അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇരട്ട പൗരത്വമുള്ളവരെയും അനധികൃതമായി പൗരത്വം നേടിയവരേയും കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടെന്ന് കുവൈറ്റിലെ അല്‍-ഖാബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലേയും മറ്റ് രാജ്യങ്ങളിലേയും എംബസികള്‍ വഴി ലഭിക്കുന്ന വിവരങ്ങളും നടപടികളെടുക്കാന്‍ സഹായകരമാകുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
കുവൈറ്റ് ദേശീയത സംബന്ധിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 5,838 പേരുടെ പൗരത്വം റദ്ദാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി കേസുകള്‍ മന്ത്രിസഭയുടെ പരിഗണനയിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട പൗരത്വം സ്ഥിരീകരിച്ചവരുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലെ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല.
advertisement
അനധികൃതമായി പൗരത്വം നേടിയ നിരവധി പേരുടെ പൗരത്വമാണ് കുവൈറ്റ് ഇതിനോടകം റദ്ദാക്കിയത്. 2024 ആഗസ്റ്റിനും 2025 ജനുവരി 16നുമിടയില്‍ 35,548 പേരുടെ പൗരത്വം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരത്വം സംബന്ധിച്ച നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രചാരണം നടത്തിവരികയാണ് കുവൈറ്റ്. കൂടാതെ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ പൗരത്വം നഷ്ടപ്പെടുന്ന ഏതൊരു സ്ത്രീയ്ക്കും അവരുടെ നിലവിലുള്ള ജോലി തുടരാനും ശമ്പളം ലഭ്യമാക്കാനും കുവൈറ്റ് അനുമതി നല്‍കി. കൂടാതെ വിരമിച്ച വ്യക്തികള്‍ക്ക് പെന്‍ഷനുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഈ നടപടികള്‍ ആരംഭിച്ചത്.