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. ശ്യാം ബെനഗല്‍ ഉള്‍പ്പെടെ തന്റെ 35 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ പ്രചോദനമായ വ്യക്തികളെ രാകേഷ് ശര്‍മ്മ മറുപടിപ്രസംഗത്തില്‍ അനുസ്മരിച്ചു.
advertisement
ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഗുര്‍വീന്ദര്‍ സിംഗ്, നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ രണജിത് റേ എന്നിവര്‍ ജൂറി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി അംഗങ്ങളായ രാജ്ശ്രി ദേശ്പാണ്ഡെ, മധു സി. നാരായണന്‍, കഥേതര വിഭാഗത്തിലെ ജൂറി അംഗങ്ങളായ ഫൈസ അഹമ്മദ് ഖാന്‍, റിന്റു തോമസ് എന്നിവരും വേദിയില്‍ പങ്കുചേര്‍ന്നു. ഐ.ഡി.എസ്.എഫ്.എഫ്‌കെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായ സി. അജോയ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോങ്ങ് ഡോക്യുമെന്ററിയിലെ എഡിറ്റിങ്ങിനുള്ള കുമാര്‍ ടാക്കീസ് പുരസ്‌കാരം സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍ സമ്മാനിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. മധു, ജൂറി അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്‍. അരുണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്. ഷാജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സമാപനച്ചടങ്ങിനുശേഷം പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയേറ്ററുകളില്‍ ഓഗസ്റ്റ് 22 മുതല്‍ 27 വരെ 6 ദിവസങ്ങളിലായി നടന്ന മേളയില്‍ 52 രാജ്യങ്ങളില്‍ നിന്നുള്ള 331 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.