ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ പ്രേരിപ്പിച്ചതും സ്ഥാനാർത്ഥിയാക്കിയതും വിവാദ ദല്ലാൾ നന്ദകുമാറാണെന്ന് നടി പ്രിയങ്കയുടെ മൊഴി. തെരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായിട്ട് ആയിരുന്നു പ്രിയങ്ക മത്സരിച്ചത്. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് കുണ്ടറയിൽ ഇ എം സി സി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വാഗ്ദാനങ്ങൾ നൽകി തന്നെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതും പണം മുടക്കിയതും വിവാദ ദല്ലാൾ നന്ദകുമാർ ആണെന്ന് പ്രിയങ്ക മൊഴി നൽകി. പ്രചാരണത്തിനായി ഹെലികോപ്റ്റർ, തെരഞ്ഞെടുപ്പ് ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എം എൽ എ ആക്കും എന്നിവ ആയിരുന്നു പ്രിയങ്കയ്ക്ക് നൽകിയിരുന്ന വാഗ്ദാനങ്ങൾ. എന്നാൽ, ഒന്നരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ഇട്ടത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ തുക ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും ഇത് തിരിച്ചു നൽകേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയെന്നും പ്രിയങ്ക പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
ലോക്ക്ഡൗൺ വെല്ലുവിളിയായി; മകന് ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിന് അച്ഛൻ സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ
അതേസമയം, ഇ എം സി സി പ്രസിഡന്റ് ഷിജു എം വർഗീസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ ഡി എസ് ജെ പി സ്ഥാനാർത്ഥിയായി ഷിജു എം വർഗീസ് മത്സരിച്ചിരുന്നു. പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാർത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.
വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിൽ നന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഷിജു വർഗീസ് ഉൾപ്പെടെയുള്ളവർ റിമാൻഡിലാണ്.
'ദീദീ മാപ്പ്; BJP യിൽ പോയത് തെറ്റ്': തൃണമൂലിൽ മടങ്ങിയെത്താൻ അപേക്ഷിച്ച് കത്തെഴുതി നേതാക്കൾ
അതേസമയം, ഷിജു വർഗീസിന്റെ ഇടപാടുകളെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് പ്രിയങ്ക ചോദ്യം ചെയ്യലിൽ മൊഴി നൽകി. തന്നെ നിർബന്ധിപ്പിച്ച് തെരഞ്ഞെടുപ്പിൽ നിർത്തിയത് നന്ദകുമാറെന്ന് വ്യക്തിയാണെന്നാണ് പ്രിയങ്ക നൽകിയിരിക്കുന്ന വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.