കഴിഞ്ഞ 12 വർഷമായി പായൽ ഡിഡിഎഫ് ടിക്കറ്റുകൾ വാങ്ങാറുണ്ടെന്ന് ഖലീജ് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ തവണയും കുടുംബവുമൊത്ത് ദുബായ് സന്ദർശിക്കുമ്പോൾ മക്കളുടെയും ഭർത്താവിന്റെയും പേരിൽ അവർ ടിക്കറ്റ് വാങ്ങുമായിരുന്നു. എന്നാൽ ഇത്തവണ ഭാഗ്യം പായലിനെ കടാക്ഷിച്ചു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവതി വ്യക്തമാക്കി. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക, ഓസ്ട്രേലിയയിലുള്ള സഹോദരനെ സഹായിക്കുക, സമുദായത്തിന് സംഭാവന നൽകുക തുടങ്ങിയ കാര്യങ്ങൾ മനസിലുണ്ടെന്നും പായൽ പറഞ്ഞു.
ഡിഡിഎഫ് സംഘാടകരിൽ നിന്ന് തനിക്ക് ആദ്യം കോൾ ലഭിച്ചപ്പോൾ യുവതിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സന്തോഷവാർത്ത പായൽ ആദ്യം പങ്കുവച്ചത് ഒപ്പം വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവിനോടാണ്. പിന്നീട്, ജാക്ക്പോട്ട് വിജയത്തെക്കുറിച്ച് അവർ ഭർത്താവ് ഹർനെക് സിംഗിനെ ഫോണിൽ വിളിച്ചു അറിയിച്ചു."അദ്ദേഹത്തോട് സംസാരിക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നുവെന്നും'' പായൽ പറഞ്ഞു.
advertisement
"ഈ ടിക്കറ്റ് വാങ്ങാൻ ഞാൻ ഉപയോഗിച്ച പണം എൻ്റെ ഭർത്താവ് നൽകിയ തുകയാണ്. ഏപ്രിൽ 20ന് ഞങ്ങളുടെ 16-ാം വിവാഹ വാർഷികത്തിൽ അദ്ദേഹം എനിക്ക് 1,000 ദിർഹം (ഏകദേശം 22,000 രൂപ) സമ്മാനമായി നൽകി. ആ പണം ഉപയോഗിച്ചാണ് ഓൺലൈനായി ഡിഡിഎഫ് ടിക്കറ്റ് വാങ്ങിയത്. 3 എന്ന ആക്കം കൂടുതൽ ഉള്ള ടിക്കറ്റാണ് ഞാൻ തിരഞ്ഞെടുത്തത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിമാനത്താവളത്തിൽ നിന്ന് ഡിഡിഎഫ് ടിക്കറ്റ് വാങ്ങുമായിരുന്നു, എന്നാൽ കഴിഞ്ഞ തവണയാണ് ആദ്യമായി ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയത്. വിവാഹവാർഷിക സമ്മാനമായി ഭർത്താവ് നൽകുന്ന പണം വർഷങ്ങളായി ഉള്ള പതിവാണ്, എൻ്റെ ഭർത്താവ് നൽകിയ സമ്മാനത്തുക അങ്ങനെ ഞങ്ങളെ കോടീശ്വരരാക്കി'' പായൽ പറഞ്ഞു.
പണം എങ്ങനെയാണ് ചെലവഴിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് "അത് തീരുമാനിക്കാൻ സമയമായിട്ടില്ല, പക്ഷേ, തീർച്ചയായും, എന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക, അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്ന് യുവതി വ്യക്തമാക്കി. ഈ വിജയത്തോടെ ജാക്ക്പോട്ട് നേടുന്ന 229-ാമത്തെ ഇന്ത്യക്കാരിയായി പായൽ മാറി.