ഗൾഫിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി നടത്തി. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഹജ്ജിൻറെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർഥാടകരും അധികൃതരും കടക്കും. ദുൽഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്നു നീങ്ങിത്തുടങ്ങും. ജൂലൈ 12 ന് ചടങ്ങുകൾ അവസാനിക്കും. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
advertisement
കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന്‍ കേരളത്തില്‍ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.
ദുല്‍ഖഅ്ദ് 29 (ജൂണ്‍ 30) വ്യാഴാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയായും ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജുലൈ 10 ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി എ.പി മുഹമ്മദ് മുസലിയാരും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി.വി മുഹ്യുദ്ദീന്‍ കുട്ടി മുസലിയാരും അറിയിച്ചു.