പുസ്തകം അച്ചടിച്ചു പൂർത്തിയാക്കുന്നതിലുള്ള സാങ്കേതിക പ്രശ്നം മൂലം ആത്മകഥയുടെ പ്രസാധനം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറം ഡിസിയുടേതായിട്ട് മറ്റൊന്നും പറയാനില്ലെന്നും രവി ഡി സി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read- 'ആത്മകഥ ചോർന്നോയെന്ന് പരിശോധിക്കും; സരിൻ ഉത്തമ സ്ഥാനാർത്ഥി': ഇ.പി. ജയരാജൻ
advertisement
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് പ്രതികരണമില്ലെന്ന അർത്ഥത്തിൽ വായ പൂട്ടുന്നതായി രവി ആംഗ്യം കാണിച്ചു.
ഇ പി ജയരാജൻ എഴുതുന്ന ‘കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഉടൻ പുറത്തിറക്കുമെന്നായിരുന്നു പുസ്തകത്തിന്റെ കവർപേജ് പുറത്തിറക്കി ഡി സി ബുക്സ് അറിയിച്ചിരുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ പി നിൽക്കുന്ന ചിത്രമായിരുന്നു കവർപേജിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആത്മകഥയ്ക്ക് കവർപേജോ തലക്കെട്ടോ പോലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
'ഞാൻ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏൽപ്പിക്കുന്നില്ല. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ഡി സിക്ക് എന്ത് അവകാശം? പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. തിരുത്താൻ ഏൽപ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോർന്നോയെന്നു പരിശോധിക്കും. ഞാൻ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാർത്ഥ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂർത്തിയായിട്ടില്ല'- ഇ പി ജയരാജൻ ഇന്ന് പാലക്കാട് പ്രതികരിച്ചു.