അപ്രതീക്ഷിതമായി സംഭവിച്ച ഈ തട്ടിപ്പിൽ വ്യവസായികൾക്ക് മൊത്തം 27 കോടിയോളം രൂപ(12 മില്ല്യൺ ദിർഹം) നഷ്ടം വന്നിട്ടുണ്ടെന്നും പറയുന്നു. ഫ്യൂച്ചർ സ്റ്റാറും ആൽഫ സ്റ്റാറും നൽകിയ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ ഈ മാസം അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി വന്നതോടെയാണ് ആദ്യം സംശയം തോന്നിയത്. പിന്നാലെ ഇവർക്ക് സാധനങ്ങൾ നൽകിയ വ്യാപാരികൾ കമ്പനികളുടെ ഓഫീസുകളിലും വെയർഹൗസുകളിലും എത്തിയപ്പോൾ കമ്പനിയുടെ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ കമ്പനി ഉടമയെ കുറിച്ചോ ജീവനക്കാരെക്കുറിച്ചോ യാതൊരു വിവരവുമില്ലെന്നും എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും കണ്ടെത്തി.
advertisement
സംഭവത്തിൽ ഏകദേശം 3.5 മില്ല്യൺ ദിർഹം ( ഏകദേശം എട്ട് കോടിയോളം ഇന്ത്യൻ രൂപ ) വിലമതിക്കുന്ന നിർമാണ സാമഗ്രികൾ നഷ്ടപ്പെട്ടതായി ദുബായിലെ ഒരു ഇന്ത്യൻ വ്യവസായി പറഞ്ഞു. " എനിക്കും എൻ്റെ കുടുംബത്തിനും ഒരു നല്ല ഭാവി കെട്ടിപ്പടുക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ഒരു വർഷം മുമ്പാണ് യുഎഇയിലേക്ക് മാറിയത്. ഇപ്പോൾ, എല്ലാം തകർന്നു. രണ്ടാഴ്ച മുമ്പാണ് ആറ് വയസ്സുള്ള മകളെ നാട്ടിലേക്ക് തിരിച്ചയച്ചത്. എനിക്ക് ഇനി ഇവിടെ നിൽക്കാൻ കഴിയില്ല. ഇത് ഞങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ” ഇന്ത്യൻ വ്യവസായി വ്യക്തമാക്കി.
കമ്പനികളുമായി ബിസിനസ്സിൽ ഏർപ്പെടുന്നതിന് മുമ്പ് താൻ വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നുവെന്ന് വ്യവസായി പറഞ്ഞു. "2024 ൻ്റെ തുടക്കത്തിൽ അവർ ഇമെയിൽ വഴിയാണ് ബിസിനസിനായി ബന്ധപ്പെട്ടത്. അന്ന് മുതൽ ഞാൻ അവരുടെ ഓഫീസുകളും വെയർഹൗസുകളും പലതവണ സന്ദർശിക്കുകയും അവരുടെ ജീവനക്കാരെ കാണുകയും അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും അവലോകനം ചെയ്യുകയും ചെയ്തിരുന്നു. എല്ലാം കൃത്യമാണെന്നും തോന്നി. ഓർഡറുകൾ ഒമാനിലെ ഒരു പ്രോജക്റ്റിന് വേണ്ടിയാണെന്നാണ് ഫ്യൂച്ചർ സ്റ്റാറിൻ്റെ മാനേജർമാർ എന്നോട് പറഞ്ഞത്. ആൽഫ സ്റ്റാർ ഇത് അബുദാബിയിലെ ഒരു ക്ലയൻ്റിനുള്ളതാണെന്നും അവകാശപ്പെട്ടു" അവർ കൂട്ടിച്ചേർത്തു.
മേയ് 25 നും ജൂലൈ 2 നും ഇടയിൽ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസുകളിലേയ്ക്ക് 750 മെട്രിക് ടൺ റെയിൻഫോഴ്സ്മെന്റ് ബാറുകൾ, ഗാൽവനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പുകൾ, ഷീറ്റുകൾ, കോയിലുകൾ എന്നിവ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ പേയ്‌മെൻ്റ് കാലാവധി 30 ദിവസമായിരുന്നു. അതിന്റെ ആദ്യ ചെക്ക് ജൂൺ 25-ന് നൽകേണ്ടതായിരുന്നു. എന്നാൽ ആദ്യം നൽകിയ ഫ്യൂച്ചർ സ്റ്റാർ, ഈദ് അവധിയായതിനാൽ കുറച്ച് ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ അഭ്യർത്ഥിച്ചു. അങ്ങനെ ആദ്യ ചെക്ക് ജൂലൈ 5 നും ആൽഫ സ്റ്റാർ നിന്നുള്ള ചെക്ക് ജൂലൈ 4 നും നൽകുമെന്നും അറിയിച്ചു.
തുടർന്ന് ജൂലൈ രണ്ടിന് രാത്രി 8.20ന് അവസാന ഓർഡറുകൾ ആൽഫ സ്റ്റാറിന് കൈമാറി. പിറ്റേന്ന് രാവിലെ 9.30 ന് ബാക്കി സാധനങ്ങൾ എത്തിക്കാൻ വെയർഹൗസിലെത്തിയപ്പോൾ അവിടെ മുഴുവൻ ശൂന്യമായി കിടക്കുകയായിരുന്നു. ഉടൻ ഫ്യൂച്ചർ സ്റ്റാറിന്റെ വെയർഹൗസിൽ എത്തിയപ്പോഴും കണ്ടത് സമാനമായ കാഴ്ചയായിരുന്നു.
13 മണിക്കൂറിനുള്ളിൽ, ആയിരക്കണക്കിന് മെട്രിക് ടൺ നിർമ്മാണ സാമഗ്രികൾകൊണ്ടാണ് രണ്ട് കമ്പനികളും മുങ്ങിയത്. ഇവരുടെ തട്ടിപ്പിനിരയായ 40 ഓളം വ്യവസായികൾ ഇപ്പോൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും തങ്ങൾക്ക് വായ്പ നൽകിയവരെ ഭയന്ന് ചിലർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
"ഞങ്ങൾക്ക് പണം നഷ്‌ടപ്പെട്ടുവെന്ന് പ്രചരിച്ചാൽ ഞങ്ങളുടെ വിതരണക്കാർ പരിഭ്രാന്തരാകുകയും ഉടനടി പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും,” ഒരു വ്യവസായി പ്രതികരിച്ചു. ഡിജിറ്റൽ ജീനിയസ് ടെക്‌നോളജീസ്, ഡെമോ ഇൻ്റർനാഷണൽ, നൂർ അൽ സിദ്ര ട്രേഡിംഗ്, ഫെയർ വേഡ്‌സ് ഗുഡ്‌സ് ട്രേഡിംഗ്, വഹത് അൽ റയാൻ ട്രേഡിംഗ്, മാക്‌സ് ക്ലോവ് ടെക്‌നോളജീസ് എന്നീ കമ്പനികളും കഴിഞ്ഞമാസം സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വ്യവസായി മിർസ ഇല്ലിയാസ് ബെയ്ഗിന്റെ നാല് വ്യവസായ സംരംഭങ്ങള്‍ ഇതിൽ തട്ടിപ്പിനിരയായതിൽ ഉൾപ്പെടുന്നു.