ഏകദേശം 83.9 കിലോമീറ്റർ വിസ്തൃതിയുള്ള മേഖലയാണ് ഇനി മുതൽ ഹിന്ദ് സിറ്റി എന്ന് അറിയപ്പെടുന്നത്. ഹിന്ദ് വൺ, ഹിന്ദ് ടു, ഹിന്ദ് ത്രീ, ഹിന്ദ് ഫോർ എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി ഈ പ്രദേശത്തെ തിരിച്ചിട്ടുണ്ട്. എമിറേറ്റ്സ് റോഡ്, ദുബായ്-അൽഐൻ റോഡ്, ജെബൽ അലി-ലെഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ ഹിന്ദ് സിറ്റിയിലൂടെയാണ് കടന്നു പോകുന്നത്.
ദുബായ് അധികൃതർ നേരത്തെയും വിവിധ മേഖലകളെ പുനർനാമകരണം ചെയ്തിട്ടുണ്ട്. അബുദാബിയുടെ മുൻ ഭരണാധികാരിയായിരുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് 2010-ൽ അധികൃതർ ബുർജ് ദുബായിയെ ബുർജ് ഖലീഫ എന്ന് പുനർനാമകരണം ചെയ്തത്. 2022 മെയ് 13 നാണ് അദ്ദേഹം അന്തരിച്ചത്.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തെ നാല് പ്രധാന പദവികൾ വഹിക്കുന്നു. അദ്ദേഹം യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്. കൂടാതെ ദുബായുടെ ഭരണാധികാരി കൂടിയാണ്. സഹോദരൻ മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ മരണത്തെത്തുടർന്നാണ് അദ്ദേഹം സുപ്രധാന പദവികളിൽ എത്തിയത്.
മക്തൂം ബിൻ റാഷിദ് അൽ മക്തൂം ദുബായ് നഗരം വികസിപ്പിച്ചതിന്‍റെ പ്രധാന സൂത്രധാരനാണ്. കൂടാതെ ലോകത്തിലെ ഏറ്റവും പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.