എന്നാൽ സൗദിയയുടെ ഇത്തരം ധീരമായ നീക്കങ്ങൾക്ക് പിന്നിൽ എന്താണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത കാലം വരെ കർശനമായ വസ്ത്രധാരണരീതിയും ധാർമിക നിയമങ്ങളും പാലിച്ചുകൊണ്ടിരുന്ന മുസ്ലിം രാജ്യങ്ങളിൽ ഒന്നായിരുന്നു സൗദി അറേബ്യ. അതോടൊപ്പം സിനിമ പ്രദർശനത്തിനും ചിത്രീകരണത്തിനുമെല്ലാം തന്നെ വർഷങ്ങളോളം നിരോധനവും രാജ്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2018 ൽ 'ബ്ലാക്ക് പാന്തർ' എന്ന സിനിമയുടെ അതിഗംഭീരമായ പ്രദർശനം റിയാദിൽ ആദ്യമായി നടന്നതോടെയാണ് സിനിമ പ്രദർശനത്തിനുള്ള വിലക്ക് സൗദി എടുത്തുമാറ്റിയത്. അതേ വർഷം വിനോദത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഇൻഡോർ സ്കീയിംഗ്, ഓട്ടോ റേസിംഗ്, വാട്ടർ ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ കോംപ്ലക്സ് തന്നെ തലസ്ഥാനമായ റിയാദിന് പുറത്ത് ഉദ്ഘാടനവും ചെയ്തു.
advertisement
കൂടാതെ രാത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സൗദിയിൽ മുഹമ്മദ് ബിൻ സല്‍മാന്റെ കീഴിൽ കോമഡി ക്ലബ്ബുകളും സംഘടിപ്പിച്ചു. ഇതെല്ലാം അദ്ദേഹം പ്രഖ്യാപിച്ച 'വിഷൻ 2030' ന്റെ ഭാഗമായാണ് നടപ്പിലാക്കിയത്. ഇതിലൂടെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നത്തിനും പുറമേ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള സൗദിയുടെ ശ്രമം കൂടിയാണ്.
ആർട്ട് എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേളകൾ, ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് എന്നിവയും രാജ്യത്ത് അദ്ദേഹത്തിൻ്റെ പുരോഗമന നടപടികളുടെ ഫലമായാണ് ഉണ്ടായത്. എന്നാൽ രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും രാഷ്ട്രീയപരമായി യുവാക്കളെ സ്വാധീനിക്കാനുമാണ് സൽമാൻ രാജകുമാരൻ്റെ ഇത്തരം നീക്കങ്ങളെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. 2015-ൽ സൽമാൻ രാജാവും മകനും അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ വധശിക്ഷകളിൽ 82% വർധനവ് ഉണ്ടായി എന്നാണ് യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിൻ്റെ പങ്കാളിത്തത്തോടെ 2023-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കഠിനമായ ശിക്ഷ നടപടികളുടെ ഭാഗമായി ശിരഛേദം നടക്കുന്ന ഒരേയൊരു രാജ്യവും സൗദി അറേബ്യയാണ്. മുഹമ്മദ് ബിൻ സല്‍മാൻ കിരീടാവകാശിയായി അധികാരം ഏറ്റെടുത്ത് എട്ട് മാസത്തിനുള്ളിൽ, ഏകദേശം 133 പേരെ വധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
2018- ലാണ് സൗദി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയത്. മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയുടെയായിരുന്നു ഇത്. അന്ന് ലോകമെമ്പാടുമുള്ള നിരവധി വനിതാ ആക്ടിവിസ്റ്റുകൾ അദ്ദേഹത്തിന്റെ ഈ നടപടിയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്കുശേഷം, നേരത്തെ ഡ്രൈവ് നിരോധനത്തിനെതിരെ പോരാടിയ ചില പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2017ൽ, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ അടിച്ചമർത്താനുള്ള ഭരണാധികാരിയുടെ ശ്രമത്തിൽ സൗദി അറേബ്യയിലെ നൂറുകണക്കിന് സമ്പന്നരായ ആളുകൾ അറസ്റ്റിലായി എന്നാണ് വിവരം.
സൗദി അറേബ്യയിൽ രാഷ്ട്രീയപരമായും സാമ്പത്തികപരമായും അധികാരം ഏകീകരിക്കാനുള്ള കിരീടാവകാശിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പരിഷ്കാരങ്ങളെ പല വിദഗ്ധരും സൂചിപ്പിക്കുന്നത്. ഇതിനുപുറമേ നേരത്തെ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ വ്യാപാര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് മൂന്ന് വർഷം നീണ്ടുനിന്നെങ്കിലും 2021-ൽ അവസാനിച്ചു. എന്നാൽ ഖത്തറിനെ ഒഴിവാക്കാനുള്ള നടപടി സൗദിയുടെയും യു.എ.ഇ.യുടെയും കിരീടാവകാശികൾ ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
യുഎഇയുടെ സൈനിക പിന്തുണയോടെ ഖത്തറിലെ തലസ്ഥാന നഗരമായ ദോഹ പിടിച്ചെടുക്കൽ ആയിരുന്നു സൗദിയുടെ ലക്ഷ്യം. എന്നാൽ തങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കുമെന്ന് യുഎസ് ഇടപെട്ട് മുഹമ്മദ് ബിൻ സൽമാന് മുന്നറിയിപ്പ് നൽകിയതോടെ സൗദി അറേബ്യക്ക് പിന്മാറേണ്ടി വന്നു. 2018 ഒക്‌ടോബർ 2-ന് സൗദി പത്രപ്രവർത്തകനും മുഹമ്മദ് ബിൻ സൽമാൻ നിരൂപകനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിലും മുഹമ്മദ് ബിൻ സൽമാനെ പലരും പ്രതിക്കൂട്ടിൽ നിർത്തുന്നു. തൻ്റെ വിവാഹമോചനം സാക്ഷ്യപ്പെടുത്തുന്ന രേഖ ലഭിക്കാനാണ് പത്രപ്രവർത്തകൻ ഇസ്താംബൂളിലെ സൗദി അറേബ്യയുടെ കോൺസുലേറ്റിൽ എത്തിയത്.
പിന്നീട് കോൺസുലേറ്റിനുള്ളിൽ സൗദി അധികൃതരുമായി നടന്ന ഏറ്റുമുട്ടലിൽ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മതിച്ചെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
