പാരീസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഷെര്‍പ്പയും ആധുനിക അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന (modern slavery) എന്‍ജിഒകളും 2019-ല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വിന്‍സിയുടെ ഉപസ്ഥാപനമായ ഖത്തരി ഡയര്‍ വിന്‍സി കണ്‍സ്ട്രക്ഷനില്‍ (QDVC) ജോലി ചെയ്തിരുന്ന 11 പേരും എന്‍ജിഒക്കൊപ്പം പരാതി നല്‍കിയിട്ടുണ്ട്. ഖത്തരി ഡയര്‍ വിന്‍സി കണ്‍സ്ട്രക്ഷനില്‍ ഫ്രഞ്ച് കമ്പനിക്ക് 49 ശതമാനം ഓഹരികളുണ്ട്.
നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചുവെന്നും തൊഴിലാളികളെ അടിമകളാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ വിന്‍സിക്കെതിരെ ആരോപിക്കുന്നത്. പരാതിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് വിന്‍സി അഭിഭാഷകന്‍ ജീന്‍-പിയറി വെര്‍സിനി-കാമ്പിഞ്ചി പറഞ്ഞു.
advertisement
അതേസമയം, അന്വേഷണം ആരംഭിച്ചതില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് ഷെര്‍പ്പ ഫ്രാന്‍സിന്റെ മേധാവി സാന്ദ്ര കൊസാര്‍ട്ട് പറഞ്ഞു. ഖത്തറിലെ ലോകകപ്പ് സൈറ്റുകളില്‍ ആഴ്ചയില്‍ 66 മുതല്‍ 77 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന വിന്‍സിയുടെ കുടിയേറ്റ തൊഴിലാളികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിട്ടുണ്ട്. മതിയായ സാനിറ്ററി സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ മുറികളിലാണ് ഇവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്. ചെയ്യുന്ന ജോലിക്കുള്ള ശമ്പളവും അവര്‍ക്ക് നല്‍കുന്നില്ല. പരാതിപ്പെട്ടാൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഷെര്‍പ്പ പറയുന്നു.
എന്‍ജിഒകള്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പ്രോസിക്യൂട്ടര്‍ 2018ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഷെര്‍പ്പയും കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികളും ചേര്‍ന്ന് പുതിയ പരാതി നല്‍കി. ഇതാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാന്‍ കാരണമായത്.
എന്നാല്‍, തങ്ങളുടെ ഖത്തര്‍ യൂണിറ്റിന് നല്‍കിയ പ്രോജക്ടുകള്‍ക്കൊന്നും ലോകകപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിന്‍സി പറയുന്നത്. ഖത്തറില്‍ സ്റ്റേഡിയമോ ഹോട്ടലോ നിര്‍മ്മിക്കുന്നതിന് ലോകകപ്പ് സംഘാടക സമിതിയുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് വിന്‍സി പറഞ്ഞു. എന്നിരുന്നാലും, ലോകകപ്പ് സമയത്ത് അത്യാവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദോഹ മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിച്ചതും, ലുസൈല്‍ ലൈറ്റ്-റെയില്‍ ഗതാഗത സംവിധാനവും അതില്‍ ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള നിര്‍മ്മാണ സൈറ്റുകളിലെ എല്ലാ തൊഴിലാളികളുടെയും ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വിന്‍സി പറഞ്ഞു. 2007-ല്‍ ക്യുഡിവിസി ആരംഭിച്ചതു മുതല്‍ മനുഷ്യാവകാശങ്ങളോടും തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.
2010ല്‍ ഫിഫ, ഖത്തറിന്ടൂര്‍ണമെന്റ് അനുമതി നല്‍കിയതു മുതല്‍ തൊഴില്‍ രീതികള്‍ പരിഷ്‌കരിക്കുന്നതിന് രാജ്യം ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ലോകകപ്പുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നതിനിടെ പരുക്ക്, മരണം, വേതന പ്രശ്‌നങ്ങള്‍ എന്നിവ നേരിടേണ്ടി വന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നും ഷെർപ്പ രാജ്യത്തോട് ആവശ്യപ്പെട്ടു.