ഔദ്യോഗിക അവധി ദിനങ്ങളിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്നാണ് അദ്ദഹം ആവശ്യപ്പെട്ടിരിക്കുന്നത്. “ഔദ്യോഗിക അവധി ദിനങ്ങൾ ജീവനക്കാരുടെ അവകാശമാണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും അങ്ങനെ തന്നെയാണ്. എന്ന് കരുതി എല്ലാം സമ്പൂർണമായി അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാവരുത്,” അഹമ്മദ് അൽ ഹബ്തൂർ ട്വിറ്ററിൽ കുറിച്ചു. “ഒരു മണിക്കൂർ പോലും മുടങ്ങാതെ പ്രവർത്തിക്കേണ്ട ചില നിർണായക മേഖലകളുണ്ട്. അത്തരം സ്ഥാപനങ്ങൾ മൂന്നും നാലും ദിവസം അവധിയായാൽ അത് വല്ലാതെ പ്രതിസന്ധിയുണ്ടാക്കും,” അദ്ദേഹം പറഞ്ഞു.
advertisement
അവശ്യസേവനങ്ങൾക്ക് ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. എയർപോർട്ടുകൾ, ആശുപത്രികൾ തുടങ്ങി ഹോട്ടലുകൾ പോലും എല്ലാ സമയത്തും തുറന്ന് പ്രവർത്തിക്കുക തന്നെ വേണം. ഇത്തരം സ്ഥാപനങ്ങൾ എപ്പോഴും തുറന്ന് പ്രവർത്തിക്കുന്നതിനായി അവരുടേതായ രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പലയിടത്തും ഷിഫ്റ്റ് സമ്പ്രദായമുണ്ട്. ഒരു ജീവനക്കാരൻെറ ഒഴിവ് അവിടെ ബാധിക്കാൻ പോവുന്നില്ല. ആവശ്യമുള്ളവർക്ക് അവധി നൽകി മറ്റുള്ളവരെ കൊണ്ട് സ്ഥാപനം പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നും അൽ ഹബ്തൂർ പറഞ്ഞു. എല്ലാ സമയത്തും ജനങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭിക്കേണ്ടതുണ്ട്. ബാങ്കിങ് മേഖലയും ഇത്തരത്തിൽ അവശ്യ സേവനമാണ്.
ദുബായിൽ പ്രത്യേകിച്ച് ബാങ്കിങ് മേഖലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ദുബായ് പോലൊരു ആഗോള നഗരത്തിൽ ബാങ്കുകൾ തുടർച്ചയായി അടച്ചിടുന്നത് അവിടുത്തെ വ്യാവസായിക, ടൂറിസം, സാമ്പത്തിക മേഖലകളെ ആകെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഔദ്യോഗിക ഒഴിവുദിനങ്ങളിൽ ബാങ്കിങ് മേഖലയിൽ സമ്പൂർണമായി അവധി നൽകരുതെന്നാണ് എൻെറ അഭിപ്രായം. വളരെ അത്യാവശ്യമായി നടക്കേണ്ട ചില ഇടപാടുകൾ ഈ സമയത്ത് നടക്കാതെ പോവും. ചിലർക്ക് വളരെ വലിയ ഒരു തുക പിൻവലിക്കേണ്ടി വന്നേക്കും. ബാങ്കുകളുടെ ഒഴിവുദിവസങ്ങൾ കഴിഞ്ഞ് ഇത്തരം ഇടപാടുകൾ നടത്തിയാൽ ചിലപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കാതെ പോവും,” അൽ ഹബ്തൂർ വ്യക്തമാക്കി.
ഓൺലൈൻ സർവീസുകളും എടിഎമ്മുകളും പരിമിതമായ സേവനം മാത്രമാണ് നൽകുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ഒരു നഗരത്തിൽ അതുകൊണ്ട് കാര്യങ്ങൾ നടന്നില്ലെന്ന് വരും. അതിനാൽ ബാങ്കുകളുടെ അവധിദിനങ്ങളിൽ മാറ്റം വരുന്നത് ആലോചിക്കണം. ജീവനക്കാർക്ക് അവധി നൽകണമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിക്കണം. ഒഴിവുദിനങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയാൽ അത് വ്യാവസായിക മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിക്കും. പൊതു – സ്വകാര്യ മേഖലകളിലെ ബാങ്കുകൾ പുനരാലോചന നടത്തണമെന്നും അൽ ഹബ്തൂർ കൂട്ടിച്ചേർത്തു.