കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും, അബൂദബിയിലെ അഡ്നോക് ആസ്ഥാനത്തും ത്രിവർണ പതാകയുടെ കളറുകളിൽ ലൈറ്റിംഗ് സജ്ജീകരിച്ചിരുന്നു. അബൂദാബിയിലെ യാസ് ഐലന്റാണ് പുതുതായി ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്.
Also Read കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഡോക്ടർ മരിച്ചു; മരണം സംഭവിച്ചത് അഞ്ചുമാസം ഗർഭിണിയായിരിക്കെ
അബൂദാബിയിലെ പ്രധാനപ്പെട്ട ആനന്ദ കേന്ദ്രമാണ് യാസ് ഐലന്റ്. ഞായറാഴ്ചയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഹാമാരിക്കെതിരെ പോരാടുള്ള ജനങ്ങളോട് ഐക്യദാർഢ്യം കാണിച്ച് ഈ കെട്ടിടം ഇന്ത്യ൯ പതാകയണിഞ്ഞത്. യാസ് ഐലന്റിന്റെ ഗ്രിഡ് ഷെൽ ലൈറ്റ് കനോപ്പിയിലാണ് മൂവർണ പതാക പ്രദർശിപ്പിച്ചത്. പ്രതീക്ഷ കൈവിടരുതെന്നും ഒരു രാജ്യം എന്ന നിലക്ക് എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന സന്ദേശവുമായിരുന്നു ഇത്.
advertisement
യുഎഇലെ ഇന്ത്യ൯ സ്ഥാനപതി സംഭവത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. “ഈ സന്നിഗ്ദ ഘട്ടത്തിൽ കൂടെ നിന്നതിന് നമുടെ സുഹൃത്തായ യുഎഇക്ക് എല്ലാവിധ നന്ദിയും അറിക്കുന്നു” എന്ന കുറിപ്പോടെയാണ് ഫോട്ടോസ് ഷെയർ ചെയ്തത്.
കോവിഡിന്റെ രണ്ടാം ഘട്ടം വളരെ ശക്തിയോടെയാണ് ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണ്. ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 3.23 ലക്ഷം പുതിയ കോവിഡ് പോസിറ്റീവ് കേസുകളും 2,771 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
യുകെ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യയിലേക്ക് വെന്റിലേറ്റർ, ഓക്സിജ൯ കോണ്സണ്ട്രേറ്റർ അടങ്ങുന്ന വൈദ്യ സഹായം അയച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളായ യുഎയിയും സൗദി അറേബ്യയും ഇന്ത്യയിലേക്ക് നിരവധി അടിയന്തിര മെഡിക്കൽ സഹായങ്ങൾ അടങ്ങുന്ന വസ്തുക്കൾ കയറ്റിയയച്ചിട്ടുണ്ട്.
അതേ സമയം, കേരളത്തിലെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി കൂടുതൽ വാക്സിനുകൾ എത്തി. 2, 20, 000 ഡോസ് കോവിഷീൽഡ് വാക്സിൻ ആണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റു ജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും. നേരത്തെ 50 ലക്ഷം വാക്സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ 3,68,840 ഡോസ് വാക്സിൻ ആണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ കേരളത്തിന് ആവശ്യമുണ്ടെന്നും എങ്കിൽ മാത്രമേ ബുക്കിങ് സ്വീകരിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.