ദിവസേന 20 ദിർഹം (450 രൂപയോളം) മാത്രമാണ് പമീലയുടെ ഭർത്താവ് നാട്ടിലെ ചെറിയ ജോലികൾ ചെയ്ത് സമ്പാദിച്ചിരുന്നത്. കുടുംബം നോക്കാൻ അതു മാത്രം പോരെന്നു മനസിലാക്കിയ പമീല യുഎഇയിൽ ജോലി തേടി എത്തുകയായിരുന്നു. എന്നാലിന്ന് പമീലയുടെ ഈ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഭർത്താവ് ജീവിച്ചിരിപ്പില്ല. 2017 ലാണ് അദ്ദേഹം മരിച്ചത്.
അബുദാബിയിലെ കനേഡിയൻ മെഡിക്കൽ സെന്ററിൽ ക്ലീനറായാണ് പമീല ജോലിക്ക് പ്രവേശിച്ചത്. ഈ 13 വർഷത്തിനിടെ ജോലിയോടുള്ള പമീലയുടെ അർപ്പണബോവും കഠിനാധ്വാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇക്കാരണം കൊണ്ടു തന്നെയാണ് യുഎഇയിലെ മികച്ച തൊഴിലാളികളിലൊരാളായി പമീല തിരഞ്ഞെടുക്കപ്പെട്ടതും.
advertisement
Also read-ഗൂഗിൾ മാപ്പ് ചതിച്ചു; ഫോർമുല വൺ മൽസരശേഷം മടങ്ങിയ സംഘം എത്തിയത് മരുഭൂമിയിൽ
“അത് ഒരു വലിയ സന്തോഷത്തിന്റെ നിമിഷമായിരുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും അംഗീകാരം ലഭിച്ച ദിവസം കൂടി ആയിരുന്നു അത്. അതൊരു ആഘോഷ ദിനമായിരുന്നു”, പമീല ഖലീജ് ടൈംസിനോട് പറഞ്ഞു. ഇപ്പോൾ തനിക്കു ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ഇത് മതിയാകുമെന്ന് പറയുന്നു പമീല. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് പമീലയുടെ മൂത്ത മകൾ ഗായത്രി. 26 കാരനായ മകൻ വിഷ്ണു അക്കൗണ്ടന്റാണ്. രണ്ടുപേരും വിവാഹിതരാണ്. ഇരുവർക്കും ഓരോ കുട്ടികളും ഉണ്ട്.
“ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, എല്ലാം വളരെ വേഗത്തിൽ നടന്നതായി തോന്നുന്നു. എന്നാൽ ഈ യാത്രയിൽ നിരവധി വെല്ലുവിളികളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളം മാത്രം സംസാരിക്കാൻ അറിയാവുന്ന ഞാൻ ഒരു വിദേശ രാജ്യത്ത് ജോലിക്കായി എത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി”, പമീല പറഞ്ഞു.
“ഭർത്താവ് മരിച്ച സമയത്ത് ഞാൻ ശരിക്കും തകർന്നുപോയി, പക്ഷേ എനിക്ക് മുന്നോട്ട് പോകാതെ മറ്റ് വഴികൾ ഇല്ലായിരുന്നു. എന്റെ കുടുംബത്തിന് താങ്ങാകാൻ, പിന്നീട് ഞാനൊറ്റക്ക് അധ്വാനിക്കേണ്ടി വന്നു. യുഎഇയിൽ ഒരു വലിയ മലയാളി സമൂഹമുണ്ട്. സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെയായി ഇത് എന്റെ രണ്ടാമത്തെ കുടുംബം തന്നെയാണ് എന്നു പറയാം”, പമീല കൂട്ടിച്ചേർത്തു. താനൊരു ചെറിയ ക്ലീനർ ആണെങ്കിലും, രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ ഭാഗമായാണ് തന്നെ കണക്കാക്കുന്നതെന്നും പമീല അഭിമാനത്തോടെ പറയുന്നു.