ദുബായ് വിമാനത്താവളവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിൽ മറന്നുവെച്ച ലഗേജുകൾ 8 ദിർഹം (180 രൂപ) വരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയാണെന്ന തരത്തിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
“ഒരു വർഷത്തിലേറെയായി ദുബായ് വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്യൂട്ട്കേസുകൾ റീസൈക്കിൾ ചെയ്യണം. അടുത്ത പാദത്തേക്കുള്ള കൺസഷൻ ഫീസ് അടയ്ക്കാൻ എയർപോർട്ടിനാകില്ല. അതിനാൽ ഇത്തരം ലേഗേജുകൾ വിൽക്കുകയാണ്,” എന്നാണ് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നത്.
“ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവർ മറന്നുവെച്ച ലഗേജുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന വ്യാജ ഫെസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് ഞങ്ങളല്ലെന്ന് നിങ്ങൾ അറിയണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങൾ ഇവിടെയിരിക്കുന്നത് വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ്, സാധനങ്ങൾ വിൽക്കാനല്ല. അതിനാൽ, സംശയാസ്പദമായ ഇത്തരം കാര്യങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ, ജാഗ്രത പാലിക്കുക. അവയിൽ ക്ലിക്ക് ചെയ്യരുത്,” ദുബായ് വിമാനത്തവള അധികൃതർ അറിയിച്ചു.
advertisement
2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെയുള്ള കണക്കനുസരിച്ച്, ദുബായ് വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള 140 സ്ഥലങ്ങളിലേക്കു പോയ യാത്രക്കാരുടേതായി, പ്രതിമാസം ശരാശരി 2.7 മില്യൻ ലഗേജുകളാണ് കൈകാര്യം ചെയ്യപ്പെടുന്നത്. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലായി 2022-ൽ 82 മില്യനിൽ അധികം ലഗേജുകൾ കൈകാര്യം ചെയ്തു. 1,300-ലധികം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.