പ്രത്യേക ഹെൽപ്‌ലൈൻ എംബസി ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യപ്പെടുന്നവർ +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.
വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. മരിച്ചവരുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല എങ്കിലും മരിച്ചവരിൽ മലയാളികളുമുണ്ടെന്ന സൂചനയുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ, അംബാസഡറും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ഇന്ത്യക്കാരായ രോഗികളുടെ ചികിത്സയ്ക്കായി എംബസി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
advertisement
അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.
21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം. 51 പേർക്ക് അടിയന്തിര ഡയാലിസിസ് നടത്തിയതായും 31 പേർക്ക് വെന്റിലേറ്റർ സഹായം നൽകിയതായും വിവരമുണ്ട്.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങിയവരാണ് വ്യത്യസ്ത സ്ഥലങ്ങളിൽ മദ്യപിച്ചവേളയിൽ അപകടത്തിൽപ്പെട്ടത്. 1964-ലാണ് കുവൈറ്റ് സർക്കാർ മദ്യം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. 1980-കളിൽ മദ്യത്തിന്റെ ഉപഭോഗം കുറ്റകരവുമാക്കി.