മുൻകാലങ്ങളിൽ ബോളിവുഡ് അവാർഡ് വേദികളിലും താരനിശകളിലും സ്ഥിരമായി അവതാരകനായി എത്തുന്നയാളായിരുന്നു ഷാരൂഖ് ഖാൻ. ഇത്തരത്തിൽ തനിക്ക് ലഭിക്കുന്ന വേദികളിൽ മറ്റു താരങ്ങളെ പരിഹസിക്കാനും റോസ്റ്റ് ചെയ്യാനുമൊന്നും ഷാരുഖ് ഖാൻ മടിക്കാറില്ല. ഇത്തരമൊരു വേദിയിൽ ഷാരുഖ് ഖാനും സഹ അവതാരകനായ സെയ്ഫ് അലി ഖാനും മാധവനെ കളിയാക്കുന്ന ഒരു സംഭവമുണ്ടായി. എന്നാൽ, ശക്തമായ കൗണ്ടർ ചെയ്യുന്ന മാധവനാണ് സദസിന്റെ കൈയടി മൊത്തം വാങ്ങിയത്. മാത്രമല്ല, വീഡിയോയിൽ അവസാനം ഇരുവരെയും വിഡ്ഡികളെന്ന് മാധവൻ പരിഹസിക്കുന്നുമുണ്ട്.
advertisement
പരിപാടിക്കിടെ മാധവന്റെ ഇനിഷ്യലായ 'ആർ' എന്താണെന്ന് ചോദിക്കുന്ന ഷാരൂഖ് ഖാൻ അതിനെപ്പറ്റി കുറേ തമാശകളും പറയുന്നു. ആർ എന്നതിന്റെ പൂർണരൂപം 'റേറ്റഡ്?, റിയൽ?, റിയലി ടാലന്റഡ്?' എന്നൊക്കെയാണോ എന്ന് ഷാരൂഖ് ഖാൻ മാധവനോട് ചോദിക്കുന്നു. എന്നാൽ ആർ എന്നതിന്റെ പൂർണ്ണരൂപം രംഗനാഥൻ എന്നാണെന്ന് മാധവൻ വിനീതനായി മറുപടി പറയുന്നു. തുടർന്ന് കുറച്ച് തമിഴ് പ്രയോഗങ്ങൾ പഠിപ്പിച്ചു തരാൻ ഇരുവരും മാധവനോട് ആവശ്യപ്പെടുന്നു. താൻ അഭിനയിച്ച 'ലൗ ആജ് കൽ' എന്ന ഹിന്ദി സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞ് അത് തമിഴിൽ പഠിപ്പിച്ച് തരാൻ സെയ്ഫ് മാധവനോട് പറയുന്നു. മാധവൻ തമിഴിൽ ഡയലോഗ് പറഞ്ഞെങ്കിലും ഒരു വാക്ക് പോലും നേരെ പറയാനാവാതെ ഷാരൂഖും സെയ്ഫും പരിഹാസ്യരാവുന്നതോടെ സദസ്സിന്റെ കൈയടി മൊത്തം മാധവന് ലഭിക്കുന്നു.
എല്ലാവർക്കും ഇന്ന് ഞങ്ങളെ അപമാനിക്കണം, താങ്കൾക്ക് തമിഴിൽ ഞങ്ങളെ അപമാനിക്കണമെന്നുണ്ടോ എന്ന് ഷാരൂഖ് ഖാൻ ചോദിക്കുന്നു. ഇതിന് മറുപടിയായി 'പോടോ, വിഡ്ഢികളെ' എന്നായിരുന്നു മാധവന്റെ പരിഹാസ രൂപേണയുള്ള പ്രതികരണം. എന്നാൽ മാധവന്റെ തമാശ അതേ അർത്ഥത്തിലെടുത്ത് തങ്ങളുടെ പെർഫോമൻസ് തുടരുകയായിരുന്നു ഇരുവരും.
അതേസമയം, 51 വയസ്സിലേക്ക് കടക്കുന്ന മാധവൻ ചലച്ചിത്ര സംവിധാനത്തിലും തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കി നിർമിച്ച റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സംവിധാനം ചെയ്തതോടൊപ്പം മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിലും എത്തുന്നത്. ഷാരൂഖ് ഖാൻ അതിഥി താരമായി എത്തുന്നുവെന്നതും സിനിമയുടെ സവിശേഷതയാണ്.
Keywords: Madhavan, Birthday, Shah Rukh Khan, Video, മാധവൻ, ജന്മദിനം, ഷാരൂഖ് ഖാൻ, വീഡിയോ
