”പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി അടുത്തയാഴ്ച കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാരെ കാണും. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. സെപ്റ്റംബര്‍ 24-നാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിനെ കാണുന്നത്. അവര്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. യാത്രക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ നവംബറോടുകൂടി ട്രയല്‍ റണ്‍ തുടങ്ങും,”റഹിം പറഞ്ഞു.
കേരളത്തെയും യുഎഇയെയും ബന്ധിപ്പിച്ച് യാത്രാകപ്പലിനായി ഇതാദ്യമല്ല ആവശ്യമുയരുന്നത്. എന്നാല്‍, പല കാരണങ്ങള്‍ മൂലം ഇത് ഫലവത്തായിരുന്നില്ല. ഇന്ത്യ-യുഎഇ യാത്രാകപ്പല്‍ സര്‍വീസിനെക്കുറിച്ച് കൂടുതലായറിയാം.
advertisement
ടിക്കറ്റ് നിരക്ക്
പതിനായിരം രൂപക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന പക്ഷം ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടായേക്കാം.
പ്രധാന സവിശേഷതകള്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് മൂന്ന് ദിവസത്തെ സമയമാണ് എടുക്കുക. ഒരു സമയം 1250 യാത്രക്കാരെ വഹിക്കാന്‍ കഴിയും. യാത്രക്കാര്‍ക്ക് 200 കിലോഗ്രാം സാധനങ്ങളും യാത്രയില്‍ കൊണ്ടുപോകാം. യാത്രക്കാര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണവും വിനോദ സൗകര്യങ്ങളുമുണ്ടാകുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
യാത്ര എവിടേക്ക്?
കേരളത്തില്‍ രണ്ട് ഇടങ്ങളിലാണ് കപ്പല്‍ നിറുത്തുക, കൊച്ചിയിലും ബേപ്പൂരും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന് കൂടിയാണ് കൊച്ചി. കോഴിക്കോട്ടെ തുറമുഖമാമ് ബേപ്പൂര്‍. മൂന്നാമതൊരിടത്ത് കൂടി കപ്പല്‍ നങ്കൂരമിടാനുള്ള പദ്ധതിയുണ്ടെന്ന് റഹീം പറഞ്ഞു. തിരുവനന്തപുരത്തെ വിഴിഞ്ഞത്താണ് അത്. 2024-ല്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമായിരിക്കും വിഴിഞ്ഞം.
പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര്?
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സ്വകാര്യ സ്ഥാപനമായ അനന്തപുരി ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. പദ്ധതിക്ക് കേരളാ സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പിന്തുണയുണ്ട്.
അവധിക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെ വിമാനകമ്പനികള്‍ മുതലെടുക്കുന്നുവെന്ന് ഈ വര്‍ഷം മേയില്‍ കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തെയും യുഎഇയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രകപ്പല്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഒട്ടേറെയാളുകളുടെ പിന്തുണയോടെയാണ് പദ്ധതി പൂര്‍ത്തിയാകുന്നതെന്നും ഇത് യാഥാര്‍ഥ്യമാകാന്‍ വളരെ കുറഞ്ഞ സമയം മാത്രമെയുള്ളൂവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.