വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ മൂലമുണ്ടാകുന്ന ഗതാഗത കാലതാമസം ഒഴിവാക്കാൻ ദുബായ് മെട്രോ ഉപയോഗിക്കാന്‍ അധികൃതര്‍ നിർദ്ദേശിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്, ചില വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതായി സ്ഥിരീകരിച്ചു, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എയർലൈൻ കാലാവസ്ഥാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്‍റെ പലഭാഗത്തും അനുഭവപ്പെടുന്ന മോശം കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. കനത്തമഴക്കും ഇടിമിന്നലിനൊപ്പം ആലിപ്പഴ വീഴ്ചയും ശക്തമാണ്. ഗോള്‍ഫ് ബോളിന്‍റെ വലുപ്പത്തില്‍ ആലിപ്പഴം വീഴുന്നത് വാഹനയാത്രക്കാരെ അടക്കം പ്രതിസന്ധിയിലാക്കി.
വെള്ളപ്പൊക്കത്തിനും അപകടകരമായ സാഹചര്യങ്ങൾക്കും സാധ്യതയുള്ളതിനാൽ താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ കടലും പ്രക്ഷുബ്ധമാണ്. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ഉള്ള എമർജൻസി റെസ്‌പോൺസ് ടീമുകൾ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.