തട്ടിപ്പുകാരുടെ രണ്ട് ഓഫിസുകളായിരുന്നു ക്യാപിറ്റൽ ഗോൾഡൻ ടവറിൽ പ്രവർത്തിച്ചിരുന്നത്. ഏകദേശം 40 ജീവനക്കാർ ഈ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവരിൽ പലരും നിക്ഷേപങ്ങൾക്ക് വേണ്ടി ആളുകളെ നിരന്തരം ഫോൺ ചെയ്തിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഫോൺ അടക്കം കട്ട് ചെയ്ത് ഓഫിസ് അനാഥമായി കിടക്കുകയാണ്. പലരും ഓഫിസുമായി ബന്ധപ്പെടാൻ സാധിക്കാതെ നേരിട്ട് ചെന്നപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതായി അറിയുന്നത്.
വരൂ, പറ്റിക്കപ്പെടാം
നിക്ഷേപകരെ സിഗ്മ-വൺ ക്യാപിറ്റൽ എന്ന നിയമവിരുദ്ധ ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് ക്ഷണിച്ച് സുരക്ഷിത ലാഭം ഉറപ്പ് എന്ന വാഗ്ദാനത്തിൽ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. 50,000 യുഎസ് ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ നഷ്ടപ്പെട്ട ഇന്ത്യക്കാരുമുണ്ട്. ഒരേ കമ്പനിയാണെന്ന് വിശ്വസിപ്പിക്കാൻ വേണ്ടി കമ്പനിയുടെ ജീവനക്കാർ ഗൾഫ് ഫസ്റ്റ്, സിഗ്മ-വൺ എന്നീ പേരുകൾ ഇടയ്ക്ക് മാറ്റി ഉപയോഗിക്കുമായിരുന്നു.
advertisement
ചെറുലാഭം വൻ നഷ്ടം
വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഇവർ ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ ലാഭം നല്കി കൊണ്ടായിരുന്നു നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തിരുന്നതെന്ന് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാൽ പിന്നീട് പണം പിൻവലിക്കാൻ തുനിഞ്ഞാൽ പല തടസ്സങ്ങൾ ഉന്നയിച്ച് പിന്തിരിപ്പിക്കും.
തട്ടിപ്പിനായി മാതൃഭാഷ
വളരെ ആസൂത്രണം ചെയ്തായിരുന്നു തട്ടിപ്പ്. കോൾ സെന്ററുകൾ വഴി ആദ്യ ബന്ധം സ്ഥാപിച്ച് നിക്ഷേപം ഉറപ്പാക്കിയ ശേഷം 'റിലേഷൻഷിപ്പ് മാനേജർമാർ' വഴി കൂടുതൽ നിക്ഷേപങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് പണം നഷ്ടമായവർ പറയുന്നു. ഏത് ഇന്ത്യൻ ഭാഷ സംസാരിക്കുന്നവരോടും അതേ ഭാഷ അറിയാവുന്നയാളാണ് പിന്നീട് ഇടപെടുക. ഒരു രാത്രി ജോലിക്കാര്‍ തിടുക്കത്തിലെത്തി ഓഫീസ് സാധനങ്ങള്‍ ഉള്‍പ്പെടെ എടുത്തു കൊണ്ട് പോകുകയായിരുന്നു.ഗൾഫ് ഫസ്റ്റ് കമേഴ്സ്യൽ ബ്രോക്കേഴ്സിനും സിഗ്മ-വൺ ക്യാപിറ്റലിനും എതിരേ ദുബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.