ഏറെ ജനപ്രീതി നേടിയ ഗോള്‍ഡന്‍ വിസയ്ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കും ശേഷമാണ് യുഎഇ ഗവണ്‍മെന്റ് അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ പുതിയ വിസ പരിഷ്‌കാരങ്ങളും അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസയും സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇ ഗ്രീന്‍ വിസ
താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലുള്ളവർക്ക് യുഎഇ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ അനുവദിക്കുന്നുണ്ട്.
വിദഗ്ധ പ്രൊഫഷണലുകള്‍: വിവിധ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചു വര്‍ഷത്തെ വിസ ലഭിക്കും. എന്നാല്‍ അപേക്ഷകര്‍ക്കു സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഇതിന് പുറമെ, ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ കാറ്റഗറിയില്‍ ഉൾപ്പെടുന്നവരുമായിരിക്കണം. അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ തത്തുല്യമോ ആയിരിക്കണം. കൂടാതെ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്.
advertisement
ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും: മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് നേടുന്ന ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വിസ ലഭിക്കുന്നതാണ്. അതേസമയം, അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയോ ആണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയരുത്. അല്ലെങ്കില്‍ അപേക്ഷകര്‍ക്ക് യുഎഇയിൽ താമസിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രതയുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അധികൃതര്‍ക്ക് സമര്‍പ്പിക്കണം.
നിക്ഷേപകര്‍/പങ്കാളികള്‍: നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ വ്യവസായങ്ങളിൽ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് ഈ കാറ്റഗറിയില്‍ വിസ നല്‍കുന്നത്. ഈ വിഭാഗത്തില്‍ നേരത്തെ രണ്ടു വര്‍ഷത്തെ പെര്‍മിറ്റ് അനുവദിച്ചിരുന്നത് ഇപ്പോള്‍ അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. അപേക്ഷകര്‍ നിക്ഷേപം സംബന്ധിച്ച തെളിവും അംഗീകാരവും സമര്‍പ്പിക്കണ്ടേതുണ്ട്. അതേസമയം, നിക്ഷേപകന് ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍, മൊത്തം നിക്ഷേപിച്ച മൂലധനം കണക്കാക്കും. ഇതിന് പുറമെ, ബന്ധപ്പെട്ട പ്രാദേശിക അധികാരികൃതരുടെ അനുമതിയും നിര്‍ബന്ധമാണ്.
യുഎഇ ഗ്രീന്‍ വിസയുടെ ഗുണങ്ങള്‍
25 വയസ്സുവരെ പ്രായമുള്ള ആണ്‍മക്കളെ മാതാപിതാക്കൾക്ക് സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ നേരത്തെ ഇത് 18 വയസ്സായിരുന്നു.
ഗ്രീന്‍ വിസയുള്ളവരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് പ്രായപരിധിയില്ല.
മികച്ച കഴിവുകളുള്ള കുട്ടികള്‍ക്ക് അവരുടെ പ്രായം കണക്കിലെടുക്കാതെ വിസ ലഭിക്കും
വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തതിന് ശേഷവും 6 മാസം വരെ യുഎഇയില്‍ തുടരാന്‍ ഗ്രീന്‍ വിസ അനുവദിക്കുന്നു.