അൽ ഹബ്തൂർ ഗ്രൂപ്പിലെ യുഎഇ പൗരന്മാരായിട്ടുള്ള ജീവനക്കാരെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 50,000 ദിർഹമാണ് (ഏകദേശം 12.5 ലക്ഷം രൂപ) ഇദ്ദേഹം വിവാഹ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബം ആരംഭിക്കാൻ കമ്പനിയിലെ യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. ദമ്പതികൾക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആദ്യത്തെ കുട്ടി ഉണ്ടായി കഴിഞ്ഞാൽ ഈ തുകയുടെ ഇരട്ടി തുക നൽകുമെന്നും വ്യവസായി അറിയിച്ചു. ഈ മാസം ആദ്യമാണ് ഈ അമ്പരപ്പിക്കുന്ന പ്രഖ്യാപനം വ്യവസായി നടത്തിയത്.
സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖലഫ് അഹമ്മദ് അൽ ഹബ്തൂർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷം വിവാഹം കഴിക്കാൻ പോകുന്ന അൽ ഹബ്തൂർ ഗ്രൂപ്പിലെ യുവതീയുവാക്കൾക്ക് ഓരോ വ്യക്തിക്കും 50,000 ദിർഹം വീതം ധനസഹായം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ ജനിക്കുന്ന ഓരോ കുട്ടിക്കും തുക ഇരട്ടിയായി നൽകുമെന്നും വ്യവസായി അറിയിച്ചു.
advertisement
കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ എടുത്തു പറഞ്ഞു. വിവാഹവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതും ഒരാളുടെ മാത്രം വ്യക്തിപരമായ കാര്യങ്ങളെല്ലെന്നും മറിച്ച് അവ സാമൂഹികവും ദേശീയപരവുമായ ഉത്തരവാദിത്തങ്ങളാണെന്നും അദ്ദേഹം പോസ്റ്റിൽ അഭിപ്രായപ്പെട്ടു. കാരണം രാഷ്ട്രങ്ങൾ ഉണ്ടാകുന്നതും സമൂഹങ്ങൾ നിലനിൽക്കുകയും ചെയ്യുന്നത് ഈ പ്രക്രിയയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ജനസംഖ്യാ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും വിവാഹബന്ധം പ്രോത്സാഹിക്കുന്നതിനും രക്ഷകർതൃത്വത്തിനും എല്ലാവരിൽ നിന്നും പിന്തുണ ആവശ്യമാണെന്നും വ്യവസായി പോസ്റ്റിൽ പറഞ്ഞു.
കുടുംബത്തിന്റെ പരപ്രധാനമായ പ്രാധാന്യത്തെ കുറിച്ചുള്ള സ്വന്തം വിശ്വാസങ്ങളിൽ നിന്നാണ് വിവാഹ ധനസഹായം എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും വ്യവസായി അറിയിച്ചു." ശക്തമായ ഒരു കുടുംബം ഏകീകൃതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു, ഇതുവഴി ശക്തമായ ഒരു രാഷ്ട്രം നിർമ്മിക്കപ്പെടുന്നു", അദ്ദേഹം വിശദീകരിച്ചു.
ദുബായ് നാഷണൽ ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ് കമ്പനിയുടെ ചെയർമാൻ കൂടിയാണ് ഖലഫ് അൽ ഹബ്തൂർ. കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായിയുടെ മുൻ ചെയർമാൻ ആയിരുന്നു ഇദ്ദേഹമെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ജലീല ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസിൽ വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു. 1994 മുതൽ 1997 വരെ അമേരിക്കൻ യുണൈറ്റഡ് സർവീസസ് ഓർഗനൈസേഷന്റെ (യുഎസ്ഒ) വേൾഡ് ബോർഡ് ഓഫ് ഗവർണേഴ്‌സിൽ അംഗമായിരുന്ന ഒരേയൊരു യുഎസ് ഇതര വ്യവസായിയായിരുന്നു ഇദ്ദേഹം.
എമിറേറ്റ്‌സിലെ പൗരന്മാരുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക വിഷങ്ങളിലും മുമ്പ് ഹബ്തൂർ ഗ്രൂപ്പ് മേധാവി ശബ്ദമുയർത്തിയിട്ടുണ്ട്. യുവാക്കളോട് വിവാഹം കഴിക്കാൻ അദ്ദേഹം കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ 30 വയസ്സിനു മുമ്പ് വിവാഹം കഴിക്കാൻ തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമം പാസാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
